HomeNewsLatest Newsനടിയെ ആക്രമിച്ച കേസില്‍ കാവ്യമാധവന്റെ മൊഴി പുറത്ത്; ദിലീപും മഞ്ജുവുമായുളള പ്രശ്‌നങ്ങള്‍ക്ക് കാരണമായത് ആക്രമിക്കപ്പെട്ട നടിയെന്ന്...

നടിയെ ആക്രമിച്ച കേസില്‍ കാവ്യമാധവന്റെ മൊഴി പുറത്ത്; ദിലീപും മഞ്ജുവുമായുളള പ്രശ്‌നങ്ങള്‍ക്ക് കാരണമായത് ആക്രമിക്കപ്പെട്ട നടിയെന്ന് കാവ്യ

നടിയെ ആക്രമിച്ച കേസില്‍ കാവ്യമാധവന്റെ മൊഴി പുറത്ത്. ആക്രമിക്കപ്പെട്ട നടി ഉള്ളതും ഇല്ലാത്തതും ഇമാജിന്‍ ചെയ്ത് പറയുമെന്ന് കാവ്യ മൊഴിയില്‍ പറയുന്നു. ദിലീപും മഞ്ജുവുമായുളള പ്രശ്‌നങ്ങള്‍ക്ക് നടിയും കാരണമായി. ‘അമ്മ’ റിഹേഴ്‌സല്‍ ക്യാംപിലടക്കം ദിലീപിനെയും തന്നെയും കുറിച്ച് പറഞ്ഞു. നടി ബിന്ദു പണിക്കര്‍ ഇക്കാര്യം ദിലീപിനടുത്ത് സൂചിപ്പിക്കുകയും ചെയ്തു. ആവശ്യമില്ലാത്ത വര്‍ത്തമാനം പറയരുതെന്ന് ദിലീപിന്റെ പരാതിപ്രകാരം നടന്‍ സിദ്ദിഖ് നടിക്ക് മുന്നറിയിപ്പ് നല്‍കി.

താനും ദിലീപും നൃത്തം ചെയ്യുന്ന ഫോട്ടോ മഞ്ജുവിന് അയച്ചുകൊടുത്തു. നടി ആക്രമിക്കപ്പെട്ട വിവിരം അറിയുന്നത് റിമി ടോമി വിളിച്ചപ്പോഴാണ്. പള്‍സര്‍ സുനിയെ തനിക്കറിയില്ല. വീട്ടില്‍ വന്നിട്ടുണ്ടോയെന്നും അറിയില്ല. പ്രതികളിലൊരാളായ വിഷ്ണു കാക്കനാട്ടെ ‘ലക്ഷ്യ’ ഷോപ്പില്‍ വന്ന് ഡ്രൈവര്‍ സുനീറിനോട് തന്റെ അച്ഛന്റെയോ അമ്മയുടെയോ നമ്പര്‍ ആവശ്യപ്പെട്ടു. ദിലീപ് ആക്രമണവിവരം അറിഞ്ഞത് പിറ്റേന്ന് രാവിലെ ആന്റോ ജോസഫ് പറഞ്ഞിട്ടാണ്. രാത്രി ആന്റോ ദിലീപിനെ വിളിച്ചിരുന്നു.പിറ്റേന്ന് രാവിലെയാണ് ദിലീപ് തിരിച്ചുവിളിച്ചത്. തുടര്‍ന്ന് നടിയെ വിളിച്ചു. അവരുടെ അമ്മയുമായാണ് സംസാരിച്ചത്. പിന്നീട് റിമി ടോമിയും ആക്രമണവിവരം വിളിച്ചുപറഞ്ഞു. മഞ്ജു വാരിയര്‍ ദിലീപിനെ ഉപേക്ഷിച്ചത് അറിഞ്ഞത് പിന്നീടാണെന്നും കാവ്യ പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാതാരങ്ങളായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ എന്നിവര്‍ നല്‍കിയ മൊഴിയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ദിലീപും കാവ്യാ മാധവനും തമ്മില്‍ ബന്ധം ഉണ്ടായിരുന്നതായാണ് മഞ്ജു മൊഴി നല്‍കിയിരിക്കുന്നത്. ഒരു സ്വകാര്യ ചാനലാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. നടന്‍ സിദ്ധിഖിന്റെ മൊഴിയും പുറത്ത് വന്നിട്ടുണ്ട്.

സംയുക്താ വര്‍മയുടെ മൊഴിയുടെ പൂര്‍ണരൂപം

ഞാന്‍ ഫിലിം ആര്‍ട്ടിസ്റ്റ്. 15 വര്‍ഷമായി ഞാന്‍ അഭിനയരംഗത്തുനിന്നും മാറി നില്‍ക്കുകയാണ്. ഞാനും ഫിലിം ആര്‍ട്ടിസ്റ്റുകളായ ഭാവന, മഞ്ജു വാര്യര്‍, ഗീതു മോഹന്‍ ദാസ് എന്നിവരുമായി വളരെ അടുത്ത സുഹൃദ്ബന്ധമാണ്. ഭാവന തൃശൂരില്‍ ആയതിനാലും എന്റെ അനിയത്തിയുടെ കൂടെ പഠിച്ചതിനാലും ഞാനും ഭാവനയും സഹോദരിമാരെ പോലുള്ള അടുപ്പമാണ്. ഉദ്ദേശം നാലഞ്ച് വര്‍ഷം മുന്‍പ് ഒരു ദിവസം മഞ്ജു വാര്യരും ഗീതു മോഹന്‍ ദാസും എന്റെ വീട്ടിലേക്ക് വന്നു. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള മെസേജുകള്‍ മൊബൈല്‍ ഫോണില്‍ മഞ്ജു വാര്യര്‍ കണ്ടു എന്നും ഇങ്ങനെയുള്ള മെസേജുകള്‍ അയക്കുമോ എന്നും മറ്റും എന്നോട് ചോദിച്ചു. അന്ന് എന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. മഞ്ജുവിന്റെ വിഷമം കണ്ടപ്പോള്‍ ഇതൊന്നും കാര്യമാക്കേണ്ട എന്ന് ഞാനും അമ്മയും മഞ്ജുവിനോട് പറഞ്ഞ് സമാധാനിപ്പിച്ചു. മഞ്ജു കാവ്യയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അതിന് ശേഷം ഞാനും മഞ്ജുവും ഗീതുവും കൂടി ഭാവനയുടെ വീട്ടിലേക്ക് പോയി. ഭാവനയുടെ അച്ഛനും അമ്മയും ഭാവനയുടെ വീട്ടില്‍ ഉണ്ടായിരുന്നു. ഭാവനയുടെ അച്ഛന്‍ അവളെ വഴക്കുപറഞ്ഞു. അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയണമെന്ന് പറഞ്ഞു. കാവ്യയും ദിലീപും തമ്മിലുള്ള ബന്ധത്തെപ്പറ്റി കൂടുതല്‍ അറിയാവുന്നത് ഭാവനയ്ക്ക് ആയിരുന്നു. കാവ്യയും ദിലീപും തമ്മില്‍ ബന്ധം ഉണ്ടെന്നായിരുന്നുവെന്നാണ് ഭാവന പറഞ്ഞത്.

മഞ്ജു വാര്യരുടെ മൊഴിയുടെ പൂര്‍ണരൂപം

ഞാന്‍ 2016-2017 തീയതി പൊലീസിന് കൊടുത്ത മൊഴിയാണ് ഇപ്പോള്‍ വായിച്ച് കേട്ടത്. ആ മൊഴിയില്‍ ഞാന്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞതായി മൊഴി നല്‍കിയിട്ടുണ്ട്. ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞത് സാധാരണക്കാരന്‍ ചിന്തിക്കുന്ന രീതിയില്‍ ചിന്തിച്ചതുകൊണ്ടാണ്. ചലച്ചിത്രതാരങ്ങളുടെ കൂട്ടായ്മ നടന്ന ദിവസം ഞാന്‍ മാത്രമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞത്. ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിന് ശേഷം ഞാന്‍ സിനിമാ ഫീല്‍ഡില്‍ നിന്ന് പൂര്‍ണമായി മാറി നില്‍ക്കുകയായിരുന്നു. ആരുമായി ഞാന്‍ Interact ചെയ്തിരുന്നില്ല. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകള്‍ ഞാന്‍ ദിലീപേട്ടന്റെ ഫോണില്‍ നേരിട്ട് കണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമ നടിമാരുമായ സംയുക്താ വര്‍മ, ഗീതു മോഹന്‍ ദാസ്, ഭാവന എന്നിവരുമായി ഷെയര്‍ ചെയ്യുകയും ചെയ്തു. അതിനെ തുടര്‍ന്ന് ഭാവന അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ എന്നോട് പറഞ്ഞു. ഞാന്‍ കാവ്യയെ കുറിച്ചും ദിലീപേട്ടനെ കുറിച്ചും അറിഞ്ഞ കാര്യങ്ങള്‍ക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണ് ഭാവന പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി ബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ ദിലീപേട്ടനോട് ചോദിച്ചു. അതിനെ തുടര്‍ന്ന് വീട്ടില്‍ വഴക്കുണ്ടായി. അതിന്റെ പേരില്‍ ദിലീപേട്ടന് ഭാവനയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹന്‍ ദാസും കൂടി ഭാവനയുടെ വീട്ടില്‍ പോയിരുന്നു. ഭാവനയുടെ വീട്ടില്‍ വെച്ച് അവളുടെ അച്ഛന്‍ അവളോട് നിനക്ക് എന്തെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു കൊടുക്കു എന്നും മറ്റും വഴക്ക് പറഞ്ഞു. ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്ന് ഭാവന എന്നോട് പറഞ്ഞു. ഞാന്‍ റിമിയെ വിളിച്ചിരുന്നു. റിമിയും അതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രില്‍ 17 നാണ് ഞാന്‍ ദിലീപേട്ടന്റെ വീട്ടില്‍ നിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാന്‍ അറിഞ്ഞ് വീട്ടില്‍ സംസാരം ഉണ്ടായതിന് ശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിര്‍ത്തിരുന്നു.

കേസില്‍ ചലച്ചിത്രമേഖലയില്‍ നിന്ന് അമ്ബതുപേരുടെ മൊഴികളാണ് രേഖപ്പെടുത്തിയിട്ടുളളത്. അതെസമയം, കുറ്റപത്രം കൈപ്പറ്റാന്‍ പള്‍സര്‍ സുനിയടക്കം 6 പ്രതികളെ പൊലിസ് ഇന്ന് കോടതിയില്‍ ഹാജരാക്കാത്തതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സുനിയുടെ അഭിഭാഷകന്‍ പറഞ്ഞു.

ടോമിയുടെ മൊഴിയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ:

ഞാന്‍ കഴിഞ്ഞ 20 വര്‍ഷത്തോളമായി ഗായികയാണ്. ഇതുവരെ ഇരുന്നൂറോളം സിനിമകളില്‍ പാടിയിട്ടുണ്ട്. (അക്രമിക്കപ്പെട്ട നടി) അഭിനയിച്ച ഹണിബീ 2 എന്ന ചിത്രത്തിലാണ് അവസാനം പാടിയത്. തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തില്‍ ഞാന്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. കൂടാതെ കുഞ്ഞിരാമായണം, അഞ്ച് സുന്ദരികള്‍, കാര്യസ്ഥന്‍ എന്നീ സിനിമകളില്‍ ചെറിയ വേഷവും ചെയ്തിട്ടുണ്ട്. ഞാന്‍ ഏഷ്യാനെറ്റിലും മഴവില്‍ മനോരമയിലും പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. 2002ല്‍ മീശ മാധവന്‍ എന്ന ചിത്രത്തിന്റെ ഭാഗമായാണ് ഞാന്‍ ദിലീപിനെ പരിചയപ്പെടുന്നത്. ആ വര്‍ഷം തന്നെ മീശമാധവന്‍ എന്ന സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് ഞാന്‍ ദിലീപേട്ടനും കാവ്യാ മാധവനും ഒപ്പം യൂറോപ്യന്‍ ട്രിപ്പ് പോയിട്ടുണ്ട്.

2004ല്‍ യുഎഇയില്‍ ദിലീപ് ഷോയിലും ഞാന്‍ പങ്കെടുത്തു. 2010ല്‍ ദിലീപേട്ടന്‍, കാവ്യ, ആക്രമിക്കപ്പെട്ട നടി, നാദിര്‍ഷാ എന്നിവരുമൊത്ത് ദിലീപ് ഷോയ്ക്കും ഞാന്‍ അമേരിക്കയില്‍ പോയിരുന്നു. പല ദിവസങ്ങളിലായിരുന്നു ഷോ. അന്ന് കാവ്യയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും എന്റെ അമ്മയും എന്നോടൊപ്പം ഇല്ലായിരുന്നു. ആ സമയം കാവ്യയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്ട് ആയതിനാല്‍ അവര്‍ക്ക് കൂടിക്കാഴ്ച്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല.

അമേരിക്കയില്‍ താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം മുറികളായിരുന്നു ഒരുക്കിയിരുന്നത്. അമേരിക്കയിലെ ഷോ തീര്‍ന്ന അവസാന ദിവസം രാത്രി കാവ്യ മാധവന്‍ അവളുടെ അച്ഛന്റേയും അമ്മയുടേയും അനുവാദത്തോടെ ആക്രമിക്കപ്പെട്ട നടിയുടെ മുറിയില്‍ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി വന്നിരുന്നു. അന്ന് രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി. കാവ്യാമാധവനും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്‌റൂമില്‍ പോയി. കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടനും റൂമില്‍നിന്ന് തിരികെ പോയി.

2012 ഫെബ്രുവരി 12ന് മഞ്ജു ചേച്ചിയും സംയുക്ത വര്‍മയും ഗീതു മോഹന്‍ ദാസും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടില്‍ ചെല്ലുകയും ദിലീപേട്ടനും കാവ്യയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിനെപ്പറ്റിയും എനിക്കറിയാം. ആക്രമിക്കപ്പെട്ട നടി അമേരിക്കന്‍ ട്രിപ്പില്‍ വച്ച് നടന്ന കാര്യങ്ങളേക്കുറിച്ച് എല്ലാം മഞ്ജു ചേച്ചിയോട് പറഞ്ഞു. ആക്രമിക്കപ്പെട്ട നടി എന്നെ വിളിച്ച് മഞ്ജു ചേച്ചിയോട് എല്ലാം തുറന്ന് പറയണമെന്നും ഞാന്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിച്ചിരുന്നു. ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ദിലീപേട്ടനും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതായി അറിയാം.

ആക്രമിക്കപ്പെട്ട നടിയുമായി ദിലീപേട്ടന് അടുത്ത ബന്ധമായിരുന്നുവെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. അവര്‍ ഒരുമിച്ച് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. എന്നാല്‍ ദിലീപ് ഇടയ്ക്കിടെ ആക്രമിക്കപ്പെട്ട നടിയെ വിളിച്ച് കൊച്ചുവര്‍ത്തമാനം പറയുന്നത് ഇഷ്ടമല്ല എന്ന് അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. 2013ലെ അമ്മ ഷോയുടെ റിഹേഴ്‌സല്‍ നടക്കുന്നതിനിടയില്‍ കാവ്യയും ദിലീപേട്ടനും ഒരുമിച്ചിരുന്നു സംസാരിക്കുന്നതുമായ ചിത്രങ്ങള്‍ മഞ്ജു ചേച്ചി അംഗമായ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ആക്രമിക്കപ്പെട്ട നടി അയച്ചുകൊടുത്തിരുന്നുവെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.

എനിക്ക് ദിലീപുമായി പണമിടപാടുകള്‍ ഒന്നുംതന്നെയില്ല. ഞങ്ങള്‍ ഒരുമിച്ച് വീടോ മറ്റ് സ്വത്തുക്കളോ വാങ്ങിക്കുകയോ വില്‍ക്കുകയോ നിക്ഷേപിക്കുകയോ ചെയ്തിട്ടില്ല. നടിയെ ആക്രമിച്ച വിവരം ഞാന്‍ അറിയുന്നത് ടിവിയില്‍ വാര്‍ത്ത കണ്ടിട്ടാണ്. 18-2-2017 രാവിലെ ഒമ്പത് മണിയോടെ ഞാന്‍ കാവ്യയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. എന്നാല്‍ ഈ വാര്‍ത്ത ആദ്യമായി കേട്ടതിന്റെ നടുക്കമോ ആകാംഷയോ കാവ്യയുടെ പ്രതികരണത്തില്‍ തോന്നിയില്ല. അതെന്താണെന്ന് ഞാന്‍ ചിന്തിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയാണ് റിമിയുടെ മൊഴി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments