HomeWorld NewsEuropeഅയർലണ്ടിൽ ഓറഞ്ച് അലേർട്ട്: മഞ്ഞുവീഴ്ചയുടെ മറവിൽ ഡബ്ലിനിൽ വൻ കവർച്ച; വീഡിയോ കാണാം

അയർലണ്ടിൽ ഓറഞ്ച് അലേർട്ട്: മഞ്ഞുവീഴ്ചയുടെ മറവിൽ ഡബ്ലിനിൽ വൻ കവർച്ച; വീഡിയോ കാണാം

കനത്ത മഞ്ഞുവീഴ്ചയെത്തുടർന്നു രാജ്യത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ വെസ്റ്റ് ഡബ്ലിനിലെ ലിഡില്‍ സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് വൻ കവര്‍ച്ച. കവർച്ച നടത്തിയ ഒന്‍പത് പേരെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ഫോര്‍ച്ച്യൂണ്‌സ് ടൗണ്‍ ലൈനിലെ ലിഡില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജെസിബി ഉപയോഗിച്ച് മേല്‍ക്കൂരയും ചുമരും പൊളിച്ച് ഒരു സംഘം അകത്ത് കടന്നു മോഷണം നടത്തുകയായിരുന്നു. കെട്ടിടം പൊളിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മോഷ്ടിച്ച വസ്തുക്കളുമായി ഓടുന്നവരെയും വീഡിയോയില്‍ കാണാം. കൗമാരക്കാരും സംഘത്തില്‍ ഉണ്ടായിരുന്നു.

കനത്ത മഞ്ഞുവീഴ്ചയെത്തുടർന്നു രാജ്യത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ഈ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടച്ചിട്ടിരിക്കയായിരുന്നു. മുപ്പതോളം പേരടങ്ങുന്ന കവര്‍ച്ച സംഘം സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ അതിക്രമിച്ചു കടക്കുന്നതായി ഇന്നലെ വൈകിട്ടാണ് ഗാര്‍ഡയ്ക്ക് ഫോണ്‍ സന്ദേശം ലഭിച്ചത്. കനത്ത മഞ്ഞ് റോഡില്‍ മൂടി കിടക്കുന്നതിനാല്‍ ഗാര്‍ഡസംഭവസ്ഥലത്ത് എത്താന്‍ വൈകി. ഈ സമയം കൊണ്ടുതന്നെ സംഘം സൂപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിക്കുകയായിരുന്നു. ലോക്കല്‍ സംഘങ്ങളാണ് ഇതിനു പിന്നിലെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തുകയും ശേഷം ഒന്‍പത് പേരെ ഗാര്‍ഡ അറസ്റ്റുചെയ്യുകയും ചെയ്തു.

ലീഡില്‍ സൂപ്പര്‍ മാര്‍ക്കറ്റിനു പുറമെ ജോബ്‌സ് ടൗണിലെ സെന്‍ട്ര സ്റ്റോറിലും കവര്‍ച്ച ശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സൂപ്പരമാര്‍ക്കറ്റില്‍ നിന്ന് മോഷ്ടിച്ച് സേഫ് പാതിതുറന്ന നിലയില്‍ ഉപേക്ഷിക്കപെട്ടതായി കണ്ടെത്തി.

അതിനിടെ, കഴിഞ്ഞ രണ്ട് ദിവസമായി അയര്‍ലന്‍ഡില്‍ തുടരുന്ന റെഡ് സ്റ്റാറ്റസ് വാണിങ് ഓറഞ്ച് വാണിങ്ങിലെക്ക് താഴ്ത്തി. മണ്‍സ്റ്റര്‍, ലിനസ്റ്റര്‍, കാവന്‍, മോനഘന്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ ഓറഞ്ച് മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഡൊണോഗല്‍, കോനാക്ട് എന്നിവിടങ്ങളില്‍ യെല്ലോ വാണിങ്ങുകളും നല്‍കിയിട്ടുണ്ട്. ഇന്ന് മുതല്‍ അയര്‍ലണ്ടില്‍ കനത്ത മഴയും പ്രതീക്ഷിക്കാം. മഴ പെയ്യുമ്പോള്‍ തണുത്തുറഞ്ഞ മഞ്ഞ് പാളികള്‍ ഉരുകാന്‍ തുടങ്ങുന്നതോടെ കടുത്ത വെള്ളപൊക്കമാണ് അയര്‍ലണ്ട് വരും ദിവസങ്ങളില്‍ അഭിമുഖീകരിക്കാനിരിക്കുന്നത്. തെക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകുമെന്നും കാലാവസ്ഥ മുന്നറിയിപ്പുണ്ട്.

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് എയര്‍ലിംഗ്സിന്റെ 50 ലധികം വിമാന സര്‍വീസുകള്‍ ഇന്ന് റദ്ദാക്കിയിട്ടുണ്ട്. കാലാവസ്ഥ മോശമായതിനാല്‍ റൈന്‍ എയറിന്റെ ഒരു ഡസനോളം വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

രാജ്യത്തിന്റെ തെക്കന്‍ മേഖലകളില്‍ താപനില മൂന്ന് മുതല്‍ അ6 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. കോര്‍ക്ക്, കെറി, വാട്ടര്‍ ഫോര്‍ഡ് കൗണ്ടികളിലാണ് താപനിലയില്‍ നേരിയ തോതില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയത്.കോര്‍ക് സിറ്റിയിലും കോര്‍ക്ക് കൗണ്ടിയിലെ താഴ്ന്ന പ്രദേശങ്ങളിലും, വാട്ടര്‍ഫോര്‍ഡ്, ലിമെറിക്ക്, ഡന്‍ഡാക്ക് , ഡബ്ലിന്‍, ഷാനോന്‍ എന്നിവിടങ്ങളിലും വെള്ളപ്പൊക്കം സാധ്യത നിലനില്‍ക്കുന്നുണ്ട്. നദികള്‍ കരകവിഞ്ഞിരിക്കുന്നതും മഞ്ഞ് ഉരുകാന്‍ തുടങ്ങുന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയാകുമെന്ന് ഉറപ്പായി കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments