HomeMake It Modernതാടിയും മീശയും......

താടിയും മീശയും……

താടിയും മീശയും…… അവരിലൂടെ ആയിരുന്നു എനിക്ക് പറയാനുള്ളത് ഞാന്‍ ലോകത്തെ അറിയിച്ചിരുന്നത്….
അവളോട് എനിക്ക് പ്രണയം തോന്നിയപ്പോള്‍ കുറ്റി താടിയും കുറ്റി മീശയും വച്ച് അതിലൂടെ ഞാന്‍ കാമുകനാണെന്ന് ലോകത്തെ അറിയിച്ചു…..
ജീവിക്കാന്‍ സ്നേഹം മാത്രം പോര ബുദ്ധി കൂടി വേണമെന്ന് അവള്‍ പറഞ്ഞപ്പോള്‍ നല്ല ബുള്‍ഗാന്‍ താടി വച്ച് അതിലൂടെ ഞാന്‍ ഒരു ബുദ്ധിജീവി കൂടി ആണെന്ന് ലോകത്തെ അറിയിച്ചു…..
ജീവിക്കാന്‍ സ്നേഹവും ബുദ്ധിയും മാത്രം പോര നല്ല പക്വത കൂടി വേണമെന്ന് അവള്‍ പറഞ്ഞപ്പോള്‍ നല്ല കട്ടി മീശ വച്ച് അതിലൂടെ ഞാന്‍ പക്വതയുള്ളവനാണെന്നും അറിയിച്ചു ..
സ്നേഹവും ബുദ്ധിയും പക്വതയും സമന്വയിപ്പിച്ച് ഞാന്‍ അവളുടെ അടുത്ത് ചെന്നപ്പോള്‍ കയ്യില്‍ വച്ച് തന്നത് അവളുടെ കല്ല്യാണ കുറി…. ഞാന്‍ ഒന്നും പറഞ്ഞില്ല…. കല്ല്യാണ തീയതി മാത്രം നോക്കി…..
കല്ല്യാണത്തിന് പോയി… ഇരുന്ന് സദസ്സിന്‍റെ മുന്‍നിരയില്‍… അവളെന്നെ കണ്ടു…. പുഞ്ചിരിച്ചു…. വരന്‍ വന്നു…. വരന്‍റെ മുഖം കണ്ട് ഞാന്‍ ഞെട്ടി…. ഉരുളകിഴങ്ങ് തോലു പൊളിച്ചത് പോലെ ക്ലീന്‍ ഷേവ് ചെയ്ത ഒരുത്തന്‍….
അവളുടെ മുഖത്തേക്ക് ഞാന്‍ നോക്കി… അവളെന്നെയും നോക്കി … ആ കണ്ണുകളില്‍ നിന്ന് ഞാന്‍ വായിച്ചെടുത്തു ,ജീവിക്കാന്‍ സ്നേഹവും ബുദ്ധിയും പക്വതയും മാത്രം പോരാന്നും കാശും കൂടി വേണമെന്നും…. കാശുള്ളവനാണത്രേ ക്ലീന്‍ ഷേവ് ചെയ്യുക എന്നത് എനിക്ക് പുതിയൊരു അറിവായിരുന്നു….
നല്ല വിശപ്പുണ്ടായിട്ടും സാമ്പാര്‍ എനിക്കിഷ്ടമായിരുന്നിട്ടും ഞാന്‍ സദ്യക്ക് നിന്നില്ല… എണീറ്റ് പോരും വഴി അടുക്കളയില്‍ കാച്ചി കുട്ടയില്‍ നിറച്ച് വച്ച പപ്പടം കണ്ട് അത് അടിച്ച് തവിടുപൊടിയാക്കാന്‍ കൈ തരിച്ചു….
നേരെ പോയത് ബാര്‍ബര്‍ ഷോപ്പിലേക്ക്…. വടിച്ചു താടിയും മീശയും… ബാര്‍ബര്‍ക്ക് കാശ് കൊടുത്ത് കഴിഞ്ഞപ്പോള്‍ കീശയിലെ അവസ്ഥ കണ്ട് ഞാന്‍ ഉറപ്പിച്ചു അവള് പറഞ്ഞത് കളവാണെന്ന്…..
എന്‍റെ സങ്കടം തീര്‍ന്നില്ല…
ഈ അനീതി ലോകത്തെ അറിയിക്കാന്‍ ഞാന്‍ താടിയൂം മുടിയും നീട്ടി വളര്‍ത്താന്‍ തുടങ്ങി….
കാലങ്ങള്‍ കടന്ന് പോയി… എന്‍റെ സ്നേഹവും ബുദ്ധിയും പക്വതയും വളര്‍ന്ന് വളര്‍ന്ന് ഞാനറിയാതെ ഞാനെന്തൊക്കെയോ ആയി മാറി…
ബഹുമാനം കൊണ്ടായിരുന്നോ എന്നറിയില്ല, എന്നെ കാണുന്ന മാത്രയില്‍ എല്ലാവരും വഴി മാറി തന്നു..
ആ ഒറ്റക്കുള്ള യാത്രയില്‍ കുടുബകോടതിയുടെ മുന്നിലുള്ള ചായക്കടയില്‍ ആ മുഖം ഞാന്‍ കണ്ടു…. അതെ…. നമ്മുടെ പഴയ ഉരുളകിഴങ്ങ് തോലുപൊളിച്ച മുഖമുള്ള വരന്‍….
ബന്ധം വേര്‍പിരിയാനുള്ള കേസ്സിന് വന്നതാണ്…
അവളെവിടേന്ന് ചോദിച്ചപ്പോള്‍ കൈ ചൂണ്ടിയത് ആ കോടതിക്കുള്ളിലെ മരചുവട്ടിലേക്ക്…. കൂടെ ഒരു കുഞ്ഞും.. തൊട്ടടുത്ത് അവളുടെ അമ്മയും വക്കീലുമായി സംസാരിച്ചു നില്‍ക്കുന്നു…
ചായ വലിച്ചു കുടിച്ച് ആരോടെന്നില്ലാതെ അയാള്‍ പറഞ്ഞു ” എല്ലാം ഉണ്ടായിട്ടെന്താ കാര്യം, ഒരു കുടുംബം നന്നാവണമെങ്കില്‍ നല്ലൊരു ഭാര്യയെ കിട്ടണം, അതിനും വേണം ഒരു ഭാഗ്യം ”
ഭാഗ്യം… ഭാഗ്യം…. എന്‍റെ ഭാഗ്യം ..
ഞാനിതും പറഞ്ഞു കൊണ്ട് അടുത്ത് കണ്ട ബാര്‍ബര്‍ ഷോപ്പിലേക്ക് ഓടി…
കറങ്ങുന്ന കസേരയിലേക്ക് ചാടിയിരുന്നു…
എന്‍റെ ബുദ്ധിയും പക്വതയും മുറിച്ച് മാറ്റി ഭാഗ്യം എപ്പോള്‍ തെളിയുന്നുവോ അപ്പോ വെട്ട് നിര്‍ത്താന്‍ ബാര്‍ബറോട് പറഞ്ഞു….
എന്‍റെ കണ്ണുകള്‍ ഇമ വെട്ടാതെ മുന്നിലുള്ള കണ്ണാടിയിലേക്ക് നോക്കിയിരുന്നു….
വല്ലാത്തൊരു ആകാംക്ഷ….
ഒടുവില്‍ ഞാന്‍ കണ്ടു….
സ്നേഹത്തിന്‍റേയും ബുദ്ധിയുടേയും പക്വതയുടേയും ഇടയില്‍ ഭാഗ്യത്തെ…..കീഴ് താടിയില്‍ ഒരു വെള്ള രോമത്തിന്‍റെ രൂപത്തില്‍ വന്നിരിക്കുന്നു…. അതെ…. അതെ…. അതായിരുന്നു എന്‍റെ ഭാഗ്യം….
ഇനി എന്നില്‍ ബാക്കിയുള്ളത് എന്‍റെ സ്നേഹവും ഈ ഭാഗ്യവും മാത്രം..
ജീവിതത്തില്‍ ഭാഗ്യത്തിന് ഇത്രത്തോളം പ്രാധാന്യമുണ്ടെന്ന് അന്നാദ്യമായി ഞാനറിഞ്ഞു…. ഈശ്യരനാകുന്ന സ്നേഹത്തിനു മുന്നിലേക്ക് ഭാഗ്യം വന്ന് ചേരുമെന്ന് അന്നാദ്യമായി ഞാനറിഞ്ഞു………
നന്ദി …നന്ദി …നന്ദി ….

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments