HomeWorld Newsഅയർലണ്ട് ട്രാവൽ ഏജൻസി ടിക്കറ്റ് വിവാദം: കാഴ്ചപ്പാട്: അനൂപ് ജോസഫ് അയർലൻഡ്

അയർലണ്ട് ട്രാവൽ ഏജൻസി ടിക്കറ്റ് വിവാദം: കാഴ്ചപ്പാട്: അനൂപ് ജോസഫ് അയർലൻഡ്

ഒരു വിലാപം; മുൻവിധികളില്ലാതെ വായിക്കുക.

ആദ്യമേ പറഞ്ഞു കൊള്ളട്ടെ, ഇവിടെ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ ലേഖകന്റെ സ്വന്തം അഭിപ്രായം ആണ്. കൊറോണ എന്ന മഹാവ്യാധി വന്ന കാലം മുതൽ നമ്മൾ ഏവരുടെയും ജീവിതങ്ങൾ അത്ര സുഖകരമല്ല, അതിനിടയ്ക്കാണ് ഏകദേശം മൂന്നു മാസം മുമ്പ് നാട്ടിൽ പോകാൻ വിമാന ടിക്കറ്റ് എടുത്തവർക്ക് ടിക്കറ്റ് റീഫണ്ട് ചെയ്യുമ്പോൾ സർവീസ് ചാർജ് ആയി 50 യൂറോ ഓരോ ടിക്കറ്റിനും എടുക്കുന്നു എന്ന വാർത്ത. നാലു പേരുള്ള വീട്ടിൽ, ടിക്കറ്റ് റീഫണ്ട് ചെയ്യുമ്പോൾ 200 യൂറോ നഷ്ടം. ഒരു ശരാശരി പ്രവാസിക്ക് ഒരു ദിവസം 70 മുതൽ 100 യൂറോ വരെയാണ് വരുമാനം ഉള്ളത്, അപ്പോൾ ഇത് തീർച്ചയായും അസ്വസ്ഥത ഉളവാക്കുന്ന ഒരു കാര്യമായിരുന്നു. തുടർന്നങ്ങോട്ട് മലയാളികൾ ഒറ്റക്കെട്ടായി ഈ പ്രശ്നത്തിനെ നേരിടുന്നതാണ് കണ്ടത്, ശരിക്കും മലയാളിയുടെ സംഘബോധം ഉണർന്നു വന്ന സമയം. ഒരു പ്രയാസം ഉണ്ടാകുമ്പോൾ സമൂഹം ഒറ്റക്കെട്ടായി ഉണരുന്നത് തീർച്ചയായും ആഹ്ലാദം തരുന്ന ഒരു കാഴ്ചയായിരുന്നു. പക്ഷേ തുടർന്നങ്ങോട്ട് ഏകപക്ഷീയമായ രീതിയിലുള്ള ആരോപണങ്ങളുടെ ഒരു പെരുമഴയായിരുന്നു. ആരോപണങ്ങൾ പലപ്പോഴും മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നത് കണ്ടു. ട്രാവൽ ഏജൻസിമാരുടെ കുടുംബാംഗങ്ങളെയും കുഞ്ഞുങ്ങളെയും വരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും കാണാൻ സാധിച്ചു.

ഈ പ്രശ്നം ഒന്നു പരിഹരിക്കാൻ ഈ നാട്ടിലെ ഒരു രാഷ്ട്രീയ,മതസംഘടനകളും, സാമൂഹിക കൂട്ടായ്മകളും ഒന്നും തന്നെ മുന്നിലേക്ക് വന്നു കണ്ടില്ല. പിന്നീട് ചില വ്യക്തികൾ മുന്നിലേക്ക് വന്നു കൊണ്ട് ഇത് അവസാനിപ്പിക്കാൻ ശ്രമിച്ചത് എന്തുകൊണ്ടോ നടക്കാതെ പോയതായും കാണാൻ സാധിച്ചു. ഈ വിവാദത്തിന്റെ നാൾവഴികളിൽ ഒരിക്കൽപോലും ഇതൊന്നു അവസാനിപ്പിക്കാൻ ആയുള്ള ഒരു ആത്മാർത്ഥമായ ശ്രമങ്ങളും ഇരുഭാഗത്തുനിന്നും നടന്നു കണ്ടില്ല. നാൾക്കുനാൾ ആരോപണങ്ങളുടെ പെരുമഴകൾ ഉണ്ടായപ്പോഴും കുറ്റകരമായ മൗനം പാലിച്ച് ട്രാവൽ ഏജൻസികൾ സമൂഹത്തിൽ കൂടുതൽ അസ്വസ്ഥത ഉണ്ടാക്കി. എന്തുകൊണ്ടാണ് സർവീസ് ചാർജ് എടുക്കുന്നത് എന്ന് ഇന്ന് ഇക്കാലമത്രയും അവർ വ്യക്തമാക്കിയിട്ടില്ല. ഇതിനിടയിൽ ആരെയും വിഷമിപ്പിക്കുന്ന കണക്കുള്ള ചില വ്യക്തിഹത്യ കണ്ടുകൊണ്ട് അതിനെതിരെ ചിലർ പ്രതികരിച്ചു കണ്ടു. എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് ആ പ്രതികരണങ്ങളെ വ്യക്തിപരമായ ആരോപണങ്ങൾ കൊണ്ടും, അതിതീവ്രമായ അധിക്ഷേപങ്ങൾ കൊണ്ടും മൂടുന്നത് ആണ് പിന്നീട് കണ്ടത്.

ഒരു പെൺകുട്ടി അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ ഉന്നയിച്ചപ്പോൾ, മലയാളഭാഷ വായിക്കാൻ സാധിക്കുന്നവർ പോലും വായിക്കാൻ മടിക്കുന്ന തരത്തിലുള്ള ഒരു മറുപടിയാണ് ഒരു ഐറിഷ് പത്രത്തിലൂടെ അവർക്ക് തിരികെ ലഭിച്ചത്. വ്യക്തിഹത്യയും, വർണ വിവേചനവും, ലൈംഗിക അധിക്ഷേപങ്ങളും തുടങ്ങി ഒരു ഉന്നത വിദ്യാഭ്യാസ ബോധമുള്ള സമൂഹത്തിൽ ഒരിക്കലും ആരും പറയാൻ പാടില്ലാത്തതാണ് കണ്ടത്. ആ വാർത്തയിൽ ഉള്ള ഒരു കാര്യങ്ങളും ഇവിടെ പ്രതിപാദിക്കാൻ സാധിക്കുന്ന തരത്തിൽ ഉള്ളതല്ല, എന്നിരുന്നാലും ഒരു കാര്യം പറയാതിരിക്കാൻ പറ്റില്ല, ആ സ്ത്രീയുടെ തൊലിയുടെ നിറം ഒരല്പം കറുത്തു പോയതിന്റെ പേരിൽ സൗന്ദര്യം ഇല്ല എന്ന് പറഞ്ഞിരിക്കുന്നതും കാണേണ്ടി വന്നിരുന്നു. ഈ നൂറ്റാണ്ടിലും ഇത്തരം വർണ്ണവിവേചന ചിന്താഗതിക്കാർ നമ്മുടെ കൂട്ടത്തിൽ ഉണ്ടല്ലോ എന്നുള്ളത് അത് ദയനീയമാണ്. വർണവിവേചനത്തിനെതിരെ പോരാടിയ ഗാന്ധിയുടെ അനുയായികൾ തന്നെയാണ് ഇതിന് പിന്നിലുള്ളത് എന്നത് അത്യധികം വിഷമം ഉണ്ടാക്കുന്ന ഒരു നഗ്ന സത്യമാണ്.

ചില യാഥാർത്ഥ്യങ്ങൾ,

ടിക്കറ്റ് വിഷയവുമായി അറിയാൻ പറ്റി ചില കാര്യങ്ങളിൽ ഒന്ന് ഇപ്പോൾ എടുത്തിരിക്കുന്ന എമിറേറ്റ്സ് എന്ന വിമാനക്കമ്പനിയുടെ ടിക്കറ്റ് റീഫണ്ട് ചെയ്യാതെ ഇരിക്കുകയാണെങ്കിൽ, ടിക്കറ്റെടുത്ത നാൾമുതൽ മുതൽ 760 ദിവസം വരെ അത് വാലിഡ് ആണ് എന്നുള്ളതാണ്. ഇപ്പോൾ എടുത്തിരിക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് രണ്ടുവർഷത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഒരു രൂപയും അധികമായി നൽകാതെ എങ്ങോട്ടു പോകാൻ ആണോ ടിക്കറ്റ് എടുത്തത് ആ സ്ഥലത്തേക്ക് യാത്ര ചെയ്യാൻ സാധിക്കുന്നതാണ്. ഈയൊരു വശം സ്വീകരിക്കുകയാണെങ്കിൽ സർവീസ് ചാർജിന്റെ പേരിലുള്ള നഷ്ടം ഒഴിവാക്കാൻ സാധിക്കുന്നതാണ്. ഇപ്പോൾ തന്നെ നാം ഏവർക്കും അറിയാം നാട്ടിൽ നിന്ന് ഇങ്ങോട്ട് വരാൻ മാത്രം 75,000

– 125000 രൂപയിൽ കൂടുതൽ ആണ് വേണ്ടത് എന്ന്. അപ്പോൾ തീർച്ചയായും നമ്മുടെ ടിക്കറ്റ് ചാർജുകൾ ഉയരാൻ തന്നെയാണ് സാധ്യത ഉള്ളത്. ആ നിലയ്ക്കും ഇപ്പോൾ എടുത്ത ടിക്കറ്റ് വിലയ്ക്ക് യാത്ര ചെയ്യാൻ പോകുന്നത് ഇരട്ടിലാഭം ആയി മാത്രമേ വരാൻ പോകുന്നുള്ളൂ. ഈയൊരു വസ്തുത ജനങ്ങളിലേക്ക് എത്തിക്കാൻ ആരും ശ്രമിച്ചതായും ശ്രദ്ധിക്കപ്പെട്ടില്ല, അതുകൊണ്ടാണ് ഇവിടെ ഇത് ഊന്നിപ്പറയുന്നത്.

കൊറോണയുടെ തുടക്കകാലം മുതൽ തന്നെ എന്നെ ഓരോ വിമാനക്കമ്പനികളും ഒരേ വിഷയത്തിൽ തന്നെ പലവിധ അഭിപ്രായങ്ങൾ കാലാകാലങ്ങളിൽ പറയുന്നത് കാണാൻ സാധിക്കുന്നുണ്ട്. അതുപോലെതന്നെ വിമാന കമ്പനികൾ ആയി അവരുടെ സർവീസ് ക്യാൻസൽ ആക്കിയതിനു ശേഷം മാത്രമേ ആ ടിക്കറ്റ് റീഫണ്ട് ചെയ്യുമ്പോൾ മുഴുവൻ തുകയും നൽകുകയുള്ളൂ, അല്ലാത്തപക്ഷം സാധാരണഗതിയിലുള്ള ക്യാൻസലേഷൻ ഫീസ് ഈടാക്കുന്നതാണ് എന്നും അറിയാൻ സാധിച്ചു. ഓരോ ട്രാവൽ ഏജൻസിയും 3000 മുതൽ 4000 ആളുകൾക്ക് വരെ ടിക്കറ്റ് എടുത്തതായും 50 യൂറോ വെച്ച് രണ്ടു ലക്ഷം യൂറോയ്ക്ക് മുകളിൽ ലാഭം നേടിയതായി പറയുന്നു. എന്നാൽ തിരക്കിയപ്പോൾ ഒരു ട്രാവൽ ഏജൻസി മുഴുവൻ തുകയും തിരികെനൽകുന്നതായും എട്ടുമുതൽ 10 ആഴ്ചയ്ക്കുള്ളിൽ സർവീസ് ചാർജ് ഈടാക്കിയവർക്ക്‌ അടക്കം മൊത്തം പേർക്കും എല്ലാം നൽകും എന്ന് അറിയാൻ സാധിച്ചു. ബാക്കിയുള്ളവർ മെയിൻ ഏജൻറ്മാർ മടക്കി നൽകുന്ന തുകയ്ക്ക് അനുസൃതമായി ചെയ്യുന്നതായും അറിയാൻ സാധിച്ചു.

അവസാനമായി ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ,ആരും ആരുടെയും കുടുംബങ്ങളെ പറ്റി അനാവശ്യങ്ങൾ പറയരുത്. റീഫണ്ട് പ്രശ്നത്തിൽ ട്രാവൽ ഏജൻസികളെ കുറ്റം പറയാൻ എല്ലാവർക്കും അവകാശമുണ്ട്, എന്നാൽ അവർ കാണിക്കുന്ന മര്യാദ തീർച്ചയായും അവർക്ക് തിരികെ നൽകേണ്ടുന്ന ഒന്നാണ്. ഇന്നുവരെ നമ്മൾ വിളിക്കുമ്പോൾ ഫോൺ എടുത്ത് എല്ലാ കാര്യങ്ങളും ചെയ്തു തരുന്ന വരെ ഇങ്ങനെ അങ്ങനെ വ്യക്തിഹത്യ ചെയ്യാൻ പാടില്ല. എന്ത് കാര്യത്തിന് പറ്റിയും പ്രതിഷേധിക്കാം പക്ഷേ അത് പ്രതികാരവും വ്യക്തിഹത്യയും ആയിത്തീരുന്നത് ഒരു നല്ല സമൂഹത്തിൻറെ ലക്ഷണം അല്ലാതായി മാറും.

ടിക്കറ്റ് എടുത്ത് റീഫണ്ട് ആവശ്യമുള്ളവർ നിങ്ങളുടെ ഏജൻറ്മാരെ വിളിക്കുക, അവർ പറയുന്ന കാര്യങ്ങൾ സ്വീകരിക്കാൻ സാധിക്കുമോ ഇല്ലയോ എന്ന് നോക്കുക. സാധിക്കുന്നില്ലെങ്കിൽ ഇവിടെയുള്ള സംഘടനകളുടെ സഹായത്തോടെ കൂടെ ഒരു മാന്യമായ ഒത്തുതീർപ്പു ചർച്ചകൾ നടത്തി ഇത് അവസാനിപ്പിക്കാൻ നമുക്കേവർക്കും ശ്രമിക്കാം. അല്ലാത്തപക്ഷം നിയമം അനുശാസിക്കുന്ന വഴിക്ക് നമുക്കേവർക്കും മുന്നോട്ടുപോകാൻ സാധിക്കുന്നതാണ്. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നത് ആൾക്കൂട്ടത്തിന്റെ സ്വഭാവമാണ്, എന്നാൽ നീതി ലഭിച്ചു എന്നു പറയുന്നത് അതാത് കാലത്തുള്ള നിയമവ്യവസ്ഥയുടെ മാർഗ്ഗങ്ങളിലൂടെ ചലിക്കുമ്പോൾ ലഭിക്കുന്നതാണ്.

ഈ പ്രവാസലോകത്ത് ഏവരും ജീവിക്കാനാണ് വന്നിരിക്കുന്നത്, ആരും ആരെയും നശിപ്പിക്കാതിരിക്കാൻ ശ്രമിക്കുക, ആരും ആരിൽ നിന്നും കൊള്ളയടിക്കാതിരിക്കാൻ ശ്രമിക്കുക, ആരും ആരേയും വ്യക്തിഹത്യകൾ ചെയ്യാതിരിക്കാൻ ശ്രമിക്കുക അല്ലെങ്കിൽ നമ്മൾ താമസിക്കുന്ന സമൂഹത്തിൽ സ്വയം അവഹേളിക്കപെടാൻ കാരണമായിത്തീരുകയും ചെയ്യും. ഒന്നായി നിൽക്കാം ഒന്നായി മുന്നേറാം.ഈ കാലവും കഴിഞ്ഞ് നമ്മൾ എല്ലാവരും സന്തോഷത്തോടെ ജീവിക്കാൻ ഉള്ളതാണ്, ആർക്കും അങ്ങോട്ടുമിങ്ങോട്ടും വിദ്വേഷങ്ങൾ ഉണ്ടാവാൻ പാടില്ല. സമയം ഒട്ടും കഴിഞ്ഞിട്ടില്ല, തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തി നമുക്ക് വീണ്ടും മുൻപോട്ടു നടക്കാം. ഏവർക്കും നന്മ വരട്ടെ.

പിൻകുറിപ്പ്:- ഈ ലേഖനത്തിന്റെ പേരിൽ ഇനി ഒരു വ്യക്തിഹത്യ നടത്തരുത്. ആർക്കെതിരെ എന്തു പറഞ്ഞാലും ശരി സ്ത്രീകൾക്കെതിരെ, കുഞ്ഞുങ്ങൾക്ക് എതിരെ പറയാൻ വരരുത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments