നരകയാതന അനുഭവിച്ച് ഷാർജയിൽ ഒരു മലയാളി കുടുംബം; ഇവർ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസുകൾ കനിയണം

താമസിക്കുന്ന വീട്ടില്‍ നിന്നും ഏതു നിമിഷവും തെരുവിലേക്കിറക്കി വിടാം എന്ന പേടിയില്‍ കഴിയുകയാണ് ഷാർജയിൽ ഒരു മലയാളി കുടുംബം. ഷാര്‍ജയില്‍ കുടുംബസമേതം താമസമാക്കിയ ഷാജിമൂസയും കുടുംബവുമാണ് ഇപ്പോള്‍ ഈ ദുരിതജീവിതം നയിക്കുന്നത്. ഷാജിമൂസയും ഭാര്യയും മക്കളുമടങ്ങുന്ന ഈ നാലംഗ കുടുംബത്തിന് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കാറില്ല. അന്തിയുറങ്ങാന്‍ മാത്രമാണ് ഇവര്‍ വാടക വീട്ടിലെത്തുന്നത്. പകല്‍ മുഴുവന്‍ സമീപത്തെ ഷോപ്പിങ് മാളുകളില്‍ ചിലവഴിക്കും.

കടുത്ത സാമ്ബത്തികബാധ്യതയാണ് ഇപ്പോള്‍ കുടുംബം നേരിടുന്നത്. മൂന്നുവര്‍ഷംമുമ്ബ് കാര്‍ഗോ ബിസിനസ് തകര്‍ന്നതോടെയാണ് ദുരിതം ആരംഭിക്കുന്നത്. ബിസിനസ് പൊളിഞ്ഞതോടെ കിട്ടാനുള്ള പണം നല്‍കാതെ ഇടപാടുകാര്‍ ഷാജിമൂസയെ വഞ്ചിച്ചു. കൊടുത്തുതീര്‍ക്കാനുള്ള മുഴുവന്‍ പണവും കൊടുത്തുതീര്‍ത്തു. പലിശക്കാരില്‍നിന്ന് പണം കടം വാങ്ങിയാണിത്.

എന്നാല്‍, പലിശക്കാരുടെ ഇടപാട് കൃത്യമായി തീര്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ പോലീസ് കേസെടുത്തു. ഒരുനിലയ്ക്കും വരുമാനമില്ലാതായതോടെ സുമനസ്സുകളുടെ കാരുണ്യത്തില്‍ ജീവിതം തള്ളിനീക്കുകയാണിവര്‍. ഷാജിയുടെയും ഭാര്യയുടെയും രണ്ടുമക്കളുടെയും വിസാ കാലാവധി കഴിഞ്ഞിട്ട് മൂന്നുവര്‍ഷമായി. കുട്ടികളുടെ സ്‌കൂള്‍വിദ്യാഭ്യാസവും പ്രശ്‌നത്തിലാണ്. ഫീസ് അടച്ചില്ലെങ്കില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. വാടക കൊടുക്കാത്തതിനാല്‍ രണ്ടുതവണ വീട്ടില്‍നിന്നിറക്കിവിട്ടു. സാമൂഹികപ്രവര്‍ത്തകര്‍ ഇടപെട്ടാണ് അന്തിയുറങ്ങാന്‍ ഇപ്പോള്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.