HomeMake It Modernഓരോ ജലകണത്തിനും നമ്മോടു പറയാനുള്ളത് ഇതാണ്.......

ഓരോ ജലകണത്തിനും നമ്മോടു പറയാനുള്ളത് ഇതാണ്…….

രാവിലെ എഴുന്നേറ്റപ്പോൾ തന്നെ നല്ല ദാഹം കട്ടിലിനരുകിൽ രാത്രി എടുത്തു വെച്ചിരുന്ന കുപ്പിവെള്ളം കാലിയാക്കി വെച്ചിരിക്കുന്നു. എന്റെ സഹമുറിയൻ. അവനു ഇത് സ്ഥിരം പണിയാ .. പറഞ്ഞിട്ട് കാര്യമില്ല.  പക്ഷേ ..!!!!! എന്നെ അത്ഭുതപ്പെടുത്തിയത് വെള്ളം നിറച്ചു വെച്ച പ്ലാസ്റ്റിക് ബോട്ടിൽ എങ്ങിനെ ചുക്കി ചുളിഞ്ഞു പോയി
എന്നതാണ് .

ങാ .. അത് എന്തെങ്കിലും ആവട്ടെ .. ഒരു ദിവസം ഞാൻ ഇതിൽ “അത്” കലക്കി വെയ്ക്കും അല്ല പിന്നെ… അതോടെ അവന്റെ വെള്ളം കുടി തീരും . ഞാൻ
ഉറക്കച്ചടവോടെ ഫ്രിഡ്ജ് തുറന്നു നോക്കി. അതിൽ പിന്നെ എത്ര വെച്ചിട്ടും കാര്യമില്ല .
രാത്രിയിലെ “കലാപരിപാടിക്ക്” തികയാറില്ല!!! അപ്പോഴാ ഞാൻ അതിൽ തപ്പുന്നത് .പക്ഷെ എന്നെ വീണ്ടും അത്ഭുതപ്പെടുത്തിയത് എല്ലാ വെള്ളക്കുപ്പികളും ആരോ പിടിച്ചു ചതക്കിയത് പോലെ ചുളുങ്ങിപ്പോയിരുന്നു . പക്ഷെ ദാഹത്തിന്റെ തീവ്രതയിൽ ഞാൻ അതിനു വലിയ പ്രാധാന്യം കൊടുത്തില്ല . ഞാൻ ചെന്നു ഫിൽറ്റർ പൈപ്പ് തുറന്നു. അതിലും വെള്ളമില്ല എന്ന് മാത്രമല്ല, അതും തൊണ്ട വരണ്ടു നാവുനീട്ടും പോലെ ഒരു തരം ചുവന്ന പുക പുറത്തേക്ക് നീട്ടിക്കൊണ്ടേയിരുന്നു . ആ കാഴ്ച എന്നെ സത്യത്തിൽ ഒന്ന് ഞെട്ടിച്ചു കാരണം ആദ്യമായിട്ടാ ഞാൻ അത്തരം ഒന്ന് കാണുന്നത് . ”അല്ലേലും അങ്ങിനെയാ ഗതികെട്ടവൻ മൊട്ട വടിച്ചാൽ അപ്പൊ പെയ്യും കല്ലുമഴ” ഞാൻ ആത്മഗതം ചെയ്തു.

ദാഹം മാറ്റുന്നത് അൽപ സമയം കഴിഞ്ഞും ആവാം . പക്ഷെ ഇന്നലെ വലിച്ചു വാരി കുടിച്ചതും കഴിച്ചതും ഇറക്കണ്ടേ …അതിനും വേണമല്ലോ “തണ്ണി”. ഇനി മിനറൽ വാട്ടർ തന്നെ ശരണം. ഞാൻ ഷർട്ട് ധരിച്ചു ഇറങ്ങാൻ തുനിഞ്ഞതും ബഷീർക്കാ ആരോ എടുത്തു എറിഞ്ഞപോലെ അകത്തേക്ക് വന്നു.

‘നീ എങ്ങോട്ടാ .. വെള്ളത്തിനാണേല് ബക്കാലയിലേക്ക് (പീടിക) പോവണ്ട . അവിടെ ഉള്ളത് മുഴുവൻ ആരോ കട്ടോണ്ടുപോയി ..” അതും പറഞ്ഞു പുള്ളി ഓടി കക്കൂസിൽ കയറി.

”ബഷീർക്കാ ബാത്ത്റൂമിലും വെള്ളമില്ല കേട്ടോ .. പണി പാളും ..”

” എനിക്കറിയാം പക്ഷെ …….ഇതിനറിയില്ലലോ … ”

” ആരാ ബഷീർക്കാ രാവിലെ തന്നെ വെള്ളം കട്ടോണ്ട് പോയത്

” ഞാൻ ബാത്ത്റൂമിന്റെ വാതിലിനടുത്ത് പോയി ചോദിച്ചു .

“ആാ … അത് അറിയില്ല . പക്ഷെ ബോട്ടിലോക്കെ ചതക്കികളഞ്ഞു ” പെട്ടന്ന് എന്റെ ഉള്ളിൽ ഒരു മിന്നൽ പിണർകത്തി . ഞാൻ വേഗം ചെന്ന് റൂമിലെ ബോട്ടിൽ പരിശോധിച്ചു . അത് ശരിക്കും ചുക്കിച്ചുളിഞ്ഞിരുന്നു . മനസിലേക്ക് വല്ലാത്തൊരു ഭീതി
അരിച്ചു കയറുന്നത് ഞാൻ അറിഞ്ഞു . ഞാൻ ബാൽക്കണിയിൽ വന്നു പുറത്തേക്ക് നോക്കി. ഒരു ഇല പോലും ഇളകുന്നില്ല. ഒരു ജീവി പോലും പുറത്തില്ല . പ്രകൃതിക്ക് മൊത്തത്തിൽ എന്തോ അപാകത ഉള്ളതായി തോന്നി. ഓടിച്ചെന്നു ടി വി ഓണ് ചെയ്തു. ശരിക്കും ഞെട്ടി.. !!!! കിണറും, പുഴയും, സർവ്വ  ജലാശയങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. പകരം അവ ഒഴുകിയ വഴികൾ കൂട്ട മരണത്തിലേക്കുള്ള പാത പോലെ നീണ്ടു കിടക്കുന്നു . ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ കടലും മരുഭൂമിയാവും. വെറും ചളിമണൽ മൂടിയ മരുഭൂമി. അതോടെ ഭൂമിയിലെ അവസാന ജലകണം പോലും അപ്രത്യക്ഷമാവും .

നമ്മൾ വെട്ടിക്കീറിയ ഓസോൺ പാളിയുടെ വിടവിലൂടെ നാവു നീട്ടിയ
പേരറിയാത്ത ഏതോ വാതകം നക്കിത്തുടക്കുകയാണ് നമ്മുടെ ദാഹജലം
മുഴുവനും. മനുഷ്യനും മൃഗങ്ങളും തൊണ്ട വരണ്ടു നാവ് നീട്ടാൻ
തുടങ്ങിയിരിക്കുന്നു . ഇനി കണ്ണുകൾ തുറിച്ചുവരും. സ്വന്തം തുടകൾ പറിച്ചു
കീറി ഒരു തുള്ളി രക്തം കൊണ്ട് ചുണ്ട് നനയക്കാൻ ശ്രമിക്കും . രക്തത്തെക്കാൾ വില ഒരു തുള്ളി വെള്ളത്തിനാവുന്ന കാഴ്ച്ച…!!!

എന്റെ തൊണ്ടയിലും വായിലും ഒരു തരം കൊഴുപ്പ് കട്ടി കൂടി കൂടി വന്നു . നാവു തൊണ്ടയിലേക്ക് വലിഞ്ഞു താഴുന്നു . ഒരു തുള്ളി വെള്ളത്തിനായി ഞാൻ അവിടം മുഴുവൻ ഭ്രാന്തമായി പരതി . ഞാൻ ബാത്ത്റൂമിന്റെ വാതിലിൽ സർവശക്തിയിലും മുട്ടി ബഷീർക്കായെ വിളിച്ചു. അപ്പോൾ ഉള്ളിൽ നിന്നും മരണത്തിന്റെ മുരൾച്ച ഞാൻ കേട്ടു .

ആവശ്യത്തിനും അനാവശ്യത്തിനും ഒഴുക്കിക്കളഞ്ഞ വെള്ളത്തുള്ളികൾ ജീവന്റെ കുഞ്ഞു മാലാഖമാരായി എന്നെ നോക്കി ചിരിച്ചു കൊണ്ട് എനിക്ക് ചുറ്റും പാറി നടക്കുന്നുണ്ടായിരുന്നു . ഞാൻ അവയെ സമീപിക്കും തോറും അവ വെള്ളചിറകുകൾ വീശി ദൂരെക്കു പോയി മറഞ്ഞുകളഞ്ഞു . ഞാൻ നാവു നീട്ടി തറയിൽ നക്കാൻ തുടങ്ങി ഒരു തുള്ളി വെള്ളത്തിനായി അവിടെ വെള്ളമില്ല എന്നറിഞ്ഞു കൊണ്ട് തന്നെ . എന്റെ തൊണ്ടയും കവിളും വിണ്ടു കീറാൻ തുടങ്ങിയിരുന്നു. ആ വിള്ളലിലൂടേ എന്റെ ജീവശ്വാസവും രക്തവും പുറത്തേക്ക് കടന്നു രക്ഷപ്പെടാൻ
വ്യഗ്രത കൂട്ടുന്നു .

ഞാൻ സർവ്വ ശക്തിയും എടുത്തു അലറിക്കരഞ്ഞു. അവസാനത്തെ കരച്ചിൽ. ആ അലർച്ചക്കൊപ്പം ഒരു പിടച്ചിലോടെ ഞാൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു . ഞാൻ ആകെ വിയർപ്പിൽ കുളിച്ചിരുന്നു . അടങ്ങാത്ത കിതപ്പോടെ വേച്ചു… വേച്ചു
അടുക്കളയിലെ പൈപ്പിനരുകിൽ എങ്ങിനെയോ എത്തി ചേർന്നു . ആർത്തിയോടെ .. വാൽവ് തുറന്നു . അന്ന് വരെ എന്നിക്ക് കാണ്ണാൻകഴിയാതിരുന്ന ഒരു മനോഹര മുഖം ഉണ്ടായിരുന്നു ഓരോ ജലകണത്തിനും…ജീവന്റെ കുഞ്ഞു മാലാഖമാരെ പോലെ ആ ജീവന്റെ കുഞ്ഞു മാലാഖമാർ എന്റെ കയ്യിൽ സ്നേഹത്തോടെ മുത്തം വച്ചു .പിന്നെ കവിളിൽ , വായിൽ , അങ്ങിനെ… അങ്ങിനെ എന്റെ ശരീരം മുഴുവൻ അവർ സന്തോഷത്തോടെ പാറി പറന്നു നടന്നു .

ഞാൻ പൈപ്പ് പൂട്ടി തിരിച്ചു നടന്നു . കുറച്ചു ദൂരം നടന്നു ഞാൻ സംശയം തീരാത്തവനെ പോലെ വീണ്ടും തിരിച്ചു വന്നു അത് നല്ലവണം അടഞ്ഞിട്ടുണ്ടോ എന്ന് പരിശോധിച്ചു ഒരു തുള്ളി പോലും പാഴായിപ്പോകുന്നില്ലെന്ന് ഉറപ്പ് വരുത്തി. കാരണം രക്തത്തെക്കാൾ വില വെള്ളത്തിനാണെന്നു ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു .
ജീവിതത്തിൽ ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒരു പാഠം പോലെ ഞാൻ അത് പഠിച്ചു കഴിഞ്ഞിരുന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments