HomeHealth Newsഈ 16 ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങളുടെ ശരീരം കാണിക്കുന്നുണ്ടോ ? എങ്കിൽ നിസാരമായി കരുതരുത്

ഈ 16 ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങളുടെ ശരീരം കാണിക്കുന്നുണ്ടോ ? എങ്കിൽ നിസാരമായി കരുതരുത്

കോശത്തിന്റെ സ്വഭാവത്തെ മാറ്റുന്ന എന്തെങ്കിലും ഉത്പരിവര്‍ത്തനം (mutation) സംഭവിക്കുന്നതിനാല്‍ ക്രമപ്രസരണം (proliferation) ഉണ്ടാകുന്ന അവസ്ഥ അഥവാ കോശവിഭജനത്തിലുണ്ടാകുന്ന നിയന്ത്രണമില്ലായ്മയാണ് അര്‍ബുദമായിത്തീരുന്നത്. ട്യൂമറുകള്‍ രണ്ടുവിധമുണ്ട്. ലഘു (benign) ട്യൂമറുകളും മാരക (malignant) ട്യൂമറുകളും. മാരക ട്യൂമറുകളാണ് അര്‍ബുദം. ലഘു ട്യൂമറുകള്‍ക്കും മാരക ട്യൂമറുകള്‍ക്കും മധ്യേസ്വഭാവമുള്ള ട്യൂമറുകളുമുണ്ട്. ട്യൂമറുകളായി വളരാത്ത രക്താര്‍ബുദം, ചര്‍മാര്‍ബുദം എന്നിവ പോലുള്ള അര്‍ബുദങ്ങളും ഉണ്ട്.

ചില ലക്ഷണങ്ങൾ കണ്ടാൽ കാൻസറുണ്ടെന്നു സംശയം തോന്നാം. അവയിൽ ചിലതു താഴെപ്പറയുന്നവയാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടാലുടനെ ഡോക്ടറെ കാണിച്ച് പരിശോധന നടത്തുകയും, വേണ്ട ചികിത്സ തുടങ്ങുകയും ചെയ്യണം.

1. ശരീരത്തിന് പെട്ടെന്നുള്ള തൂക്കക്കുറവ്: ശരീരഭാരം പെട്ടെന്ന് കുറയുന്നത് ശ്വാസകോശാർബുദം, സ്തനാർബുദം, വൻകുടലിലെ അർബുദം എന്നിവയുടെ ലക്ഷണമാകാം. കാൻസർ കണ്ടുപിടിക്കപ്പെട്ടവരിൽ 40% പേരിലും കാൻസർ രോഗം വർധിച്ച ഘട്ടത്തിലുള്ളവരിൽ 80% പേരിലും ശരീരത്തിന് പെട്ടെന്നുള്ള തൂക്കക്കുറവ് കാണാറുണ്ട്.

2. ഇടയ്ക്കിടെ പനിയും അണുബാധയും: പനി ഒരു ലക്ഷണം മാത്രമാണെങ്കിലും കുറേക്കാലം നീണ്ടു നിൽക്കുന്നതും ഇടയ്ക്കിടെ ഉണ്ടാകുന്നതുമായ പനിയും ശരീര വേദനയും ക്ഷീണവും (ഫ്ലൂ പോലെയുള്ള ലക്ഷണങ്ങൾ) ലുക്കീമിയ, ലിംഫോമ എന്നീ അർബുദങ്ങൾ കൊണ്ടാകാം.

3. കഠിനമായ ക്ഷീണം: ഉറങ്ങിയാലും വിശ്രമിച്ചാലും മാറാത്തത്ര കടുത്ത ക്ഷീണം കാൻസറിന്റെ കാരണത്താലാവാം.

4. ശ്വാസം മുട്ടൽ: ശ്വാസം മുട്ടലിനു പല കാരണങ്ങളുണ്ട്(ഉദാഹരണം ആസ്ത്മ മറ്റു ശ്വാസകോശ രോഗങ്ങൾ). പക്ഷേ ശ്വാസ കോശങ്ങളിൽ റ്റുമർ മുഴകൾ ഉണ്ടാകുമ്പോൾ അവ ശ്വാസകോശ നാളങ്ങളെ അമർത്തുന്നതിനാൽ ശ്വാസം മുട്ടൽ ഉണ്ടാകാം.

5. നെഞ്ചുവേദനയും ശക്തമായ ചുമയും: ശ്വാസകോശാർബുദം, ലിക്കീമിയ എന്നിവയിൽ ബ്രോങ്കൈറ്റിസ്‌ രോഗത്തിലുള്ളതുപോലുള്ള ചുമ ഉണ്ടാവാറുണ്ട്. അതോടൊപ്പം നെഞ്ചുവേദനയും കാണാം. വിട്ടുമാറാത്ത ചുമയും ശബ്ദത്തിനു വ്യത്യാസവുമുണ്ടെങ്കിൽ പ്രത്യേകിച്ച് നിങ്ങള്ക്ക് പുകവലി ശീലമുണ്ടെങ്കിൽ ഡോക്ടറെ കാണിക്കണം. ഈ ലക്ഷണങ്ങൾ ശ്വാസകോശത്തിലോ അന്നനാളത്തിലോ തൈറോയിഡ് ഗ്രന്ധിയിലോ ശബ്ദപേടകത്തിലോ ഉള്ള അർബുദങ്ങൾ കൊണ്ടാകാം.

6. വയറു വീർത്തപോലുള്ള തോന്നൽ: അണ്ഡശയാർബുദമുണ്ടെങ്കിൽ അടിവയറ്റിൽ വേദനയും വയറു വീർത്തതുപോലുള്ള തോന്നലുമുണ്ടാകാം.

7. തുടർച്ചയായ നെഞ്ചെരിച്ചിൽ: സാധാരണയായി നെഞ്ചെരിച്ചിൽ, അസിഡിറ്റി (ആമാശയത്തിൽ അമ്ലം) കൂടുന്നത് കൊണ്ടാകാം. പക്ഷേ ചിലപ്പോൾ അത് അന്നനാളത്തിലെ അർബുദത്തിന്റെ ലക്ഷണമാകാം.

8. മലശോധനയിൽ പ്രശ്നങ്ങൾ: പ്രായമായവരിൽ മലശോധനയിലുണ്ടാകുന്ന മാറ്റങ്ങളും പ്രശ്നങ്ങളും (ഇടയ്ക്കിടെ മലബന്ധമോ വയറിളക്കമോ) കുറേക്കാലം നീണ്ടുനിൽക്കുകയാണെങ്കിൽ അത് കുടലിലെ അർബുദംകൊണ്ടാകാം.

9. വിഴുങ്ങാൻ പ്രയാസം: ഭക്ഷണവും പാനീയങ്ങളും ഇറക്കാനുള്ള പ്രയാസം, തൊണ്ടയിലോ നെഞ്ചിലോ ഭക്ഷണം തടഞ്ഞു നിൽക്കുന്നതുപോലുള്ള തോന്നൽ എന്നിവ തൊണ്ടയിലെയോ അന്നനാളത്തിലെയോ അർബുദംകൊണ്ടാകാം. ഭക്ഷണമിറക്കുമ്പോൾ നീറ്റലും വേദനയും ചിലപ്പോൾ അനുഭവപ്പെടാറുണ്ട്.

10. മഞ്ഞപ്പിത്തം: കണ്ണിലും ചർമ്മത്തിലും മൂത്രത്തിലും മഞ്ഞ നിറം കാണുകയാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണം. ഇത് പൊതുവേ കരളിന്റെയോ പിത്തസഞ്ചിയുടെയോ രോഗംകൊണ്ടാകാം. പക്ഷേ പാൻക്രിയാസിലുണ്ടാകുന്ന അർബുദവും മഞ്ഞപ്പിത്തത്തിന് കാരണമാകാം.

11. അസാധാരണമായ മുഴകളും തടിപ്പുകളും: സ്തനം, കഴല, വൃഷണം, വയർ, കഴുത്ത്, കക്ഷം എന്നീ ശരീര ഭാഗങ്ങളിലോ മറ്റു ശരീര ഭാഗങ്ങളിലോ തടിപ്പുകൾ മുഴകൾ എന്നിവ കണ്ടാൽ പ്രത്യേകിച്ചും അവ മൂന്നാഴ്ചയിൽ കൂടുതൽ നീണ്ടു നിന്നാൽ ഡോക്ടറെ കാണിക്കണം. കക്ഷങ്ങളിൽ മുഴകൾ, ചുവന്നു തടിച്ച സ്തനം, സ്തനത്തിൽ വ്രണം എന്നിവ അർബുദത്തിന്റെ ലക്ഷണമാകാം.

12. ചർമ്മത്തിൽ പാടുകളും കാക്കപ്പുള്ളികളും: ചർമ്മത്തിൽ പുതിയതായി പാടുകളോ കാക്കപ്പുള്ളികളോ തടിപ്പുകളോ പ്രത്യക്ഷപ്പെടുകയും അവ മാറാതിരിക്കുകയും ചെയ്യുക, നേരത്തെയുള്ള കാക്കപ്പുള്ളികളുടെ വലുപ്പം, ആകൃതി, നിറം, അരികുകൾ എന്നിവയിൽ മാറ്റങ്ങൾ കാണുക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണിക്കണം. അവ അർബുദംകൊണ്ടാകാം.

13. നഖങ്ങളിൽ മാറ്റങ്ങൾ: നഖങ്ങളിൽ മാറ്റങ്ങളുണ്ടാകാൻ കാരണം ചർമ്മത്തിലോ ശ്വാസ കോശത്തിലോ കരളിലോ ഉള്ള അർബുദമാകാം. നഖത്തിനടിയിൽ കറുത്തതോ തവിട്ടു നിറമുള്ളതോ ആയ പുള്ളിക്കുത്തുകൾ ചർമ്മാർബുദംകൊണ്ടാകാം. കൈകാൽ വിരലുകളുടെ അറ്റം ഉരുണ്ടിരിക്കുന്നത് ശ്വാസകോശാർബുദം കൊണ്ടാകാം. കരളിന്റെ രോഗങ്ങളും കരളിലെ അർബുദവും കൊണ്ട് നഖങ്ങൾ വിളർത്തതും വെളുത്തതുമായി കാണാറുണ്ട്.

14. അടിവയറ്റിൽ വേദന: അടിവയറ്റിൽ വേദനയും ഭാരം പോലുള്ള തോന്നലും അണ്ഡശയാർബുദത്തിന്റെ ലക്ഷണമാകാം. നേരത്തെ വൻകുടലിലോ മലാശയത്തിലോ സ്തനത്തിലോ അണ്ഡശയത്തിലോ അർബുദമുണ്ടായിരുന്നവരും അത്തരം അർബുദങ്ങളുടെ കുടുംബ ചരിത്രമുള്ളവരും ഒരുക്കലും ഗർഭം ധരിക്കാത്തവരുമായ സ്ത്രീകൾ ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം.

15. ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന വേദനകൾ: ദീഘകാലം നീണ്ടുനിൽക്കുന്ന വേദനകൾ എല്ലിന്റെയോ വൃഷണത്തിന്റെയോ അർബുദംകൊണ്ടാകാം.

16. അസാധാരണമായ രക്തസ്രാവം: മൂത്രത്തിൽ രക്തം കാണുന്നത് ചിലപ്പോൾ മൂത്രത്തിലെ അണുബാധകൊണ്ടാകാമെങ്കിലും അത് വൃക്കയുടെയോ മൂത്രാശയത്തിന്റെയോ അർബുദത്തിന്റെ ലക്ഷണവുമാകാം. അതുപോലെ മലത്തിൽ രക്തം കാണുന്നത് മൂലക്കുരുകൊണ്ടാകാമെന്നു കരുതി അവഗണിക്കരുത്. കുടലിലെയോ മലാശയത്തിലെയോ അർബുദംകൊണ്ടും മലത്തിൽ രക്തം കാണാറുണ്ട്. ആർത്തവ വിരാമത്തിനു ശേഷം യോനിയിൽ നിന്നും രക്തസ്രാവം ആർത്തവത്തിനിടയിൽ രക്തസ്രാവം എന്നിവ ഗർഭാശയാർബുദം കൊണ്ടാകാം.

ചുമച്ചു തുപ്പുന്നതിൽ രക്തം കാണുന്നത് ശ്വാസകോശാർബുദത്തിന്റെയും രക്തം ഛർദിക്കുന്നത് ആമാശയാർബുദത്തിന്റെയും ലക്ഷണമാകാം. ഇടയ്ക്കിടെയുള്ള മുറിവുകൾ, നിർത്താതെയുള്ള രക്തസ്രാവം എന്നിവ ലുക്കീമിയ രക്താർബുദം) കൊണ്ടാകാം. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാൻസറുണ്ടെന്ന സംശയം ജനിപ്പിക്കുന്നവയാണ്. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങൾ കണ്ടാലുടനെ ഡോക്ടറെ കാണിച്ച് പരിശോധന നടത്തുകയും ചികിത്സ തുടങ്ങുകയും ചെയ്യണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments