ഭക്തിസാന്ദ്രമായി വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; പുണ്യസ്ഥലങ്ങൾ കനത്ത സുരക്ഷയിൽ; അറഫാ സംഗമം ഇന്ന്

35

ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. പുണ്യ സ്ഥലങ്ങളുടെ സുരക്ഷ സൈന്യം ഏറ്റെടുത്തു. ആഗോളവ്യാപകമായി കൊവിഡ് മഹാമാരി പിടിപെട്ട സാഹചര്യത്തില്‍ ഹജ്ജ് തസ്രീഹ് ഇല്ലാതെ പുണ്യ ഭൂമിയില്‍ പ്രവേശിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണിത്. ആരോഗ്യ സുരക്ഷയുടെ ഭാഗമായി പൂര്‍ണമായും വിദേശ തീത്ഥാടകരെ ഒഴിവാക്കി ആയിരം പേര്‍ക്കു മാത്രമാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്കു തന്നെ മക്കയുടെ അതിര്‍ത്തി പ്രദേശമായ കര്‍നുല്‍ മനാസില്‍ എന്ന മീകാത്തി(അതിര്‍ത്തി)ല്‍നിന്നു ഇഹ്‌റാം ചെയ്ത് ഹാജിമാര്‍ മിനയിലേക്ക് നീങ്ങിത്തുടങ്ങി. മക്കയിലെയും പരിസര പ്രദേശമായ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലായി ഇന്ന് തുടങ്ങിയ ഹജ്ജ് കര്‍മങ്ങള്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ആരാധനാകര്‍മങ്ങളിലൂടെയാണ് പൂര്‍ത്തിയാവുക. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ശാരീരിക അകലം പാലിക്കുന്നതുള്‍പ്പെടെയുടെ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് പുണ്യ സ്ഥലങ്ങളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.