HomeWorld NewsEuropeപെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ഐറിഷ്മലയാളിയെ കുറ്റവിമുക്തനാക്കി: നിരപരാധിത്വം തെളിഞ്ഞതിൽ ദൈവത്തിനു നന്ദിപറഞ്ഞു തോമസ്

പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ഐറിഷ്മലയാളിയെ കുറ്റവിമുക്തനാക്കി: നിരപരാധിത്വം തെളിഞ്ഞതിൽ ദൈവത്തിനു നന്ദിപറഞ്ഞു തോമസ്

അയര്‍ലണ്ടിലെ നൂറിയില്‍ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വ്യാജ പരാതിയിൽ ഡബ്ലിനിലെ മലയാളിയെ കോടതി കുറ്റവിമുക്തനാക്കി. കേസ് തത്പരകക്ഷികള്‍ കെട്ടിച്ചമച്ചതാണെന്ന് കോടതിയുടെ കണ്ടെത്തല്‍. പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാരോപിച്ച് പണം തട്ടാനുള്ള തത്പരകക്ഷികളുടെ തന്ത്രത്തിന്റെ ഭാഗമായിരുന്നു കേസെന്ന മലയാളി ഹോട്ടലുടമയുടെ വാദം അംഗീകരിച്ച കോടതി, കേസില്‍ പ്രതി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ ഒഴിവാക്കുകയും,ജാമ്യത്തുകയും,പാസ് പോര്‍ട്ടും തിരിച്ചു നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. കോടതിയില്‍ ജാമ്യത്തുകയായി കെട്ടിവെച്ച തുകയും പാസ്പോര്‍ട്ടും ബെല്‍ഫാസ്റ്റിലെ കോടതിയില്‍ നിന്നും തോമസ് മാത്യു തിരികെ വാങ്ങി.

ന്യൂറിയില്‍ ഹോട്ടല്‍ വ്യവസായിയ്യായിരുന്ന ഡബ്ലിന്‍ ക്‌ളോഡാല്‍ക്കിനിലെ തോമസ് മാത്യുവിനെതിരെയാണ് അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് പോലീസ് കേസെടുത്തത്. എന്നാല്‍ പേരക്കുട്ടിയെ പോലെയാണ് താന്‍ കുട്ടിയെ കരുതിയിരുന്നതെന്നും,തന്റെ റസ്റ്റോറന്റില്‍ കുട്ടിയുടെ അച്ഛന്‍ ജോലി ചെയ്യുമ്പോള്‍ ഏറ്റവും വലിയ ഉത്തരവാദത്തോടെയാണ് താന്‍ കുട്ടിയെ പരിരക്ഷിച്ചിട്ടുള്ളതെന്നും തോമസ് മാത്യു കോടതിയില്‍ പറഞ്ഞു.സി സി ടി വി അടക്കം പരിശോധിച്ച കോടതി തോമസ് മാത്യുവിന്റെ വാദം അംഗീകരിക്കുകയായിരുന്നു.

നോര്‍ത്തേണ്‍ അയര്‍ലണ്ട് പോലെയുള്ള ഒരു പ്രദേശം കുട്ടികളുടെ അവകാശങ്ങള്‍ക്ക് നല്‍കുന്ന അമിതമായ സുരക്ഷ കണക്കിലെടുത്ത് പോലീസും,നിയമ പീഠവും ഏറ്റവും നിസാരമായ പഴുതുകള്‍ പോലും അടച്ചാണ് അന്വേഷണം നടത്തിയത്. ചിലരെങ്കിലും വാട്‌സ് ആപ്പിലും മറ്റും ദുഷിപ്പ് എഴുതി ആഹ്‌ളാദിച്ചെങ്കിലും അത്തരക്കാരോടൊന്നും പരിഭവമില്ല തോമസ് മാത്യുവിന്. നിരപരാധിയായിട്ടും,കുറ്റക്കാരാണെന്ന് കരുതപ്പെട്ട നാളുകളിലും ഏറെപ്പേര്‍ തനിക്ക് പിന്തുണയുമായി എത്തിയതിന്റെ സന്തോഷമാണ് തോമസ് മാത്യുവിന് ഇപ്പോഴുള്ളത്. കുറ്റാരോപണം ഉണ്ടായി കൃത്യം ഒരു വര്‍ഷം തികയുന്ന ദിവസത്തില്‍ തന്നെ പരിപൂര്‍ണ്ണമായും കുറ്റവിമുക്തനാക്കപ്പെട്ടതിന്റെ കൃതജ്ഞത മറ്റാരിലും അധികം ദൈവകൃപയെന്ന് പറയാനാണ് അദ്ദേഹത്തിന് ഇഷ്ടം.

കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് തോമസ് മാത്യുവിനെ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ലണ്ടന്‍ ഡെറിയിലെ കോളനൈന്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചെങ്കിലും നോര്‍ത്തേണ്‍ അയര്‍ലണ്ട് വിട്ടു പോകരുതെന്ന വിലക്കുണ്ടായിരുന്നു. ഇതോടെ, ആ മേഖലയില്‍ ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിക്കേണ്ടി വന്നു. രാവും പകലും ഞാന്‍ കര്‍ത്താവിനോട് കരഞ്ഞു പ്രാര്‍ത്ഥിച്ചു.ഫോണോ സോഷ്യല്‍ മീഡിയയോ പോലും ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു.

വാദിഭാഗം തെളിവുകളായി ചൂണ്ടിക്കാട്ടിയ സിസിടിവിയും,ഫോണ്‍ കോളുകളും സാഹചര്യ തെളിവുകളും ഒക്കെ അവര്‍ക്ക് തന്നെ എതിരായി.പണം കൈക്കലാക്കാനുള്ള ഉദ്ദേശ്യം കോടതിയ്ക്ക് സ്പഷ്ടമായതോടെയാണ് തോമസ് മാത്യുവിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി കോടതി പുറപ്പെടുവിച്ചത്.

ആഫ്രിക്കയിലും, ഗള്‍ഫിലും ബിസിനസ് നടത്തിയിരുന്ന തോമസ് മാത്യുവിന് കോട്ടയത്ത് ഇപ്പോഴും വ്യാപാര സംരംഭങ്ങള്‍ ഉണ്ട്. അയര്‍ലണ്ടില്‍ വിവിധ സ്ഥലങ്ങളിലായി അഞ്ചോളം വ്യാപാര സ്ഥാപനങ്ങളുടെ ഉടമയായിരുന്ന തോമസ് മാത്യുവിന് ഇനി ന്യൂറിയിലെ റസ്റ്റോറന്റ് മാത്രമേ നിലനിര്‍ത്താന്‍ ഉദ്ദേശമുള്ളു. ദൈവം എന്നെ വഴി നടത്തും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഇനിയുള്ള കാലം അവനോടുള്ള നന്ദി അറിയിക്കാന്‍ പ്രവര്‍ത്തിക്കാനാണ് എന്റെ തീരുമാനം. അദ്ദേഹം പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments