
കുവൈത്തിൽ ഭിക്ഷാടനം നടത്തിയ നാലു പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയവരില്‍ മൂന്നു പേര്‍ പുരുഷന്മാരും ഒരു സ്ത്രീയുമാണ്. ഇവരെ നാടുകടത്തല്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് യാചന നിയമംമൂലം നിരോധിച്ചിട്ടുണ്ട്. കുട്ടികളെയും സ്ത്രീകളെയും മുന്‍നിര്‍ത്തി പള്ളികളിലും മറ്റും ഭിക്ഷാടനം നടക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. പൊതുസ്ഥലങ്ങളില്‍ ഭിക്ഷാടകര്‍ പിടിയിലായാല്‍ ഉടന്‍ നാടുകടത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഭിക്ഷാടകരെ സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെയും നിയമ നടപടികളുണ്ടാകും. കഴിഞ്ഞ ആഴ്ച ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്റ്സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ പരിശോധനയില്‍ ഭിക്ഷാടനം നടത്തിയ വിവിധ രാജ്യക്കാരായ ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നു. റമദാന് മുന്നോടിയായി യാചകരെ കണ്ടെത്തുന്നതിന് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്റ്സ് അഫയേഴ്സിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപവത്കരിച്ച് പ്രവര്‍ത്തിച്ചുവരുന്നുണ്ട്.