HomeWorld NewsEuropeഅയർലണ്ടിലെ ഗാൽവേയിൽ റോഡിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കഴുത്തൊപ്പം മുങ്ങിയ ശേഷം അത്ഭുതകരമായി രക്ഷപെട്ട അനുഭവം വിവരിച്ച്...

അയർലണ്ടിലെ ഗാൽവേയിൽ റോഡിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കഴുത്തൊപ്പം മുങ്ങിയ ശേഷം അത്ഭുതകരമായി രക്ഷപെട്ട അനുഭവം വിവരിച്ച് ഇന്ത്യൻ യുവതി

അയർലണ്ടിലെ ഗാൽവേയിൽ പൊടുന്നനെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട സംഭവം വിവരിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി. രഞ്ജിനി നാഗരാജൻ എന്ന യുവതിയാണ് താൻ രക്ഷപെട്ട സംഭവം വിവരിക്കുന്നത്. ജോലി കഴിഞ്ഞു യുവതി ലോവർ ഫയർഹിൽ റോഡിനരികിലെ വീട്ടിലേക്കു പോകുന്നതിനിടെ, വീടിനു ഏതാനും മീറ്ററുകൾ മാത്രം അകലെവച്ചാണ് സംഭവം. അതിനെക്കുറിച്ച് അവർ ഇങ്ങനെ പറയുന്നു:

”കഴിഞ്ഞ സെപ്റ്റംബറിലാണ് ഞാൻ ഗാൽവേയിലെത്തുന്നത്. ജോലി കഴിഞ്ഞു ഞാൻ വീട്ടിലേക്കു മടങ്ങുകയായിരുന്നു. അപ്പോൾ എൻറെ പാദം നനയാൻ തക്ക വെള്ളമേ ഉണ്ടായിരുന്നുള്ളു. റോഡരികിലൂടെ നടന്നുപോകുകയായിരുന്നു ഞാൻ. വീട്ടിലേക്കെത്താൻ രണ്ടു മിനിട്ടുമാത്രം ശേഷിക്കെ പെട്ടെന്നാണ് വെള്ളം പൊങ്ങിയത്. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നു അത്.പൊടുന്നനെ വെള്ളം പൊങ്ങി എന്റെ നെഞ്ചിന്റെ ഒപ്പമെത്തി. ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. ഞാൻ ഒഴുകിപ്പോകുമോ എന്ന് ഭയന്നു. ഭാഗ്യത്തിന് വെള്ളം പൊങ്ങിയപ്പോൾ ഞാൻ ഒരു റെസ്റ്റോറന്റിന്റെ മുന്നിലെത്തിയിരുന്നു. ആ റെസ്റ്റോറന്റിൽ ഒരു ജീവനക്കാരൻ എന്നെ പെട്ടെന്ന് വലിച്ച് ജനലിന്റെ അരികിലേക്ക് ചേർത്ത് പിടിച്ചു. അതുകൊണ്ടു മാത്രമാണ് ഞാൻ ഒഴുകിപ്പോകാതിരുന്നത്. ഭയന്നുപോയ ഞാൻ കരയാൻ തുടങ്ങി. ശ്വാസം എടുക്കാൻ പോലും എനിക്ക് ബുദ്ധിമുട്ടായതോടെ ഞാൻ ശരിക്കും മരിക്കുമെന്ന് വിചാരിച്ചു. അങ്ങിനെ ഞങ്ങൾ രണ്ടുപേരും ഏകദേശം പത്തു മിനിറ്റോളം കിടന്നു. അതിനു ശേഷമാണ് രക്ഷാപ്രവർത്തകർ എത്തിയത്. ”

ഏകദേശം അരമണിക്കൂറിനു ശേഷം പൊങ്ങിയ വെള്ളം അതിവേഗതയിൽ താണു. വെള്ളം ഇറങ്ങിയെങ്കിലും രഞ്ജിനിക്ക് നനഞ്ഞ വസ്ത്രത്തോടെ ഏകദേശം ഒരു മണിക്കൂറോളം വഴിയിൽ നിൽക്കേണ്ടി വന്നു. ഗാൽവേയിൽ എത്തിയിട്ട് വളരെക്കുറച്ചു നാളുകളെ ആയുള്ളൂവെന്നും തനിക്ക് പരിചയം ഇല്ലാത്തതിനാൽ ആരെയും വിളിക്കാനും കഴിഞ്ഞില്ലെന്നും യുവതി പറയുന്നു. ഇന്ത്യൻ സാഹചര്യങ്ങളിൽ ഇത്രയും തണുപ്പില്ലാത്തതിനാൽ, മഞ്ഞുറയുന്ന ഈ തണുപ്പ് തന്നെ വല്ലാതെ ഭീതിപ്പെടുത്തിയെന്നും അവർ പറഞ്ഞു. ഏതായാലും അപകടമൊന്നും സംഭവിക്കാതെ രക്ഷപെട്ടതിൽ ദൈവത്തോട് നന്ദി പറയുകയാണ് രഞ്ജിനി.************************************************************************കനത്ത മഞ്ഞുവീഴ്ചക്ക് ശേഷം എലിനോര്‍ കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ ഭീതി വിതക്കുകയാണ്. ഡിലന് പുറകെയെത്തിയ എലിനോര്‍ 139 കി.മി വേഗതയിലാണ് വീശിയടിക്കുന്നത്. ജീവന് തന്നെ ഭീഷണിയാകുന്ന എലിനോര്‍ കൊടുങ്കാറ്റ് ഭീതിയോടെയാണ് ജനങ്ങള്‍ വീക്ഷിക്കുന്നത്. തീരപ്രദേശങ്ങളെല്ലാം നിതാന്ത ജാഗ്രതയിലാണ്. ആര്‍ത്തിരമ്പുന്ന തിരമാലകള്‍ തീരപ്രദേശങ്ങളിലെ റോഡുകളെല്ലാം വെള്ളത്തിലാക്കിക്കഴിഞ്ഞു. ഗാല്‍വേയില്‍ കനത്ത വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഡോനിഗല്‍, ഗാല്‍വേ, ലൈട്രിം, മയോ, സ്ലിഗോ, ക്ലെയര്‍, കോര്‍ക്ക്, കെറി, ലിമെറിക് എന്നീ കൗണ്ടികളില്‍ മെറ്റ് ഐറാന്‍ ഓറഞ്ച് വാണിങ് പുറപ്പെടുവിച്ചു. അയര്‍ലണ്ടിന്റെ വടക്കന്‍ തീരപ്രദേങ്ങള്‍ വഴിയാണ് ഇപ്പോള്‍ കാറ്റിന്റെ സഞ്ചാരം. ഇന്ന് വൈകുന്നേരം വരെ ഓറഞ്ച് വാണിങ് നിലവിലുണ്ട്. പല പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യത ഉള്ളതിനാല്‍ മോട്ടോറിസ്റ്റുകള്‍ ജാഗ്രത പാലിക്കുക. ലെയിന്‍സ്റ്റര്‍, കാവന്‍, മോനഗന്‍, റോസ്‌കോണ്‍, ടിപ്പെററി, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ യെല്ലോ വാണിങ്ങും പുറപ്പെടുവിച്ചിട്ടുണ്ട്.55,000 ESB ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം വിശ്ചേദിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. നിരവധി മരങ്ങള്‍ കടപുഴകി സഞ്ചാര തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. അയര്‍ലണ്ടിലെ കോനാക്ട് എയര്‍പോര്‍ട്ടില്‍ കാറ്റിന്റെ വേഗത 100 മൈല്‍സ് ആണ് രേഖപ്പെടുത്തിയത്. മായോ, ലൈട്രിം, സ്ലിഗോ, ഗാല്‍വേ, കാവന്‍, മോനഗന്‍ എന്നിവിടങ്ങളിലാണ് വൈദ്യുതി ബന്ധം തകരാറിലായത്..ഇന്ന് പകലോടെ പൂര്‍ണ്ണമായും വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ കഴിയുമെന്നും അവര്‍ അറിയിച്ചു.

മിക്കയിടങ്ങളിലും മരങ്ങള്‍ വീണ് റോഡുകള്‍ അടച്ചിട്ടുണ്ട്. ഇന്നത്തെ യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ട്രാക്കുകളിലും മറ്റും മരങ്ങള്‍ വീണതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യാത്രകള്‍ തടസ്സപ്പെടുകയോ വൈകുകയോ ചെയ്യാനുള്ള സാധ്യതകളുണ്ട്. ട്രെയിന്‍ യാത്രക്കാരും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്ന് അധികൃതര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments