HomeWorld NewsGulfഓൺലൈൻ, സ്‌മാർട്‌ഫോൺ വഴി വീസയ്ക്ക് വൻ സ്വീകരണം

ഓൺലൈൻ, സ്‌മാർട്‌ഫോൺ വഴി വീസയ്ക്ക് വൻ സ്വീകരണം

അബുദാബി ∙ ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ഓൺലൈൻ, സ്‌മാർട്‌ഫോൺ വഴിയുള്ള വീസകൾക്കു വൻപ്രതികരണം. സ്വദേശികളുടെയും വിദേശികളുടെയും വീസാ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി അധികൃതർ അറിയിച്ചു. വീസാ നടപടികൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണു ഹ്രസ്വകാല വീസകൾക്ക് അപേക്ഷിക്കാൻ വെബ്‌സൈറ്റിലും സ്‌മാർട്‌ഫോണിലും സൗകര്യം ഒരുക്കിയത്. യുഎഇ തിരിച്ചറിയൽ കാർഡ് അവലംബിച്ചാണു വീസ പ്രക്രിയകൾ പൂർത്തിയാക്കുന്നത്. അതിനൂതന സാങ്കേതിക സംവിധാനങ്ങളൊരുക്കി യുഎഇയിലെ താമസ കുടിയേറ്റ വകുപ്പുകളിൽ തിരക്കൊഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സർക്കാർ സ്‌മാർട് പദ്ധതി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ലഫ്. കേണൽ ഫൈസൽ മുഹമ്മദ് അൽശംരി അറിയിച്ചു.

2018 ആകുമ്പോഴേക്കും ഇടപാടുകാരുടെ തോത് 80 ശതമാനമാക്കി കുറയ്‌ക്കാനാണു നീക്കം. വീടുകളിൽതന്നെ വീസാ അപേക്ഷകൾ സമർപ്പിക്കാൻ കഴിയുന്ന തരത്തിലാണു പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. ഇതോടെ രാജ്യത്തേക്കുള്ള പ്രവേശനാനുമതിക്ക് 24 മണിക്കൂറും അപേക്ഷിക്കാനാകും. യുഎഇയിലുള്ള ബന്ധുക്കളേയോ സുഹൃത്തുക്കളേയോ കൊണ്ടുവരേണ്ടവർക്കു സന്ദർശക വീസയാണു നൽകുക. സമയനഷ്‌ടം കൂടാതെ യാത്ര സാധ്യമാക്കും വിധം അതിവേഗത്തിലാണു വീസ സേവനങ്ങൾ. ഒരുതവണ സന്ദർശിക്കാൻ കഴിയുന്നതും പലതവണ യാത്രയ്‌ക്കു സാധ്യമാകുന്നതുമായ ഇ–വീസകൾ വിതരണം ചെയ്യുന്നുണ്ട്. സ്വകാര്യ കമ്പനികളുടെ സ്‌പോൺസർഷിപ്പിൽ 30 ദിവസം കാലാവധിയുള്ള വീസ നൽകുന്നുണ്ട്.

വീസ ആവശ്യമുള്ള ആളുടെ പാസ്‌പോർട്ട് പകർപ്പ് സഹിതമാണ് ഓൺലൈനിൽ അപേക്ഷിക്കേണ്ടത്. കമ്പനിയുടെ കാലാവധിയുള്ള എസ്‌റ്റാബ്ലിഷ് കാർഡും 1000 ദിർഹം ബാങ്ക് ഗ്യാരന്റിയുമാണു വീസ ലഭിക്കാനുള്ള മറ്റു വ്യവസ്‌ഥകൾ. കമ്പനി സീൽ പതിച്ചതായിരിക്കണം അപേക്ഷകൾ. സന്ദർശനലക്ഷ്യം സ്‌പോൺസർ അപേക്ഷയിൽ വ്യക്‌തമാക്കിയിരിക്കണം. സന്ദർശകൻ താമസിക്കുന്ന വിലാസവും ടെലിഫോൺ നമ്പറും നൽകിയിരിക്കണം. രാജ്യം വിടുന്നതോടെ ബാങ്ക് സുരക്ഷാ തുക തിരിച്ചുനൽകും. 30 ദിവസത്തെ കാലാവധിയുള്ള ഒറ്റയാത്രയ്‌ക്കുള്ള വ്യക്‌തിഗത വീസ വേണ്ടവർക്കു സ്വദേശിയുടെ പാസ്‌പോർട്ട് പകർപ്പിനോടൊപ്പവും അപേക്ഷ നൽകാം.

ഈ വീസയ്‌ക്കും ആയിരം ദിർഹം ബാങ്ക് ഗ്യാരന്റി നൽകണം. സന്ദർശകൻ തിരിച്ചുപോയശേഷം നിശ്‌ചിത തുക സ്‌പോൺസർക്കു തിരിച്ചുനൽകും. വീസ്‌യ്‌ക്ക് ആവശ്യമുള്ള വ്യക്‌തികളുടെ പാസ്‌പോർട്ടിന് ആറുമാസം കാലാവധി വേണമെന്നതും പ്രധാന വ്യവസ്‌ഥയാണ്. റിയൽ എസ്‌റ്റേറ്റ് ഉടമയ്‌ക്ക് ആറുമാസം കാലാവധിയുള്ള വീസയും ആഭ്യന്തര മന്ത്രാലയം നൽകുന്നുണ്ട്. താമസ വീസയാക്കി മാറ്റാൻ കഴിയുന്ന വിധത്തിലാണു നിക്ഷേപക മേഖലയിലുള്ള ഇവർക്കു വീസ അനുവദിക്കുന്നത്. ഒരു മാസത്തിനിടയിൽ പതലവണ യാത്രചെയ്യാൻ കഴിയുന്ന ഹ്രസ്വകാല വിനോദ സഞ്ചാര വീസയ്‌ക്കും അപേക്ഷിക്കാം.

കപ്പൽയാത്രക്കാർക്കാണ് ഇത്തരം വീസകൾ നൽകുന്നത്. വിനോദസഞ്ചാര മേഖലയിലെ സ്‌ഥാപനങ്ങൾ വഴിയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. 200 ദിർഹമാണു നിരക്ക് . യുഎഇയിൽ താമസിക്കുന്ന ഒരാൾക്ക് അടുത്ത ബന്ധുക്കളെ കൊണ്ടുവരാനായി 30 ദിവസ വീസയും ഓൺലൈൻ വഴി നൽകാൻ തുടങ്ങി. അടുത്ത ബന്ധുക്കൾക്കു രാജ്യത്തേക്കു സ്വന്തം സ്‌പോൺസർഷിപ്പിൽ പ്രവേശിക്കാൻ സാധിക്കും. സാക്ഷ്യപ്പെടുത്തിയ വിവാഹപത്രം, കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. വരുന്നവർക്കു താമസയിടം ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാനാണിത്.

90 ദിവസം കാലാവധിയുള്ള വീസയാണു വേണ്ടതെങ്കിൽ ജലവൈദ്യുതി ബിൽ നൽകണം. മാതാപിതാക്കൾ, ഭാര്യ, ഭാര്യയുടെ മാതാവ്, പിതാമഹൻ തുടങ്ങിയ അപേക്ഷകന്റെ അടുത്ത ബന്ധുക്കൾക്കാണു സന്ദർശക വീസ ലഭിക്കുക. എന്നാൽ, മന്ത്രാലയ അണ്ടർ സെക്രട്ടറിയുടെ പ്രത്യേക അനുമതിയുണ്ടെങ്കിൽ രണ്ടാംനിരക്കാരായ ബന്ധുക്കൾക്കും വീസ ലഭിക്കും. ആയിരം ദിർഹമാണു ബാങ്ക് സുരക്ഷയായി മുൻകൂട്ടി നൽകേണ്ടത്. പതലവണ യാത്രചെയ്യാൻ കഴിയുന്ന വീസ ലഭിക്കണമെങ്കിൽ അപേക്ഷയോടൊപ്പം 100 ദിർഹമും വീസ കൈപ്പറ്റാനായി 400 ദിർഹമും നൽകണം. www.moi.gov.ae എന്ന വിലാസത്തിലാണു വീസാ അപേക്ഷകൾ സമർപ്പിക്കേണ്ടത്. പൊതുജനങ്ങൾക്ക് ഓൺലൈൻ സേവനം സംബന്ധിച്ച നിർദേശങ്ങളും പരാതികളും smart@moi.gov.ae, 8005000 വഴി സമർപ്പിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments