HomeNewsLatest Newsഓഖി ചുഴലിക്കാറ്റ്; മരണം എട്ടായി; കാറ്റ് ശക്തിപ്രാപിച്ച് ലക്ഷദ്വീപിലേക്ക് നീങ്ങുന്നു 48 മണിക്കൂര്‍ കൂടി കാറ്റും...

ഓഖി ചുഴലിക്കാറ്റ്; മരണം എട്ടായി; കാറ്റ് ശക്തിപ്രാപിച്ച് ലക്ഷദ്വീപിലേക്ക് നീങ്ങുന്നു 48 മണിക്കൂര്‍ കൂടി കാറ്റും മഴയും തുടരുമെന്ന് അറിയിപ്പ്

കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത നാശം വിതച്ച് ഓഖി ചുഴലിക്കൊടുങ്കാറ്റ്. ഇരുസംസ്ഥാനങ്ങളിലും നാല് പേര്‍ വീതമാണ് മരിച്ചത്. അതേസമയം ഓഖി ചുഴലിക്കാറ്റിന്റെ വേഗത കൂടി. ലക്ഷദ്വീപ് ഭാഗത്തേക്ക് കാറ്റ് നീങ്ങിക്കൊണ്ടിരിക്കുകയാണ്. തെക്കന്‍ ജില്ലകളില്‍ 24 മണിക്കൂര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മരം വീണും വൈദ്യുതാഘാതമേറ്റുമാണ് കേരളത്തില്‍ നാലുപേര്‍ മരിച്ചത്. കന്യാകുമാരി ജില്ലയിലും മരം വീണ് നാലുപേര്‍ മരിച്ചു.

അടുത്ത 48 മണിക്കൂറിനുള്ളില്‍ ലക്ഷദ്വീപില്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിലും തമിഴ്‌നാട്ടിലും 48 മണിക്കൂര്‍ കൂടി കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളിലും ജാഗ്രതാ നിര്‍ദേശമുണ്ട്.

ബുധനാഴ്ച രാവിലെ ശ്രീലങ്കയുടെ തെക്കുകിഴക്കായി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം വ്യാഴാഴ്ചയോടെ ശക്തിപ്രാപിച്ച് പടിഞ്ഞാറേക്ക് നീങ്ങുകയായിരുന്നു.ചുഴലിക്കാറ്റിന്റെ നേരിയഭാഗം മാത്രമാണ് കേരളതീരത്ത് അടിച്ചത്. ഇന്ന് രാവിലെ രാവിലെ 5.30ഓടെ 100 കിലോമീറ്റര്‍ വരെ വേഗമാര്‍ജിച്ചു. വൈകുന്നേരത്തോടെ ഇത് 110 കിലോമീറ്റര്‍ വരെയാകും. ശനിയാഴ്ച 120 കിലോമീറ്ററും ഞായറാഴ്ച 130 കിലോമീറ്ററും വേഗമാര്‍ജിക്കുമെന്നാണ് പ്രവചനം. ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് വ്യാഴാഴ്ച കാലാവസ്ഥാവകുപ്പ് ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ചുഴലിക്കാറ്റിന് മുന്നോടിയായി നാലുതരം മുന്നറിയിപ്പുകളാണ് പുറപ്പെടുവിക്കാറുള്ളത്. 24 മണിക്കൂര്‍മുമ്പ് നല്‍കുന്നതാണ് ഓറഞ്ച് മുന്നറിയിപ്പ്. കാറ്റ് എപ്പോള്‍ വിനാശകാരിയാകുമെന്ന് മൂന്നുമണിക്കൂര്‍ ഇടവിട്ട് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കും.

ശബരിമല തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കി.പരമ്പരാഗത പാതകളിലൂടെയുള്ള മലകയറ്റം നിരോധിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോരമേഖലകളില്‍ രാത്രി ആറിനും പകല്‍ ഏഴിനും ഇടയ്ക്കുള്ള രാത്രിയാത്ര ഒഴിവാക്കണം. സംസ്ഥാനത്തെ കടല്‍ത്തീരത്തും മലയോരമേഖലയിലും അടുത്ത രണ്ടുദിവസങ്ങളില്‍ വിനോദസഞ്ചാരത്തിനായി പോകരുതെന്നാണ് നിര്‍ദേശം. മലയോരറോഡുകളില്‍, പ്രത്യേകിച്ച് നീരുറവകള്‍ക്കുമുന്നില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തിയിടരുത്. രൂക്ഷമായ കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ അടുത്ത 48 മണിക്കൂര്‍ കടലില്‍ പോകരുത്.വാഹനങ്ങള്‍ മരങ്ങള്‍ക്ക് അടിയില്‍ നിര്‍ത്തിയിടരുത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments