HomeNewsShortദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധം ശക്തം; നടൻ നിരപരാധിത്വം തെളിയിച്ചിട്ടില്ലെന്ന് ആരോപണം

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധം ശക്തം; നടൻ നിരപരാധിത്വം തെളിയിച്ചിട്ടില്ലെന്ന് ആരോപണം

നടന്‍ ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധം ശക്തം. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപ് നിരപരാധിത്വം തെളിയിച്ചിട്ടില്ലെന്ന് വിമര്‍ശനം ഉയര്‍ന്നു. അമ്മയിലെ രണ്ട് ഇടത് എംഎല്‍എമാരുടെ നിലപാടിനെ സംബന്ധിച്ചും പ്രതിഷേധം ഉയരുന്നുണ്ട്.

ഞായറാഴ്ച കൊച്ചിയില്‍ നടന്ന അമ്മ വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന കാര്യത്തില്‍ തീരുമാനമായത്. ചരിത്രത്തിലാദ്യമായി മാധ്യമങ്ങളെ വിലക്കിയും പത്രസമ്മേളനം ഒഴിവാക്കിയും നടന്ന സമ്മേളനത്തിലാണു തീരുമാനം. നടി ഊർമിള ഉണ്ണിയാണു ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ദിലീപിനെ പുറത്താക്കാൻ തിടുക്കപ്പെട്ട് എടുത്ത തീരുമാനം സംഘടനാ ചട്ടപ്രകാരമല്ലായിരുന്നെന്നും സാങ്കേതികമായി നിലനിൽക്കില്ലെന്നും പുതിയ ജനറൽ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. ദിലീപ് കേസിനുപോയിരുന്നെങ്കില്‍ സംഘടന കുടുങ്ങിയേനെയെന്ന് സിദ്ദിഖ് പറഞ്ഞു.

പുറത്താക്കൽ പ്രഖ്യാപിച്ച മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ അഭിപ്രായം പറഞ്ഞില്ല. അതോടെ കാര്യമായ ചർച്ചകളോ എതിർസ്വരങ്ങളോ ഇല്ലാതെ കഴിഞ്ഞ കമ്മിറ്റിയിൽ ട്രഷററായിരുന്ന ദിലീപിനെ തിരിച്ചെടുക്കാൻ ധാരണയായി. ഉച്ചയ്ക്കു ശേഷം ചേർന്ന പുതിയ നിർവാഹക സമിതി യോഗവും ഇത് അംഗീകരിച്ചു.

ദിലീപിനെ പുറത്താക്കിയതു തെറ്റായെന്നു സ്ഥാപിക്കാൻ മുൻപു ജഗതി ശ്രീകുമാറിനെതിരെ ആരോപണം ഉയർന്നപ്പോൾ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുക മാത്രമാണു ചെയ്തതെന്നും സമ്മേളനത്തിൽ പ്രധാന ഭാരവാഹി ചൂണ്ടിക്കാട്ടി. ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ച ‘അമ്മ’ യോഗത്തിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്നു രൂപീകരിക്കപ്പെട്ട മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി അംഗങ്ങളാരും പങ്കെടുത്തില്ല. ഇവർക്കു പരസ്യ പിന്തുണ നൽകിയിരുന്ന പൃഥ്വിരാജ് ഉൾപ്പെടെയുള്ള യുവ നിരയിലെ താരങ്ങളുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു.

അമ്മയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും വൈസ് പ്രസിഡന്റുമാരായി കെ.ബി. ഗണേഷ് കുമാറും മുകേഷും ചുമതലയേറ്റു. 17 വര്‍ഷം സംഘടനയെ നയിച്ച ഇന്നസെന്റിന് പകരക്കാരനായാണ് മോഹന്‍ലാല്‍ സ്ഥാനമേറ്റത്. സെക്രട്ടറിയായി സിദ്ദീഖിനെയും ട്രഷററായി ജഗദീഷിനെയും തിരഞ്ഞെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments