HomeNewsകേരളത്തിലെ കൗമാരകാരുടെ സെക്സും മറ്റു താല്പര്യങ്ങളും !

കേരളത്തിലെ കൗമാരകാരുടെ സെക്സും മറ്റു താല്പര്യങ്ങളും !

മനസ്സു പറയുന്ന വഴിയേ സഞ്ചരിക്കുന്ന, എന്തിനും പൊട്ടിത്തെറിക്കുന്ന, ആരെയും കൂസാത്ത, ലൈംഗികത ഉൾപ്പെടെയുള്ള എന്തിനേയും രുചിച്ചറിയാൻ തിടുക്കപ്പെട്ടുനിൽക്കുന്ന കൗമാരമാണ് ഇന്നിന്റേത്. 13 മുതൽ 19 വരെയുള്ള പ്രായത്തേയാണ് പണ്ടു കൗമാരമെന്നു വിവക്ഷിച്ചിരുന്നത്. ഇന്നു 10 വയസ്സുള്ള, ബാല്യം താണ്ടിയിട്ടില്ലാത്ത, മീശ മുളയ്ക്കാത്ത കുട്ടികൾ പോലും മാനസികമായി ഒരു കൗമാരക്കാരനോ കൗമാരക്കാരിയോ ആണ്. ചില കുട്ടികളെങ്കിലും 10 വയസ്സെത്തുമ്പോഴെ ശാരീരികമായും പ്യുബർട്ടിയിലെത്തുന്നു.

 

ലൈംഗികതയുൾപ്പെടെയുള്ള കാര്യങ്ങളിൽ സാമാന്യത്തിൽ കവിഞ്ഞ അറിവുണ്ടവർക്ക്. പണ്ടൊക്കെ ലൈംഗികതയെന്ന പദം പോലും ഉറക്കെ തെളിച്ചു പറയാൻ മടിച്ചിരുന്നു. കുട്ടികൾ കേൾക്കുമെന്നു പറ‍ഞ്ഞ് ലൈംഗികസംബന്ധിയായ കാര്യങ്ങൾ പൊതുവിൽ സംസാരിക്കില്ലായിരുന്നു. ഉമ്മ വച്ചാൽ ഗർഭിന്നിയാകുമോ എന്ന മട്ടിലുള്ള തനി മണ്ടൻ സംശയങ്ങളാണ് ഈ കുട്ടികൾക്ക് എന്നു പറഞ്ഞ് ഊറിച്ചിരിച്ചിരുന്നു നമ്മളും. പക്ഷേ വിവരസങ്കേതികതയുടെ മുന്നേറ്റം എല്ലാം മറ്റി മറിച്ചു. ഇന്റർനെറ്റ് കണക്ഷൻ ഉള്ള ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ അറിയേണ്ടതെന്തും അറിയാം, അറിയണ്ടാത്ത കാര്യങ്ങളും അറിയാം സെക്സ് എന്ന് വെറുതെ ഒന്നു ഗൂഗിൾ ചെയ്തു നോക്കൂ. 10,000-ത്തിലേറെ റിസൾട്ടുകൾ ലഭിക്കും. അതിൽ അശ്ലീല ലൈംഗികവിഡിയോകളുണ്ട്, ചിത്രങ്ങളുണ്ട്, രതിവൈകൃതങ്ങളുണ്ട്. അങ്ങനെ പ്രണയബന്ധങ്ങൾ സെക്സിലേക്ക് വഴി മാറുന്നു.

 
ടിവി തുറന്നാൽ അവിടേയും രക്ഷയില്ല. പുതിയ കാലത്തിന്റെ സിനിമകൾ പലതും ലഹരിയേയും വിവാഹബാഹ്യബന്ധങ്ങളേയുമൊക്കെ ഹീറോയിസമാക്കി കാട്ടി ആഘോഷിക്കുന്നവയാണ്. കള്ളടിക്കുന്ന, അധ്യാപികയെ പോലും പ്രേമിക്കാൻ ധൈര്യപ്പെടുന്ന, അധ്യാപകരെ പരസ്യമായി ധിക്കരിക്കുന്ന പുതിയകാല ഹീറോമാരാണ് അവരുടെ റോൾ മോഡൽ. സ്വന്തമായി ഒരു ഗേൾ ഫ്രണ്ടോ ബോയ് ഫ്രണ്ടോ ഇല്ലാത്തത് കുറച്ചിലാണെന്നു കരുതുന്ന കുട്ടികളാണ് ഇന്നത്തെ തലമുറയിലേത്. പഴയപോലെ പരിശുദ്ധ പ്രണയങ്ങൾ കാണാനേയില്ല. ഒന്നു പോയാൽ മറ്റൊന്ന് എന്ന ലാഘവം. മാനസികമായ ഒരു പവിത്രാനുഭൂതിയൊന്നുമല്ല അവർക്ക് പ്രണയം, അതിലേക്ക് ശാരീരികമാനങ്ങളും കടന്നുവരുന്നു.
മനസ്സിങ്ങനെ മദം പിടിപ്പിക്കുന്ന കാര്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുമ്പോൾ പഠനത്തിൽ നിന്നും ഫോക്കസ് മാറുന്നു. കണ്ടു കേട്ട് അറിഞ്ഞവയിൽ ചിലതെങ്കിലും പരീക്ഷിക്കാനുള്ള ത്വര ഉണ്ടാവുക സ്വാഭാവികം. അതിന്റെ ബഹിർസ്ഫുരണങ്ങളാണ് ഇന്നത്തെ കൗമാര പാഠശാലകളിൽ നടക്കുന്ന പല സംഭങ്ങളും. റാഗിങ്ങെന്നു പറഞ്ഞ് അച്ഛനുമമ്മയും കളിക്കാൻ നിർബന്ധിക്കുക, ടീച്ചറിന്റെ സാരിയൊന്നു തെന്നിമാറി ദൃശ്യമാകുന്ന അടിവയറിനെ മൊബൈലിൽ പകർത്തി കൂട്ടം കൂടി കണ്ടു രസിക്കുക, അധ്യാപകരെ പോലും തെറി പറയുക, ഗ്യാങ്ങുകളായി തിരിഞ്ഞ് കഞ്ചാവും മയക്കുമരുന്നുകളും വിൽപന നടത്തുക. ചെയ്യുന്നതും പറയുന്നതുമായ ഇത്തരം കാര്യങ്ങളെക്കുറിച്ച് യാതൊരു കുറ്റബോധമോ നാണക്കേടോ ഇന്നത്തെ കൗമാരത്തിനില്ല എന്ന് അധ്യാപകരും സ്കൂൾ കൗൺസിലർ മാരും ഒരേ സ്വരത്തിൽ പറയുന്നു. ലൈംഗികകാര്യങ്ങളെക്കുറിച്ചുള്ള ശരിയായ അറിവില്ലായ്മ, ജീവിതനൈപുണീശേഷികളുടെ കുറവ്, റിസ്ക് എടുക്കാനുള്ള വെമ്പൽ, ശക്തമായി നോ പറയാൻ കഴിയാതെ വരിക, മറ്റു സുഹൃത്തുക്കളിൽ നിന്നുള്ള സമ്മർദം ഇവയൊക്കെയാണ് കൗമാരത്തിന്റെ പൊതുവായ പ്രശ്നങ്ങളെന്നു പറയാം.

 

പണ്ടൊക്കെ തലവേദന ആൺകുട്ടികളായിരുന്നെങ്കിൽ ഇപ്പോൾ പ്രശ്നക്കാരിൽ പെൺകുട്ടികളുമുണ്ടെന്ന് പറയുന്നു മധ്യതിരുവിതാംകൂറിലെ സ്കൂളിലെ ഒരു അധ്യാപിക. കൂട്ടം കൂടിയിരുന്ന് ഇക്കിളിപ്പെടുത്തുന്ന വിഡിയോ കണ്ടു രസിച്ചിരുന്ന പെൺകുട്ടികളെ ശാസിക്കാൻ വന്ന ടീച്ചറോട് അവർ പറഞ്ഞു-ഞങ്ങളെ സൂക്ഷിക്കാൻ ഞങ്ങൾ‌ക്കറിയാം, വ്യക്തിപരമായ കാര്യങ്ങളിലൊന്നും ടീച്ചർ ഇടപെടേണ്ട. ശരീരത്തിൽ തൊടുന്നതും ഒന്ന് കിസ്സ് ചെയ്യുന്നതുമൊന്നും പ്രശ്നമല്ല, അതൊന്നും സെക്സ് അല്ല എന്ന് അവർ കരുതുന്നു. ‌

 
പണ്ടൊക്കെ സ്കൂൾ‌ വിട്ടുകഴിഞ്ഞാൽ വീട് എന്നായിരുന്നു പെൺകുട്ടികൾക്ക്. എന്നാൽ ഇന്ന് നേരം ഇരുട്ടിയാലും നെറ്റ് കഫേയിലും കോഫി ഷോപ്പിലുമൊക്ക കയറിയിറങ്ങി നടക്കുന്ന കുട്ടികളിൽ പെൺകുട്ടികളുമുണ്ട്. കാലം നന്നല്ല എന്നൊക്കെ പറഞ്ഞാലും വരുന്നിടത്തു വച്ചു കാണാമെന്ന ഒരു മട്ടാണവർക്ക്. ആർത്തവദിനങ്ങളിൽ കൃത്യമായി പാഡു കൊണ്ടു വരുന്നതിൽ പോലുമുണ്ട് അലസതയും ശ്രദ്ധക്കുറവും.

 

ഈ പുതിയ കൗമാരത്തെ കൈകാര്യം ചെയ്യുന്നതിൽ അധ്യാപകരും പരാജയപ്പെടുന്നതായാണ് കൗമാര കൗൺസിലർമാരും മനശ്ശാസ്ത്രവിദഗ്ധരും പറയുന്നത്. രണ്ടു തരം മൂല്യബോധവും ധാർമികതയുമാണ് സ്കൂളുകളിലുള്ളത്. ആണും പെണ്ണും പരസ്പരം മിണ്ടുന്നതു പോലും ആശാസ്യമല്ലാതിരുന്ന, താരമ്യേന ഇടുങ്ങിയ സദാചാരബോധങ്ങൾ അടിച്ചേൽപിക്കപ്പെട്ട ഒരു തലമുറയിലുള്ളവരാണ് മിക്ക അധ്യാപകരും. ആൺ-പെൺ സൗഹൃദങ്ങളിലും സെക്സിലും വളരെ തുറന്ന കാഴ്ചപ്പാടുള്ള തലമുറയിലെയാണ് കുട്ടികൾ. ഈ തലമു‍റകളിലെ വിടവ് അവരുടെ പരസ്പരമുള്ള ഇടപെടലുകളിൽ ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പുതിയ തലമുറയിലെ കുട്ടികൾക്കു ലഭിക്കുന്ന വിശാല അവസരങ്ങളിൽ ലേശം അസൂയ കലർന്ന ഇൗർഷ്യയും ചിലരിലെങ്കിലും കാണുന്നു.

 
മധ്യതിരുവിതാംകൂറിലെ ഒരു സ്കൂളിൽ നടന്ന ഒരു സംഭവം കേൾക്കൂ. പ്ലസ് ടു ക്ലാസിലെ ഒരു ആൺകുട്ടിയും പെൺകുട്ടിയും നല്ല സുഹൃത്തുക്കളായിരുന്നു. ഇവർ ഏറെ നേരം ഒരുമിച്ചിരുന്നു സംസാരിക്കുന്നതും ചിരിക്കുന്നതുമൊന്നും ക്ലാസ് ടീച്ചറിന് ഇഷ്ടമായില്ല. അവർ ഈ കുട്ടികൾ തനിച്ചു സംസാരിക്കുന്ന ഒരു രംഗം മൊബൈലിൽ വിഡിയോ എടുത്ത് പ്രിൻസിപ്പലിന് കാണിച്ചു കൊടുത്തു പ്രശ്നമാക്കി. ഇരുവരുടേയും മാതാപിതാക്കളെ വിളിച്ചുവരുത്തി. വിചാരണാ മധ്യേ പെണ്ണിനു കല്യാണപ്രായമായി, ഇനി പഠിപ്പൊന്നും വേണ്ട, സമയം കളയാതെ കെട്ടിച്ചു വിടാൻ നോക്ക് എന്ന് ക്ലാസ് ടീച്ചർ പരിഹസിച്ചു. അപമാനിതയായ പെൺകുട്ടി അന്നു രാത്രി ആത്മഹത്യ ചെയ്തു.
എല്ലാ അധ്യാപകരും ഇങ്ങനെയാണ് എന്നർഥമില്ല. ഇതൊന്നും ആനക്കാര്യമായി കരുതേണ്ടെന്നും വളർച്ചയുടെ ഘട്ടത്തിലെ സ്വഭാവിക പരിണാമങ്ങളാണെന്നും സ്നേഹമസൃണമായി അവർ കുട്ടുകൾക്ക് പറഞ്ഞുകൊടുക്കുന്നു. വിലക്കുകളേക്കാൾ പ്രായോഗികം വിവേകപൂർവമായ വിട്ടുവീഴ്ചകളാണ് എന്നവർക്കറിയാം.

 
ഇങ്ങനെ നോക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്. കൗമാരക്കാർക്കും അവരെ കൈകാര്യം ചെയ്യുന്ന അധ്യാപകർക്കും പ്രത്യേക പരിശീലനം നൽകേണ്ടതുണ്ട്. ആൺ-പെൺ ബന്ധങ്ങളുടെ കാര്യത്തിൽ മുൻവിധികൾ വേണ്ട. ആരേഗ്യകരമായ ആൺ-പെൺ സൗഹൃദങ്ങളുണ്ടാകട്ടെ. നല്ലൊരു പെൺ സുഹൃത്തുള്ള ആൺകുട്ടിക്ക് എന്താണ് അവളെ ദേഷ്യം പിടിപ്പിക്കുന്നത്. എന്താണ് സന്തുഷ്ടയാക്കുന്നത്, എന്താണ് അവളെ വ്രണപ്പെടുത്തുന്നത് എന്നൊക്കെ അറിവുണ്ടായിരിക്കും. ഭാവിയിലും സ്ത്രീകളോടു നല്ല രീതിയിൽ പെരുമാറുന്നതിന് ഇതവരെ സഹായിക്കും. ഒളിച്ചു നിന്നു നിരീക്ഷിക്കലല്ല നല്ല സൗഹൃദം സൂക്ഷിക്കുന്നതിൽ നിർദേശങ്ങൾ നൽകലാകണം അധ്യാപകരുടെ റോൾ.

 

 

ഒരു വിത്തിനു മുള വരുന്നതു പോലെ മികച്ച മനുഷ്യനായി മാറാനുള്ള ശേഷികൾ (ശാരീരികവും മാനസികവും ലിംഗപരവും) മുളപൊട്ടിത്തുടങ്ങുന്ന പ്രായമാണ് കൗമാരം. ഒരുവനു കൗമാരത്തിൽ ലഭിക്കുന്ന അറിവുകളുടേയും അനുഭവങ്ങളുടേയും വെളിച്ചത്തിലാണ് ലൈംഗികവും മാനസികവുമായ സ്വഭാവസവിശേഷതകൾ ആഴപ്പെടുന്നത്. തകരുന്ന കുടുംബജീവിതങ്ങളുടെ കാരണം തിരഞ്ഞുപോയാൽ ചെന്നെത്തുന്നത് പല കേസുകളിലും കൗമാര വളർത്തുദോഷത്തിലേക്കാവും. കൃത്യവും വ്യക്തവുമായ കൗമാരവിദ്യാഭ്യാസത്തിന്റെ അവശ്യകതയും ഇതു തന്നെ. ഇപ്പോഴേ ഇതൊക്കെ കുട്ടികൾ അറിയണോ എന്നു പറയാൻ വരട്ടെ. നമ്മുടെ കൗമാരക്കാരിൽ ഒരു നല്ല ശതമാനത്തിനും ചെറുപ്രായത്തിലേ ലൈംഗികചൂഷണങ്ങൾ നേരിടേണ്ടി വരുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. അതും ബന്ധുക്കൾ‌ പോലെ വളരെ അടുത്തുള്ളയാളുകളിൽ നിന്നും. മാറി അറിവുകളുടെ വെളിച്ചത്തിൽ ഹോസ്റ്റലുകളിലും മറ്റും കുട്ടികൾ കൂട്ടം ചേർന്ന് സ്വവർഗലൈംഗികതയുടേതിനു സമാനമായ അനുഭവങ്ങൾക്ക് ശ്രമിക്കുന്നതിന്റെ പിന്നിലും ലൈംഗിക വിദ്യാഭ്യാസക്കുറവാണ്.

 

 

2008-09 കാലത്താണ് കൗമാരക്കാർക്ക് ആരോഗ്യപരമായ അറിവു നൽകുക എന്ന ഉദ്ദേശത്തോടെ എആർസിഎച്ച് (അഡോളസന്റ് റീപ്രൊഡക്ടീവ് ആൻഡ് സെക്ഷ്വൽ ഹെൽത്ത്) വരുന്നത്. അത് അധ്യാപകരുടേയും മാതാപിതാക്കളുടെയും ഇടയിൽ അത്ര നല്ല പ്രതികരണമല്ല സൃഷ്ടിച്ചത്. പ്രത്യേകിച്ച് റീപ്രോഡക്ടീവ് ഹെൽത് എന്ന പദം. അങ്ങനെ അത് ചിലമാറ്റങ്ങളോടെ കൗമാരം ആരോഗ്യ വിദ്യാഭ്യാസം (അഡോളസന്റെ ഹെൽത് എജ്യൂക്കേഷൻ) ആയി. കൗമാരപ്രശ്നങ്ങളിൽ പ്രത്യേകം പരിശീലനം ലഭിച്ച ആരോഗ്യവിദഗ്ധരാണ് ക്ലാസുകൾ നയിക്കുന്നത്. ഇങ്ങനെയുള്ള പരിശീലനപരിപാടികൾ സ്കൂളുകളിൽ സംഘടിപ്പിക്കുന്നുണ്ട്. ഏതെങ്കിലും സ്കൂളിൽ ഇത്തരമൊരു ട്രെയിനിങ് തങ്ങളുടെ കുട്ടികൾക്ക് നൽകണമെന്നുണ്ടെങ്കിൽ ആ ജില്ലയിലെ ഡിഎംഒ ഒാഫിസിലെ ആർസിഎച്ച് ഒാഫിസറുമായും അഡോളസ്ന്റെ ഹെൽത് ജില്ലാ കോ-ഒാഡിമനേറ്ററുമായും ബന്ധപ്പെട്ടാൽ മതി. അൺ-എയ്ഡഡ് സ്കൂളുകളിലും ഈ പരിശീലനപരിപാടി ലഭ്യമാണ്.

 

 

കൗമാര ആരോഗ്യ ക്ലിനിക്കുകൾ എല്ലാ ജില്ലാ ആശപത്രികളിലും തുടങ്ങിയിട്ടുണ്ട് കൗമാരക്കാർക്ക് ഒറ്റയ്ക്കോ മാതാപിതാക്കളുടെ ഒപ്പമോ വരാം. അവരുടെ പ്രശ്നങ്ങൾ പറയാം പ്രത്യക പരിശീലനം ലഭിച്ച കൗൺസിലർമാരുടേയും ഡോക്ടർമാരുടെയും സേവനം ലഭ്യമാണ്. ആഴ്ചയിൽ ചൊവ്വ, ശനി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചുമണി വരെയാണ് ക്ലിനിക്ക് പ്രവർത്തിക്കുന്നത്. ശാരീരികവും മാനസികവും വളർച്ചാപരവുമായ ഏതു പ്രശ്നങ്ങൾക്കും ക്ലിനിക്കിൽ സൗജന്യ സേവനം ലഭ്യമാണ്. ഇതു കൂടാതെ ചിലയിടങ്ങളിൽ പ്രധാന താലൂക്ക് ആശുപത്രികളിലും ക്ലിനിക്ക് തുടങ്ങാൻ പദ്ധതിയുണ്ട്.

 

 

എന്തിനേക്കുറിച്ചും അറിയാൻ ഒരുപാടു വഴികളുള്ള കാലമാണ്. അതിനാൽ മറച്ചുപിടിക്കുന്നതിൽ അർഥമില്ല. അറിയേണ്ട കാര്യങ്ങൾ വേണ്ട പോലെ വസ്തുനിഷ്ഠമായും ലളിതമായും സങ്കോചമില്ലാതെയും പറഞ്ഞുകൊടുക്കുക. അപ്പോൾ അവർ കാര്യങ്ങൾ അറിയാൻ വേറെ വഴി തേടിപ്പോകില്ല. നല്ല കൗമാരമാണ് നല്ല ജീവിതത്തിനുള്ള ഡെപ്പോസിറ്റ്. അതു നന്നായാലേ കുട്ടികൾ വേണ്ടപോലെ വിളഞ്ഞു വളരൂ.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments