സുപ്രീംകോടതിയിലെ നിലപാട് മാറ്റം അത്ഭുതപ്പെടുത്തിയെന്ന് പ്രസിഡന്റ്; ദേവസ്വം ബോര്‍ഡില്‍ തര്‍ക്കം മുറുകുന്നു

11

ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയിലെ നിലപാടിനെ ചൊല്ലി ദേവസ്വംബോര്‍ഡില്‍ തര്‍ക്കം മുറുകുന്നു. ദേവസ്വം കമ്മീഷണര്‍ക്കെതിരെ ബോര്‍ഡ് പ്രസിഡന്റ് തന്നെ രംഗത്ത് വന്നു. ഇന്നലെ കോടതിയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഇക്കാര്യത്തില്‍ ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും എ. പത്മകുമാര്‍ പറഞ്ഞിരുന്നു. കമ്മീഷറുടെ കാലാവധി നീട്ടി നല്‍കിയതിലുള്ള അതൃപ്തിയും പത്മകുമാര്‍ പ്രകടിപ്പിച്ചു. എന്നാല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിഷയത്തില്‍ വിശദീകരണം തേടിയിട്ടില്ലെന്നാണ് ദേവസ്വം കമ്മീഷണറുടെ പ്രതികരണം.

സുപ്രീംകോടതി വിധി അനുസരിച്ചുള്ള നിലപാടാണ് ബോര്‍ഡ് സ്വീകരിച്ചത്. സാവകാശ ഹര്‍ജിയില്‍ വാദം നടന്നിട്ടില്ലെന്നും എ.വാസു പറഞ്ഞു. പുനഃപരിശോധന ഹര്‍ജികളില്‍ മാത്രമാണ് വാദം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവസ്വം ബോര്‍ഡ് നവംബര്‍ മാസത്തിലെടുത്ത നിലപാടിന് അനുസരിച്ചാണ് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. ഈ നിലപാട് മാറ്റിയിട്ടില്ലെന്നും വാസു പറഞ്ഞു.

മുന്‍ ബോര്‍ഡ് എടുത്ത നിലപാടിനനുസരിച്ചാണ് സുപ്രീംകോടതിയില്‍ നേരത്തേ വാദം നടന്നത്. തുടര്‍ന്ന് വിധി വന്നതോടെ അത് നടപ്പിലാക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ബാധ്യസ്ഥരാണ് എന്നതിനാല്‍ സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്നാണ് നവംബറില്‍ ചേര്‍ന്ന ദേവസ്വംബോര്‍ഡ് യോഗം തീരുമാനിച്ചത്. അത് അനുസരിച്ചാണ് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. ബോര്‍ഡ് തീരുമാനങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു തീരുമാനവും സുപ്രീംകോടതി അഭിഭാഷകര്‍ക്ക് നല്‍കിയിട്ടില്ല. മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും വാസു കൂട്ടിച്ചേര്‍ത്തു.