സൗദി ഓൺലൈൻ വിസ പദ്ധതിക്ക് തുടക്കമായി; ഇനി മണിക്കൂറുകൾക്കകം വിസ ഓൺലൈനായി കയ്യിലെത്തും !

170

ജി.സി.സി രാജ്യങ്ങളില്‍ താമസരേഖയുള്ളവര്‍ക്ക് സൗദി സന്ദര്‍ശിക്കാന്‍ ഓണ്‍ലൈന്‍ വിസ നല്‍കുമെന്ന സൗദി ടൂറിസം മന്ത്രാലയത്തിന്റെ പദ്ധതി ആരംഭിച്ചു. ആവശ്യപ്പെട്ട രേഖകള്‍ സഹിതം ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് മണിക്കൂറുകള്‍ക്കകം വിസ ലഭിച്ചു. ഫോട്ടോ പതിച്ച ഓണ്‍ലൈന്‍ വിസ ഇ-മെയില്‍ വഴിയാണ് ലഭിക്കുന്നത്. 90 ദിവസം സൗദിയില്‍ തങ്ങാന്‍ അനുമതിയുള്ള മള്‍ട്ടിപ്പിള്‍ വിസയാണ് സൗദി ഡിജിറ്റല്‍ എംബസി നല്‍കുന്നത്. തൊഴിലുടമയുടെ അനുമതിപത്രമോ ബാങ്ക് സ്റ്റേറ്റ്മെന്റോ ആവശ്യമില്ലാത്തതിനാല്‍ അതിവേഗം കാര്യങ്ങള്‍ സാധ്യമാകുന്നുണ്ടെന്ന് അപേക്ഷകര്‍ പറഞ്ഞു. സൗദി സന്ദര്‍ശന വിസാനിയമത്തിലെ പുതിയമാറ്റം രാജ്യത്തെ വാണിജ്യരംഗത്ത് വലിയ മാറ്റങ്ങളുണ്ടാകും. മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി കരമാര്‍ഗം അതിര്‍ത്തി പങ്കിടുന്ന സൗദി കിഴക്കന്‍ പ്രാവശ്യയിലെ ചെറുതും വലുതുമായ പട്ടണങ്ങളിലെ വ്യാപാരികളടക്കം ഈ മാറ്റത്തിന്റെ ഗുണഭോക്തക്കളാകും. ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുക ജിദ്ദ വിമാനത്താവളത്തിലായിരിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ഉംറ നിര്‍വഹിക്കാനും കുടുംബമായും അല്ലാതെയും ഇനി മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് സൗദിയിലേക്ക് വന്‍ തോതില്‍ ആളുകളെത്തും. അവധിക്കാലത്ത് സൗഹൃദ സന്ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകും. അപ്പാര്‍ട്ട്മെന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും വിമാനകമ്ബനികള്‍ക്കും വലിയ രീതിയില്‍ ഗുണം ചെയ്യുന്നതാണ് പുതിയ വിസാനിയമം.

പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ സജീവമാകും. മഞ്ഞുപെയ്യുന്ന തണുപ്പുകാലത്ത് മാത്രം വിനോദസഞ്ചാര കേന്ദ്രങ്ങളായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ചില പ്രദേശങ്ങളും സൗദിയിലുണ്ട്. അവിടങ്ങളിലേക്കെല്ലാം ഇനി വിദേശ സഞ്ചാരികളുടെ വലിയ പ്രവാഹം തന്നെയുണ്ടാകും. അടുത്ത കാലത്തായി സൗദിയുടെ സംരംഭക നയത്തിലുണ്ടായ മാറ്റങ്ങളും സംരഭകത്വത്തിനുള്ള ലളിതമായ നടപടികളും സൗദിയില്‍ മുതലിറക്കാന്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലുള്ള വിദേശ നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കുന്നതാണ്.
എന്നാല്‍ ബിസിനസ്സിനുള്ള സാധ്യതാപഠനം നടത്തുന്നതിനും പങ്കാളികളെ കണ്ടെത്തുന്നതിനും അവരുമായി സംവദിക്കാനും സൗദിയിലേക്ക് എത്തുക ശ്രമകരമായിരുന്നു. ബിസിനസ് ക്ഷണക്കത്തും പിന്നീട് അതത് രാജ്യത്ത് കോണ്‍സുലേറ്റില്‍നിന്ന് വിസ പതിക്കലും ഉള്‍പ്പടെ നൂലാമാലകള്‍ ഏറെയായിരുന്നു. പുതിയ ഓണ്‍ലൈന്‍ വിസ യാഥാര്‍ഥ്യമായതോടെ സംരംഭകര്‍ക്ക് എത്രയും വേഗം സൗദിയിലെത്താനും പ്രാഥമിക നടപടികള്‍ ആരംഭിക്കാനുമാകും.