HomeNewsLatest Newsഓഖി : ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ 10 ദിവസം കൂടി തുടരണമെന്ന് സര്‍ക്കാര്‍; തെരച്ചിലിൽ മത്സ്യത്തൊഴിലാളികളെ...

ഓഖി : ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ 10 ദിവസം കൂടി തുടരണമെന്ന് സര്‍ക്കാര്‍; തെരച്ചിലിൽ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തും

ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരണമെന്ന് സര്‍ക്കാര്‍. കപ്പലുകളുപയോഗിച്ചുള്ള തെരച്ചില്‍ 10 ദിവസം കൂടി തുടരണമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. കോസ്റ്റ് ഗാര്‍ഡ്, വ്യോമ-നാവികസേന എന്നിവരോട് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി നേവിക്കും കോസ്റ്റ്ഗാര്‍ഡിനും കത്തയച്ചു.

നാവിക സേനയും തീരദേശ സേനയും ആവശ്യമായ കപ്പലുകള്‍ ഉപയോഗിച്ച്‌ ആഴക്കടലില്‍ തിരച്ചില്‍ നടത്തണം. കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തിച്ച്‌ മത്സ്യത്തൊഴിലാളികളെ കൂടെ തെരച്ചിലിന് ഒപ്പം കൂട്ടണമെന്നും ചീഫ് സെക്രട്ടറിയുടെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരച്ചിലിന് പോകാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ള മത്സ്യത്തൊഴിലാളികളെ തിരുവനന്തപുരം കലക്ടറുടെ നേതൃത്വത്തില്‍ വിഴിഞ്ഞത്ത് എത്തിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

കപ്പലിന് പുറമെ തെരച്ചിലിനായി ഉപയോഗിക്കുന്ന ബോട്ടുകളിലും മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തണം. തീരദേശ സേനയും നാവിക സേനയും ആവശ്യപ്പെട്ടാല്‍ ഭരണതലത്തിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനെ തെരച്ചിലിന് പോകുന്ന കപ്പലില്‍ അയയ്ക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.
രക്ഷപ്പെടുത്തുന്നവര്‍ക്ക് ചികിത്സ നല്‍കുന്നതിനും കണ്ടെത്തുന്ന മൃതദേഹം സൂക്ഷിക്കുന്നതിനും പ്രധാന തീരപ്രദേശങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കും.

പത്ത് ദിവസത്തിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. നാവിക സേന, വ്യോമസേന, തീരദേശ സേന തുടങ്ങിയവയുടെ ഉദ്യോഗസ്ഥരുമായി ഇക്കാര്യം ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ ലക്ഷദ്വീപില്‍ കുടുങ്ങിയ 51 മത്സ്യത്തൊഴിലാളികളുമായി എംവി കവരത്തിയെന്ന കപ്പല്‍ കൊച്ചി തീരത്തെത്തി. കപ്പലില്‍ രണ്ട് മലയാളികളുമുണ്ട്. തിരുവനന്തപുരം സ്വദേശികളാണ് ഇരുവരും. 45 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഒരാളും അസമില്‍ നിന്ന് രണ്ട് പേരും കപ്പലിലുണ്ടായിരുന്നു. ലക്ഷദ്വീപില്‍ കുടുങ്ങിയ 352 പേരില്‍ നിന്ന് 302 പേര്‍ തിരികെയെത്തുന്നു. കല്‍പ്പേനി, കവരത്തി എന്നിവിടങ്ങളില്‍ നിന്ന് ഇവര്‍ കൊച്ചിയിലേക്ക് തിരിച്ചു. സ്വന്തം നിലയില്‍ ബോട്ടുകളിലാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്. ഇന്ന് രാത്രിയും നാളെയുമായി ഇവര്‍ എത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments