HomeWorld NewsEuropeഭിന്നശേഷിക്കാർക്കായുള്ള മജീഷ്യൻ മുതുകാടിന്റെ സ്വപ്നപദ്ധതിക്ക് തന്റെ ഒരുമാസത്തെ ശമ്പളം നൽകി അയർലണ്ട് മലയാളി ബേബി പെരേപ്പാടന്‍

ഭിന്നശേഷിക്കാർക്കായുള്ള മജീഷ്യൻ മുതുകാടിന്റെ സ്വപ്നപദ്ധതിക്ക് തന്റെ ഒരുമാസത്തെ ശമ്പളം നൽകി അയർലണ്ട് മലയാളി ബേബി പെരേപ്പാടന്‍

ലോകമെങ്ങും പടർന്നു പിടിച്ചിരിക്കുന്ന മഹാമാരി ആയ കൊറോണ മൂലം പലതരത്തിലുള്ള സ്വകാര്യ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണ്. എന്നാൽ ഇതിനിടയിൽ ആരും ശ്രദ്ധിക്കാതെ വളരെ ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സ്ഥാപനങ്ങളും ഉണ്ട്. അതിൽ ഒന്നാണ് പ്രശസ്ത മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാടിന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന “മാജിക് പ്ലാനെറ്റ് “എന്ന സ്ഥാപനം.

നൂറോളം ഭിന്നാശേഷിയുള്ള കുട്ടികളെ മ്യൂസിക്,മാജിക്,ചിത്രരചനാ, ഡാന്‍സ് ,വാദ്യമേളം തുടങ്ങിയ വിവിധ കലാരംഗങ്ങളില്‍ പരിശീലനം നല്‍കി അവരെ സ്വയം ജീവിക്കുവാന്‍ പര്യാപ്തരാക്കുവാനുള്ള മഹത്തായ പദ്ധതിയാണ് മജീഷ്യന്‍ മുതുകാടിന്റെ സ്വപ്‌നത്തിലുണ്ടായിരുന്നത്. പരിശീലന പരിപാടികളെല്ലാം പൂര്‍ത്തിയാക്കി വരുമാനം ലഭിക്കത്തക്ക വിധത്തില്‍ പ്രോഗ്രാമുകള്‍ ആരംഭിക്കവെയാണ് കോവിഡ് കടന്ന് വന്ന് പദ്ധതികള്‍ എല്ലാം മുടക്കിയത്.ഇതിനിടെ ഈ കുട്ടികളുടെ അമ്മമാര്‍ക്ക് ചെറിയ വരുമാനമാര്‍ഗത്തിനായി ‘കരിഷ്മ’ എന്ന ഒരു തൊഴില്‍ സംരംഭം കൂടി ഇവിടെ ആരംഭിച്ചിരുന്നു.

കൊറോണ ഈ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണിപ്പോള്‍.ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ മൂലം സ്റ്റേജ് പ്രാഗ്രാമുകള്‍ നടത്താന്‍ കഴിയാത്തതു ഇവരുടെ വരുമാനത്തെ കാര്യമായി ബാധിച്ചു .

ഇവിടത്തെ കുട്ടികളും അവരുടെ അധ്യാപകരും അമ്മമാരും കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുകയാണിപ്പോള്‍.

പ്രവാസികള്‍ക്കായി ഓണ്‍ലൈനിലൂടെ ചില പരിപാടികള്‍ നടത്തിയെങ്കിലും അതൊന്നും ഈ സ്ഥാപനത്തിന്റെ നടത്തിപ്പിന് ഒന്നുമാവില്ല. നൂറോളം ചെറുപ്പക്കാരും,അവരുടെ അമ്മമാരും സാമ്പത്തിക ക്ലേശത്തില്‍ അക്ഷരാര്‍ത്ഥ ത്തില്‍ അരക്ഷിതാവസ്ഥയിലാണ്.

ഭിന്നശേഷികരായ കുട്ടികള്‍ക്ക് ഭാവിയില്‍ ഒരു തൊഴില്‍ നല്‍കുക എന്ന ഉദ്ദേശത്തോടെ ഗോപിനാഥ് മുതുകാട് തുടക്കമിട്ട Different Art Center (DAC ) എന്ന സ്ഥാപനവും ഇപ്പോള്‍ നിശ്ചലമായിരിക്കുകയാണ്.കാര്യമായ സര്‍ക്കാര്‍ സഹായങ്ങള്‍ ഒന്നുമില്ലാതെ,ആരും ശ്രദ്ധിക്കാതെ വളരെ ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നത്,

ലോകം മുഴുവന്‍ ചുറ്റി നടന്ന് മാജിക്ക് ഷോകളും, പേഴ്സണലിറ്റി ക്‌ളാസുകളും അവതരിപ്പിച്ച് കിട്ടുന്ന സംഭാവനകള്‍ മുഴുവന്‍ മാജിക്ക് പ്ലാനറ്റ് എന്ന തന്റെ സങ്കല്‍പ്പത്തിന്റെ പൂര്‍ത്തീകരണത്തിനായി നീക്കി വെച്ചിരുന്ന മജീഷ്യന്‍ മുതുകാടും, തന്റെ പ്രസ്ഥാനത്തിന്റെ ജീവശ്വാസം നിലനിര്‍ത്താന്‍ ഭഗീരപ്രയത്‌നത്തിലാണ്.

സുമനസുകളുടെ സഹകരണവും,പ്രോത്സാഹനവുംവഴി പ്രവര്‍ത്തിച്ചു പോന്നിരുന്ന മാജിക്ക് പ്ലാനറ്റിന്റെ പ്രവര്‍ത്തനങ്ങളെല്ലാം കോവിഡ് പ്രതിസന്ധിക്കിടയില്‍ താറുമാറായ പ്രത്യേക സാഹചര്യത്തിലാണ് ആ മഹാ പ്രസ്ഥാനത്തെ നിലനിര്‍ത്താനായി ഒരു കൈ സഹായവുമായി ബേബി പെരേപ്പാടന്‍ മുന്നിട്ടിറങ്ങിയത്.

ഈ അവസ്ഥകള്‍ എല്ലാം മനസിലാക്കിയപ്പോള്‍ ആണ് ഡബ്ലിന്‍ താലയിലെ കൗണ്‍സിലറും അങ്കമാലി സ്വദേശിയുമായ ബേബി പെരേപ്പാടന്‍ തന്റെ ഒരു മാസത്തെ ശമ്പളം മാജിക് പ്ലാനെറ്റിലെ ഈ കുട്ടികള്‍ക്കായി സംഭാവന ചെയ്യാന്‍ തീരുമാനിച്ചത്. സംസ്‌കാരിക സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായ അദ്ദേഹം രണ്ട് തവണ മാജിക് പ്ലാനറ്റ് സന്ദര്‍ശിക്കുകയും ശ്രീ മുതുകാടിന്റെ നേതൃത്വത്തില്‍ അവിടെ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട് .

തന്റെ ഈ പ്രവര്‍ത്തി മറ്റുള്ളവര്‍ക്കും ഒരു പ്രചോദനമാവുകയും സാധിക്കുന്ന എല്ലാവരും തങ്ങള്‍ക്കു കഴിയുന്ന രീതിയില്‍ ഈ കുട്ടികളുടെ ക്ഷേമത്തിനും നല്ലൊരു ഭാവിക്കുമായി തങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ നല്‍കണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും ബേബി പെരേപ്പാടന്‍ പ്രതികരിച്ചു.

മാജിക് പ്ലാനറ്റിന് സംഭാവന ചെയ്യാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാം

https://www.differentartcentre.com/vismayasaanthwanam/uk-ireland/180421

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments