HomeNewsShortനടന്‍ മാമുക്കോയ അന്തരിച്ചു; അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ

നടന്‍ മാമുക്കോയ അന്തരിച്ചു; അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ

മലയാളികളുടെ പ്രിയ നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകൾ റോളിനായി ശുപാർശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ. മലുപ്പുറത്ത് പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആദ്യം വണ്ടൂരുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതത്തിന് പുറമേ തലച്ചോറിലെ രക്തസ്രാവം കൂടിയതുമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്. മുന്ന് മണി മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. രാത്രി അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് നടക്കും.സുഹ്‌റയാണ് മാമുക്കോയയുടെ ഭാര്യ. നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ് എന്നിവര്‍ മക്കളാണ്.

കോഴിക്കോട് പള്ളിക്കണ്ടിയില്‍ മമ്മദിന്റെയും ഇമ്പച്ചി ആയിഷയുടെയും മകനായി 1946ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അദ്ദേഹം വളര്‍ന്നത് ജേഷ്ഠന്റെ സംരക്ഷണയിലാണ്. കോഴിക്കോട് എം എം ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വരെ പഠനം. പഠനകാലത്ത് സ്‌കൂളില്‍ നാടകങ്ങള്‍ സംഘടിപ്പിക്കുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. പഠന ശേഷം കോഴിക്കോട് കല്ലായിയില്‍ മരം അളക്കല്‍ ജോലിയില്‍ പ്രവേശിച്ചു. ഇതിനൊപ്പം അദ്ദേഹം നാടകത്തിലും അഭിനയിച്ചിരുന്നു. കോഴിക്കോട് ഭാഗത്തെ നിരവധി നാടകസിനിമാക്കാരുമായി സൗഹൃദത്തിലായി. ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് നാടകം സിനിമയാക്കാമെന്ന് തീരുമാനിച്ചു. നിലമ്പൂര്‍ ബാലനെ സംവിധായകനാക്കി ഉണ്ടാക്കിയ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്. 1979ലായിരുന്നു ഇത്. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷമാണ് ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം. തൊണ്ണൂറുകളില്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു മാമുക്കോയ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments