സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ദേവു ചന്ദനയുടെ അച്ഛൻ തൂങ്ങിമരിച്ച നിലയിൽ; രോഗവുമായി മല്ലിട്ട് ദേവുവും

14

ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടുവെച്ച് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ദേവു ചന്ദനയുടെ അച്ഛനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബുവാണ് മരിച്ചത്. 38 വയസായിരുന്നു. തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയുടെ നഴ്സിങ് ഹോസ്റ്റലിന് പിറകിലാണ് ചന്ദ്രബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചു ദിവസങ്ങളായി തിരുവനന്തപുരം എസ്.എ.റ്റി ഹോസ്പിറ്റലിൽ ചികിത്സയിലാണ് ഒൻപതു വയസുകാരി ദേവു ചന്ദന. തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന രോഗവുമായി മല്ലിടുകയാണ് ദേവു. ദേവുവിന്റെ ചികിത്സാചെലവുകൾ താങ്ങാൻ കൂലിപ്പണിക്കാരനായ ചന്ദ്രബാബുവിന് കഴിഞ്ഞിരുന്നില്ല.

മൂന്നു ദിവസങ്ങൾ കൊണ്ടു തന്നെ ഒന്നരലക്ഷത്തോളം രൂപ ആശുപത്രിയിൽ ചെലവു വന്നിരുന്നു. ബന്ധുക്കളും നാട്ടുകാരും പിരിവെടുത്താണ് ദേവുവിന്റെ ചികിത്സ നടത്തുന്നത്. അതിനിടയിലാണ് ദേവു ചന്ദന കിടക്കുന്ന ആശുപത്രിയുടെ പിന്നിലെ മരത്തിൽ ചന്ദ്രബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ നൂറനാട് പുത്തന്‍വിള അമ്പലത്തിലെ ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടുവച്ചതോടെയാണ് ദേവു സോഷ്യൽ മീഡിയയിൽ താരമായത്. തലച്ചോറിലെ കോശങ്ങള്‍ നശിച്ചുപോകുന്ന രോഗം ഗുരുതരമായതോടെ ദേവു ചന്ദനയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍നിന്നും എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.