ഇനി വീഡിയോകൾ നിങ്ങൾക്ക് ഇഷ്ടമുള്ള ഏതു ഭാഷയിലേക്കും ഡബ്ബ് ചെയ്തു കാണാം; കിടിലൻ എ ഐ ടെക്നോളജിയുമായി ഇന്ത്യൻ യുവാക്കളുടെ സ്റ്റാർട്ടപ്പ് !

29

വീഡിയോ കാണുമ്പോൾ എല്ലാവരും എപ്പോഴെങ്കിലും അഭിമുഖീകരിച്ചിട്ടുള്ള പ്രശ്നമാണ് ഭാഷ. വീഡിയോയുടെ തനതു രൂപം പൂർണ്ണമായി മനസ്സിലാക്കുന്നതിൽ ഭാഷ പലപ്പോഴും തടസമായി നിൽക്കാറുണ്ട്. എന്നാൽ, വീഡിയോകൾ ഏതു ഭാഷയിലേക്കും ഡബ്ബ് ചെയ്യാൻ സഹായിക്കുന്ന എഐ പ്ലാറ്റ്ഫോമുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ സ്റ്റാർട്ടപ്പായ ഡബ്ബ്‌വേഴ്‌സ്. ഓൺലൈൻ വീഡിയോ ക്രിയേറ്റർമാർക്ക് അവരുടെ വീഡിയോകളിലെ ശബ്ദം മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തെടുക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡബ്ബ്‌വേഴ്‌സ് എഐ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തത്. ടിക്ടോക്ക്, റീൽസ്, യൂട്യൂബ് ഷോട്ട്സ് വീഡിയോകൾക്ക് ഉപകരിക്കുന്ന തരത്തിലാണ് ഈ സംവിധാനം തയ്യാറാക്കിയിട്ടുള്ളത്. കോവിഡ് കാലയളവിലാണ് വർഷുൽ ഗുപ്ത, അനുജ ധവാൻ എന്നിവർ ചേർന്ന് ഡബ്ബ്‌വേഴ്‌സിന് തുടക്കമിട്ടത്. കോവിഡ് സമയത്ത് ഇംഗ്ലീഷിൽ മാത്രം ലഭ്യമായിരുന്ന ഓൺലൈൻ പഠന സാമഗ്രികൾ ഇംഗ്ലീഷ് അറിയാത്ത പ്രാദേശിക ഭാഷ സംസാരിക്കുന്നവർക്കും ലഭ്യമാക്കുക എന്ന ആശയത്തിൽ അധിഷ്ഠിതമായാണ് ഈ സ്റ്റാർട്ടപ്പിന് രൂപം നൽകിയത്. നിലവിൽ, ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ ഒറ്റ ക്ലിക്കിലൂടെ മറ്റു ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാൻ ഡബ്ബ്‌വേഴ്‌സിലൂടെ സാധിക്കുന്നതാണ്.