അടുത്ത വർഷം അവസാനം കാനഡയിലെ 50 ലക്ഷം താല്‍ക്കാലിക പെർമിറ്റുകളുടെ കാലവധി അവസാനിക്കുന്നതോടെ രാജ്യത്തെത്തിയ ഭൂരിഭാഗം ആളുകളും സ്വമേധയാ രാജ്യം വിട്ടേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ. കനേഡിയൻ ഇമിഗ്രേഷൻ കമ്മിറ്റിയെ അറിയിച്ചതാണ് ഇക്കാര്യം. കാലാവധി അവസാനിക്കുന്ന പെർമിറ്റുകളില്‍ 766,000 എണ്ണം വിദേശ വിദ്യാർഥികളുടേതാണ്. കാനഡ അടുത്തിടെ വരുത്തിയ മാറ്റങ്ങളാണ് അന്താരാഷ്ട്ര വിദ്യാർഥികളില്‍ ആശങ്ക ഉയർത്തുന്നത്.
കാനഡ ഇതിനകം അന്താരാഷ്‌ട്ര സ്റ്റുഡന്റ് പെർമിറ്റുകളില്‍ 35ശതമാനത്തോളം കുറവ് വരുത്തിയിട്ടുണ്ട്. എല്ലാ താല്‍ക്കാലിക താമസക്കാരും രാജ്യത്തുനിന്ന് പോകേണ്ടതില്ലെന്ന് മാർക്ക് മില്ലർ പറഞ്ഞു. ചിലർക്ക് വിസ പുതുക്കാനും, മറ്റു ചിലർക്ക് ബിരുദാനന്തര വർക്ക് പെർമിറ്റ് നേടാനും അവസരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാധാരണയായി മൂന്നു വർഷം വരെയാണ് പെർമിറ്റുകള്‍ നല്‍കിവരുന്നത്.
വിദേശ വിദ്യാർഥികള്‍ക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള വർക്ക് എക്സ്പീരിയൻസ് നേടാൻ ഈ സമയ പരിധിയിലൂടെ കഴിയാറുണ്ട്. അടുത്ത ഒരു വർഷത്തിനുള്ളില്‍ ലക്ഷക്കണക്കിന് പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റുകളുടെ കാലവധി അവസാനിക്കുന്നതിനാല്‍ വിദ്യാർഥികള്‍ക്ക് സ്ഥിരതാമസത്തിനായി കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാം.