അബുദാബി കോടതികളിൽ ഇനി ഔദ്യോഗിക ഭാഷയായി ഹിന്ദിയും; പ്രവാസികൾക്ക് അഭിമാന നിമിഷം

20

അബുദാബി കോടതികളില്‍ ഇനിമുതല്‍ ഹിന്ദി മൂന്നാം ഭാഷ. നീതിനിര്‍വഹണം കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. അബൂദബി ജുഡീഷ്യല്‍ സംവിധാനത്തില്‍ ഹിന്ദി മൂന്നാം ഭാഷയായി ഔദ്യോഗികമായി അംഗീകരിച്ചു. കോടതികളില്‍ നഷ്ടപരിഹാരം ആവശ്യപ്പെടാനും പരാതി ബോധിപ്പിക്കാനും വിദേശികള്‍ക്ക് ഇനി ഇന്ത്യയുടെ ദേശീയ ഭാഷയായ ഹിന്ദിയും ഉപയോഗിക്കാം.

യുഎഇയിലെ വിദേശികളില്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട നിരവധി തൊഴില്‍തര്‍ക്ക കേസുകളാണ് കോടതിയിലെത്തുന്നത്. അറബി, ഇംഗ്ലീഷ് എന്നിവക്ക് പുറമെ ഹിന്ദി ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത് ഇന്ത്യക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഇന്ത്യക്ക് പുറമെ പാകിസ്താന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യക്കാര്‍ക്കും ഈ നീക്കം ഗുണകരമാകും.

കോടതി നടപടികള്‍, സ്വന്തം അവകാശങ്ങള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവ ഹിന്ദി സംസാരിക്കുന്നവര്‍ക്ക് ഭാഷാതടസ്സമില്ലാതെ മനസ്സിലാക്കാന്‍ പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്ന് അബൂദാബി നീതിന്യായ വകുപ്പ് പറഞ്ഞു. വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഹിന്ദിയിലുള്ള ഫോറങ്ങള്‍ ലഭ്യമാക്കുമെന്നും വകുപ്പ് വ്യക്തമാക്കി. കേസിലെ പ്രതി അറബി സംസാരിക്കുന്ന ആളല്ലെങ്കില്‍ സിവില്‍ കോമേഴ്‌സ്യല്‍ കേസുകളിലെ പരാതിക്കാരന്‍ എല്ലാ രേഖകളും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി നല്‍കണമെന്ന് 2018 നവംബറില്‍ അബൂദാബിയില്‍ നിയമം കൊണ്ടുവന്നിരുന്നു.