
അംഗീകൃത ഏജന്‍സികള്‍ വഴിയല്ലാതെ സമൂഹ മാധ്യമങ്ങളിലൂടെ പ്രമോഷന് നടത്തരുതെന്ന് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് റിയാദ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ മുന്നറിയിപ്പ്. ലൈസന്‍സില്ലാതെ സൗദി പൗരനല്ലാത്ത ഒരാള്‍ രാജ്യത്ത് സ്വന്തം അക്കൗണ്ടില്‍ സാമ്ബത്തിക പ്രവര്‍ത്തനം നടത്തുന്നത് കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. കുറ്റവാളിക്ക് അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുന്ന ശിക്ഷയാണിതെന്നും റിയാദ് ചേംബര്‍ പറഞ്ഞു. വാണിജ്യസ്ഥാപനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നവരും സമൂഹ മാധ്യമങ്ങളില്‍ വാണിജ്യ പരസ്യം ചെയ്യാന്‍ അനുവദിക്കുന്ന ലൈസന്‍സും മതിയായ രേഖകളും ഉള്ളവരുമായേ ഇടപാട് നടത്താവൂ. സ്വദേശികളല്ലാത്തവരുമായി ഇടപാടുകള്‍ നടത്തുകയോ, അവരുമായി ഉല്പന്നങ്ങള് പരസ്യം ചെയ്യുകയോ, ഉല്പന്നങ്ങള്, സേവനങ്ങള്‍, ചരക്കുകള്‍ എന്നിവയുടെ മാര്‍ക്കറ്റിങ് ഇവന്റുകളിലേക്ക് അവരെ ക്ഷണിക്കുകയോ ചെയ്യരുത്.
സമൂഹ മാധ്യമങ്ങളില്‍ പരസ്യം പോസ്റ്റ് ചെയ്യുന്ന സൗദി പൗരന്മാരല്ലാത്ത താമസക്കാരും സന്ദര്‍ശകരുമായ ആളുകളുടെ ഇടപാടുകള്‍ നിരീക്ഷിച്ച് നിയമലംഘനങ്ങളെ കുറിച്ച് മനസ്സിലാക്കിയ ശേഷമാണ് റിയാദ് ചേംബര്‍ തങ്ങളുടെ അംഗങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചത്. ഇത്തരം പരസ്യ കാമ്ബയിന് സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്നവരുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ അവര്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വാണിജ്യ രേഖകളോ ലൈസന്‍സോ ഇല്ലെന്നും ഏതെങ്കിലും വാണിജ്യ നിക്ഷേപ സ്ഥാപനത്തിന്റെയോ വിദേശ നിക്ഷേപ ലൈസന്‍സിന്റെയോ കീഴില്‍ പ്രവര്‍ത്തിക്കുന്നതല്ലെന്നും തികച്ചും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവയാണെന്നും കണ്ടെത്തിയതായി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.