എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത് ‘ജവാൻ’ സിനിമ മുന്നേറുകയാണ്. ഷാരൂഖിന്റെ നായികമാരായി നയൻതാര, ദീപിക പദുക്കോണ്‍ എന്നിവരാണ് വേഷമിട്ടിരിക്കുന്നത്. നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ജവാൻ. അതിഥി കഥാപാത്രമായിട്ടാണ് ദീപിക എത്തുന്നത്. ഇതിനിടെ, അറ്റ്ലിയും നയൻതാരയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്നും പിണക്കത്തിലാണെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
സിനിമയില്‍ തന്റെ വേഷം ഗണ്യമായി കുറച്ചതില്‍ നയൻതാര അറ്റ്‌ലിയോടുള്ള അതൃപ്തി പ്രകടിപ്പിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. ദീപിക പദുക്കോണിന്റെ കൂടുതല്‍ പ്രാധാന്യം നല്‍കിയെന്ന കാരണത്താല്‍ നയൻതാര അറ്റ്‌ലി യോട് നീരസം പ്രകടിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് തമിഴ് സിനിമാലോകത്ത് വളരെ പെട്ടന്നാണ് പടര്‍ന്നത്. നടിക്കെതിരെ നിരവധി കോണുകളില്‍ നിന്നും പരിഹാസമുയര്‍ന്നു. എന്നാല്‍, പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളയുകയാണ് നയൻതാര. അറ്റ്ലിയുടെ പിറന്നാള്‍ ആണിന്ന്. അറ്റ്ലിക്ക് ആശംസ നേര്‍ന്നുകൊണ്ടുള്ള നയൻതാരയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകര്‍ വൈറലാകുന്നത്. അറ്റ്ലിയും നയൻതാരയും പിണക്കത്തിലാണെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ സ്റ്റോറിയെന്ന് നടിയുടെ ആരാധകര്‍ വാദിക്കുന്നു.