കോവിഡ് മാറിയതോടെ ഉപയോക്താക്കൾ ഇല്ലാതായി; പുതിയ മാറ്റത്തിനൊരുങ്ങി ക്ലബ് ഹൗസ്

7

ഓഡിയോ ആപ്പായ ക്ലബ് ഹൗസ്‌ ജീവനക്കാരെ വെട്ടിക്കുറക്കാനൊരുങ്ങുന്നു. അന്‍പതു ശതമാനം ജീവനക്കാരെ വെട്ടി കുറയ്ക്കുമെന്നാണ് കമ്ബനി അറിയിച്ചത്. കോവിഡ് മഹാമാരിക്ക് ശേഷം ലോകം സാധാരണ ഗതിയിലായപ്പോള്‍ ആപ്പുപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നും കമ്ബനി പറയുന്നു. ഈ അവസരത്തിലാണ് കമ്ബനിയിലെ ജീവനക്കാരെ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചത്. ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ലോക് ഡൗണിനു ശേഷം ലോകം പഴയജീവിതത്തിലേക്ക് കടന്ന സാഹചര്യത്തില്‍ ക്ലബ് ഹൗസില്‍ സുഹൃത്തുക്കളെ കണ്ടെത്തുന്നതും അവരുമായി ദീര്‍ഘ സംഭാഷണങ്ങള്‍ നടത്തുന്നതിനും പലര്‍ക്കും സാധിച്ചില്ല. ഈ സാഹചര്യത്തില്‍ ഒരു മാറ്റം അനിവാര്യമാണ് ക്ലബ് ഹൗസ് സ്ഥാപകരായ പോള്‍ ഡേവിസും രോഹന്‍ മെമോയിലും ജീവനക്കാര്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു. കോവിഡ് ലോക്ക്ഡൌണിനെ തുടര്‍ന്ന് സാമൂഹിക ജീവിതം നഷ്ടമായതോടെയാണ് ജനങ്ങള്‍ സാങ്കേതിക വിദ്യയെ വല്ലാതെ ആശ്രയിച്ചു തുടങ്ങിയത്. സുഹൃത്തുക്കളും ബന്ധുക്കളുമായി ബന്ധം പുലര്‍ത്താന്‍ സാങ്കേതിക വിദ്യ ഒരു പരിധി വരെ സഹായിക്കുകയും ചെയ്തു. ഈ സമയത്താണ് ക്ലബ് ഹൗസ് പോലെയുള്ള കമ്യൂണിറ്റി ആപ്പുകള്‍ക്ക് പ്രചാരം ലഭിച്ചത്. ഓഡിയോ സന്ദേശങ്ങള്‍ അയക്കാനും ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും ഉപകാരപ്പെടുന്ന പ്ലാറ്റ് ഫോമായിരുന്നു ക്ലബ് ഹൗസ്.