HomeNewsShortകോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ജാതിനോക്കി മാര്‍ക്ക് കുറയ്ക്കുന്നതായി ആരോപണം; അവസാന വര്‍ഷ എംബിബിഎസ് പരീക്ഷയില്‍ കൂട്ടത്തോല്‍വി

കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ജാതിനോക്കി മാര്‍ക്ക് കുറയ്ക്കുന്നതായി ആരോപണം; അവസാന വര്‍ഷ എംബിബിഎസ് പരീക്ഷയില്‍ കൂട്ടത്തോല്‍വി

കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ അവസാന വര്‍ഷ എംബിബിഎസ് പരീക്ഷയില്‍ കൂട്ടത്തോല്‍വി. പരീക്ഷയെഴുതിയ 198 വിദ്യാര്‍ഥികളില്‍ 34 പേര്‍ തോറ്റു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വിദ്യാര്‍ത്ഥികള്‍ തോല്‍ക്കുന്നത്. അതേസമയം വിദ്യാര്‍ത്ഥികളുടെ മതവും ജാതിയും നോക്കി മാര്‍ക്ക് കുറയ്ക്കുന്നതായി ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ചില വിദ്യാര്‍ഥികള്‍ ആരോപിച്ചു.

കോളെജിലെ മെഡിസില്‍ വിഭാഗം മേധാവി വര്‍ഗീയ വിവേചനം കാട്ടുന്നതായാണ് വിദ്യാര്‍ഥികളുടെ ആരോപണം. എന്നാല്‍ പരാതി പറയാന്‍ വിദ്യാര്‍ഥികള്‍ക്ക് ഭയമാണ്. മറ്റ് ഗവണ്മെന്റ് കോളെജുകളില്‍ അഞ്ചും ആറും വിദ്യാര്‍ത്ഥികള്‍ തോറ്റപ്പോഴാണ് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ 34പേര്‍ തോറ്റത്. തോറ്റവരില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും തിയറി വിഭാഗത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരാണ്. പ്രാക്ടിക്കല്‍ വിഭാഗത്തില്‍ സ്വന്തം അധ്യാപകര്‍ മനപ്പൂര്‍വം മാര്‍ക്ക് കുറയ്ക്കുകയാരുന്നു.

കോളെജില്‍ സ്വയം പഠിക്കേണ്ട അവസ്ഥയാണുള്ളതെന്ന് പരീക്ഷയില്‍ ജയിച്ച വിദ്യാര്‍ഥികള്‍ പോലും പറയുന്നു. അധ്യാപകരായ ഡിപ്പാര്‍ട്ട്‌മെന്റ് തലവനോ യൂണിറ്റ് ചീഫോ പ്രൊഫസറോ അസോസിയേറ്റ് പ്രൊഫസറോ ക്ലാസെടുക്കാന്‍ കോളെജില്‍ എത്താറില്ല. പലപ്പോഴും ഒഴിവുള്ളപ്പോള്‍ ജൂനിയര്‍ പിജി വന്ന് വല്ലതും പറഞ്ഞുതരുന്നത് മാത്രമാണിപ്പോള്‍ ഇവിടെ അധ്യാപനം. കോളെജ് പ്രിന്‍സിപ്പലിനോട് പല തവണ പരാതി പറഞ്ഞെങ്കിലും ആരും ഗൗനിക്കാറില്ല. റഗുലറായി ക്ലാസ് എടുത്തതിന് ശേഷം പരീക്ഷയില്‍ തോറ്റാല്‍ അത് ഞങ്ങളുടെ കഴിവ്‌കേടായി കണക്കാക്കാം. എന്നാല്‍ പഠിപ്പിക്കാന്‍ ക്ലാസ് മുറിയില്‍ പോലും കയറാത്ത അധ്യാപകര്‍ തന്നെ മാര്‍ക്കിടാതെ തോല്‍പ്പിക്കുന്നത് സംശയത്തോടെ മാത്രമേ കാണാനാവൂ എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

ഒന്നാംവര്‍ഷ പരീക്ഷയില്‍ തോറ്റ 42 വിദ്യാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് മാസത്തില്‍ വീണ്ടും പരീക്ഷ എഴുതണം. എന്നാല്‍ ഇവര്‍ക്ക് പോലും വിഷയം പറഞ്ഞുകൊടുക്കാന്‍ അധ്യാപകര്‍ എത്തുന്നില്ല. മെഡിസിന്‍ വിഭാഗത്തിലെ കൂട്ട തോല്‍വിയെ കുറിച്ച് അന്വേഷണം നടത്തണമെന്നാണ് ചിലരുടെ ആവശ്യം. ഇന്റേണല്‍ മാര്‍ക്കിടാതെ വീണ്ടും തോല്‍പ്പിക്കുമെന്ന ഭയത്താലാണത്രേ വിദ്യാര്‍ത്ഥികള്‍ പരസ്യമായി പ്രതികരിക്കാത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments