HomeNewsLatest Newsലാഹോർ ചാവേർ ആക്രമണം; മരണം 69 ; ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു

ലാഹോർ ചാവേർ ആക്രമണം; മരണം 69 ; ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു

ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ പാര്‍ക്കിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍മരണം 69 ആയി.. മുന്നൂറിലേറെ പേര്‍ക്കു പരിക്കേറ്റു. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. പാക് താലിബാന്‍ ഗ്രൂപ്പിലെ സംഘടനയായ ജമാഅത്ത് ഉല്‍ അഹ്‌റാര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സംഘടനയുടെ വക്താവ് അഹ്‌സാനുള്ള അസ്ഹര്‍ പറഞ്ഞു. പത്തു കിലോഗ്രാം സ്‌ഫോടകവസ്തു ഉപയോഗിച്ചായിരുന്നു സ്‌ഫോടനമെന്നു ലാഹോര്‍ ഡിഐജി ഹൈദര്‍ അഷ്‌റഫ് പറഞ്ഞു. നടന്നത് ചാവേര്‍ ആക്രമണമാണെന്ന് ഇഖ്ബാല്‍ ടൗണ്‍ പോലീസ് സൂപ്രണ്ട് ഡോ. മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു.

 

 
ലാഹോര്‍ നഗരത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഇഖ്ബാല്‍ ടൗണ്‍ എന്ന പ്രദേശത്തെ ഗുല്‍ഷന്‍ ഇ ഇഖ്ബാല്‍ പാര്‍ക്കിലാണ് ഇന്നലെ വൈകുന്നേരം 6.40 നു ചാവേര്‍ പൊട്ടിത്തെറിച്ചത്. പാര്‍ക്കിന്റെ ഒരു പ്രവേശനകവാടത്തോടു ചേര്‍ന്നു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തായിരുന്നു സ്‌ഫോടനം. അവധി ദിവസമായതിനാല്‍ പതിവിലേറെ ആള്‍ക്കാര്‍ പാര്‍ക്കില്‍ ഉണ്ടായിരുന്നു. ഈസ്റ്റര്‍ അവധി ആയതിനാല്‍ ധാരാളം ക്രൈസ്തവരും പാര്‍ക്കിലുണ്ടായിരുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

 

 

കുട്ടികളുടെ ഊഞ്ഞാലുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തുനിന്ന് ഏതാനും അടി അകലെയാണു ചാവേര്‍ പൊട്ടിത്തെറിച്ചത്. ഊഞ്ഞാലില്‍ ആടിയിരുന്ന കുട്ടികള്‍ തെറിച്ചുപോയതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ക്കില്‍ ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. നഗരത്തിലെ പ്രധാന ആശുപത്രികളായ ജിന്നാ, ഷെയ്ക് സയീദ് തുടങ്ങിയവയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സ്വദേശമായ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമാണ് ലാഹോര്‍. സ്‌ഫോടനത്തെ തുടര്‍ന്ന് മേഖലയിലെ നിയന്ത്രണം പാക് സുരക്ഷ സേന ഏറ്റെടുത്തു. പഞ്ചാബ് പ്രവിശ്യയില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments