അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ താത്കാലിക നിയമപരിരക്ഷ റദ്ദാക്കാനൊരുങ്ങി അമേരിക്ക. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ നാല് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ നിയമപരിരക്ഷ റദ്ദാക്കുമെന്നും ഏകദേശം ഒരു മാസത്തിനുള്ളില്‍ അവരെ നാടുകടത്താന്‍ സാധ്യതയുണ്ടെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് വെള്ളിയാഴ്ച അറിയിച്ചു.
2022 ഒക്ടോബര്‍ മുതല്‍ അമേരിക്കയിലെത്തിയ നാല് രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 5,32,000 ആളുകള്‍ക്ക് ഈ ഉത്തരവ് ബാധകമാണ്. സാമ്പത്തിക സ്‌പോണ്‍സര്‍ഷിപ്പില്‍ എത്തിയ ഇവര്‍ക്ക് യു.എസില്‍ താമസിക്കാനും ജോലി ചെയ്യാനും രണ്ട് വര്‍ഷത്തെ പെര്‍മിറ്റാണ് നല്‍കിയിരുന്നതെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു.
ഏപ്രില്‍ 24, അല്ലെങ്കില്‍ നോട്ടീസ് പ്രസിദ്ധീകരിച്ച് 30 ദിവസങ്ങള്‍ക്ക് ശേഷം അവരുടെ നിയമപരിരക്ഷ നഷ്ടപ്പെടുമെന്നും ക്രിസ്റ്റി നോം അറിയിച്ചു.പുതിയ നയം നിലവില്‍ യു.എസിലുള്ളവരെയും ഹ്യുമാനിറ്റേറിയന്‍ പരോള്‍ പ്രോഗ്രാമിന് കീഴില്‍ വന്നവരെയും ബാധിക്കും. യുദ്ധമോ രാഷ്ട്രീയ അസ്ഥിരതയോ ഉള്ള രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് യു.എസില്‍ പ്രവേശിക്കാനും താല്‍ക്കാലികമായി താമസിക്കാനും അനുമതി നല്‍കാന്‍ പ്രസിഡന്റുമാര്‍ ദീര്‍ഘകാലമായി ഉപയോഗിച്ചിരുന്ന ഹ്യുമാനിറ്റേറിയന്‍ പരോള്‍ പ്രോഗ്രാമിന്റെ ദുരുപയോഗം അവസാനിപ്പിക്കാനുള്ള മുന്‍ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണിത്.
നേരത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍തന്നെ നിയമവിരുദ്ധമായി യു.എസില്‍ കഴിയുന്ന ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. പ്രസിഡന്റ് എന്ന നിലയില്‍ കുടിയേറ്റക്കാര്‍ക്ക് യു.എസിലേക്ക് വരാനും താമസിക്കാനുമുള്ള നിയമപരമായ വഴികള്‍ അദ്ദേഹം അവസാനിപ്പിക്കുകയും ചെയ്തു.
അതേസമയം, പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് അനുസരിച്ച് ക്യാംപസിൽ കൂടുതൽ പോലീസിന് കൂടുതൽ അധികാരം നൽകാനും മാസ്‌ക് നിരോധനം ഏർപ്പെടുത്താനും കൊളംബിയ സർവ്വകലാശാല സമ്മതിച്ചു. ഇസ്രയേലിന്റെ ഗാസ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടർന്ന് സർവ്വകലാശാലയ്ക്കുള്ള ധനസഹായം ട്രംപ് ഭരണകൂടം നിർത്തലാക്കി ഒരു മാസത്തിനു ശേഷമാണ് കൊളംബിയ സർവ്വകലാശാല ഈ തീരിമാനം കൈക്കൊള്ളുന്നത്.