HomeWorld NewsEuropeബ്രിട്ടനില്‍ തെരേസ മേയുടെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി; തൂക്കുമന്ത്രിസഭ നിലവിൽ വരും

ബ്രിട്ടനില്‍ തെരേസ മേയുടെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി; തൂക്കുമന്ത്രിസഭ നിലവിൽ വരും

പ്രധാനമന്ത്രി തെരേസ മേയുടെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ട് ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൂക്കുസഭ. കാലാവധി തീരാന്‍ മൂന്നു വര്‍ഷം ശേഷിക്കെയാണ് ഡേവിഡ് കാമറൂണിന്റെ പിന്‍ഗാമിയായി എത്തിയ തെരേസ മേ തിരഞ്ഞെടുപ്പ് നേരിട്ടത്. 330 സീറ്റുണ്ടായിരുന്ന കൺസർവേറ്റിവ് പാർട്ടിക്ക് പാർലമെന്റിലെ അംഗബലം 316 ആയി കുറഞ്ഞു. കേവലഭൂരിപക്ഷത്തിന് ഒൻപതു സീറ്റു കുറവ്. കൂടുതൽ സീറ്റാനായി വോട്ടുതേടിയ അവർക്ക് നിലവിലുണ്ടായിരുന്ന സീറ്റുപോലും നിലനിർത്താനായില്ല.

ആകെയുള്ള 650 സീറ്റിൽ 316 സീറ്റാണ് ഭരണകക്ഷിയായ ടോറികൾക്ക് ലഭിച്ചത്. മുഖ്യപ്രതിപക്ഷമായ ലേബറിന് 262 സീറ്റും മറ്റൊരു ദേശീയ പാർട്ടിയായ ലിബറൽ ഡെമോക്രാറ്റുകൾക്ക് 12 സീറ്റും ലഭിച്ചു. സ്കോട്ടിഷ് നാഷണൽ പാർട്ടിക്ക് 35 സീറ്റും അയർലൻഡിലെ പ്രധാന പ്രാദേശിക പാർട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിക്ക് 10 സീറ്റും ലഭിച്ചു. യുകെ ഇൻഡിപെൻഡൻസ് പാർട്ടി, ഗ്രീൻ പാർട്ടി തുടങ്ങിയ ദേശീയ കക്ഷികൾക്ക് സീറ്റൊന്നും ലഭിച്ചില്ല.

വോട്ടെണ്ണലിന്റെ ആരംഭം മുതല്‍ ലീഡു നിലനിര്‍ത്തി മുന്നേറിയ ലേബര്‍ പാര്‍ട്ടി വിജയിക്കുമെന്നായിരുന്നു തുടക്കത്തിലെ വിലയിരുത്തലുകള്‍. എന്നാല്‍, വോട്ടെണ്ണല്‍ പുരോഗമിക്കുന്തോറും നില മെച്ചപ്പെടുത്തിയ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. മെയ്ഡന്‍ഹെഡില്‍നിന്ന് ജനവിധി തേടിയ പ്രധാനമന്ത്രി തെരേസ മേ വിജയിച്ചു. ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ഇസ്‌ലിങ്ടണിലും ജയിച്ചുകയറി.

ഭരണത്തില്‍ മൂന്നുവര്‍ഷത്തെ കാലാവധികൂടി ഉണ്ടായിരുന്ന തെരേസ മേ, ജനവിധി അനുകൂലമാക്കി ബ്രെക്‌സിറ്റിന് ശക്തിപകരാനാണ് ഇത്തവണ നേരത്തെ തിരഞ്ഞെടുപ്പു നിശ്ചയിച്ചത്.തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോള്‍ മേയ്ക്കു വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നുവെങ്കിലും ഭീകരാക്രമണങ്ങളും പ്രചാരണത്തിലെ പാളിച്ചകളും ലേബര്‍ പാര്‍ട്ടിയെ ഒപ്പമെത്തിച്ചു. എന്നാല്‍, അവസാന ദിവസങ്ങളില്‍ വീണ്ടും സ്ഥിതി മാറുകയായിരുന്നു. വ്യക്തമായ ഭൂരിപക്ഷമുണ്ടായിരിക്കെ കൂടുതല്‍ സീറ്റുതേടി തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച തെരേസ മേയ്ക്ക് നിലവിലുള്ളതിനേക്കാള്‍ ഒരു സീറ്റുകുറഞ്ഞാല്‍പോലും അത് പരാജയമാണ്. തകര്‍ന്നടിയുമെന്ന് എല്ലാവരും തുടക്കത്തില്‍ വിലയിരുത്തിയ ലേബറിനു കിട്ടുന്നതെല്ലാം ബോണസും.

ജനവിധി പ്രതികൂലമായ സാഹചര്യത്തില്‍ തേരേസ മേ എത്രയും പെട്ടെന്ന് പ്രധാനമന്ത്രി പദം ഒഴിയണമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടു. അതേസമയം, ബ്രിട്ടനില്‍ സ്ഥിരതയുള്ള സര്‍ക്കാരിനെ ഉറപ്പാക്കാനാണ് തന്റെ ശ്രമമെന്ന് തെരേസ മേ പ്രതികരിച്ചു.fb-copy

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments