സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ഇനി ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന് സ്വന്തം; 44 ബില്യണ്‍ യുഎസ് ഡോളറിന് കരാര്‍ ഒപ്പിട്ടു

460

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ഇനി ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന് സ്വന്തം. 44 ബില്യണ്‍ യുഎസ് ഡോളറിന് കരാര്‍ ഒപ്പിട്ടു. ഒരു ഓഹരിയ്‌ക്ക് 54.20 ഡോളര്‍ നല്‍കി 4400 കോടി ഡോളറിനാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. മസ്‌കിന്റെ ഏറ്റെടുക്കല്‍ പദ്ധതി ഐകകണ്‌ഠ്യേനയാണ് ട്വിറ്റര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചത്. അര്‍ദ്ധരാത്രിയോടെയായിരുന്നു പ്രഖ്യാപനം. ഇതോടെ ട്വിറ്റര്‍ പൂര്‍ണ്ണമായും ഒരു സ്വകാര്യ കമ്ബനിയായി മാറുകയാണ്.

9.2 ശതമാനം ഓഹരി സ്വന്തമാക്കി ട്വിറ്ററിനെ മൊത്തമായി ഏറ്റെടുക്കാനുള്ള നീക്കത്തിലായിരുന്നു ഇലോണ്‍ മസ്‌ക്. മസ്‌ക്കിന്റെ നീക്കം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഓഹരി വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തൊട്ടു പിന്നാലെ ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്ത് നിന്നും ഇലോണ്‍ മസ്‌ക് പിന്മാറി. തുടര്‍ന്ന് ട്വിറ്ററില്‍ കൂടുതല്‍ ഓഹരി വാങ്ങാനുള്ള നിയമപരമായ അനുമതി ലഭിക്കുകയും ചെയ്തു.