ഐപിഎല്ലിൽ ചെന്നിയ്‌ക്കെതിരെ തകർപ്പൻ ജയവുമായി രാജസ്ഥാൻ റോയൽസ്; 19 പന്തിൽ അർദ്ധസെഞ്ചുറിയുമായി സഞ്ജു സാംസൺ

31

ഐ പി എല്ലിൽ ചെന്നിയ്‌ക്കെതിരെ തകർപ്പൻ ജയവുമായി രാജസ്ഥാൻ റോയൽസ്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് പടുത്തുയര്‍ത്തിയ 217 എന്ന വിജയ ലക്ഷ്യം മറികടക്കാന്‍ ധോണിയ്ക്കും കൂട്ടര്‍ക്കുമായില്ല. 200 റണ്‍സില്‍ ചെന്നൈയ്ക്ക് കളി അവസാനിപ്പിയ്ക്കേണ്ടിവന്നു. രാജസ്ഥാനും ചെന്നൈയും ചേര്‍ന്ന് 416 റണ്‍സ് 40 ഓവറിലായി അടിച്ചെടുത്തപ്പോള്‍ പന്ത് നിരന്തരം ബൗണ്ടറിക്ക് മുകളിലൂടെ പാഞ്ഞു. വെടിക്കെട്ടിന് തുടക്കമിട്ടത് മലയാളി താരം സഞ്ജു സാംസണായിരുന്നു. പിന്നാലെ സ്റ്റീവ് സ്‌മിത്തും അവസാന ഓവറുകളില്‍ ജോഫ്രാ ആര്‍ച്ചറും രാജസ്ഥാന്‍ നിരയില്‍ തകര്‍ത്തടിച്ചപ്പോള്‍ ടീം സ്കോര്‍ 200 കടന്നു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈയ്ക്കുവേണ്ടി ഫാഫ് ഡുപ്ലെസിസും ധോണിയും നടത്തിയ രക്ഷാപ്രവര്‍ത്തനം പരാജയപ്പെട്ടെങ്കിലും ടീം സ്കോര്‍ 200ലെത്തിക്കാന്‍ അവര്‍ക്കും സാധിച്ചു. ഇതോടെ മത്സരത്തില്‍ ആകെ പിറന്നത് 33 സിക്സറുകളായിരുന്നു, അതില്‍ ഒമ്ബതും സഞ്ജുവിന്റെ ബാറ്റില്‍ നിന്ന്.

മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു നിരന്തരം ബൗണ്ടറികള്‍ പായിക്കുകയും രാജസ്ഥാന്‍ ടീം സ്കോര്‍ ഉയര്‍ത്തുകയും ചെയ്തു. 19 പന്തിലായിരുന്നു താരം അര്‍ധശതകം കടന്നത്. കൂട്ടിന് സ്‌മിത്തും ചേര്‍ന്നതോടെ രാജസ്ഥാന്‍ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങി. സാവധാനം തുടങ്ങിയ സഞ്ജു സാം കറനെതിരെയാണ് ഗിയര്‍ മാറ്റിയത്. ഇംഗ്ലിഷ് താരത്തെ അടുത്തടുത്ത പന്തുകളില്‍ ഫോറും സിക്സും പായിച്ച സഞ്ജു പിന്നാലെയെത്തിയ ദീപക് ചാഹറിനെയും ജഡേജയെയും ബൗണ്ടറി പായിച്ചു. സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞത് ഇന്ത്യയുടെ ലോകകപ്പ് ഹീറോ പിയൂഷ് ചൗളയായിരുന്നു. ചൗള എറിഞ്ഞ എട്ടാം ഓവറില്‍ മൂന്ന് സിക്സറുകളാണ് സഞ്ജു പായിച്ചത്. അവിടെയും കഴിഞ്ഞില്ല അടുത്ത ഓവറുകളിലും ജഡേജയുടെയും പിയൂഷ് ചൗളയുടെയും പന്തുകള്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് വീണ്ടും ബൗണ്ടറിയിലേക്ക് പാഞ്ഞു. 32 പന്തുകളില്‍ നിന്ന് 74 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്.

മറുപടി ബാറ്റിങ്ങില്‍ മികച്ച തുടക്കം ചെന്നൈയ്ക്ക് നല്‍കാന്‍ ഓപ്പണര്‍മാര്‍ക്കായി. ഇതില്‍ പ്രധാന പങ്കുവഹിച്ചത് ഓസിസ് താരം ഷെയ്ന്‍ വാട്സണായിരുന്നു. 21 പന്തില്‍ 33 റണ്‍സെടുത്ത വാട്സണ്‍ നാല് സിക്സറുകളാണ് ഇന്നിങ്സിന്റെ ഭാഗമാക്കിയത്. എന്നാൽ അവസാനം വിജയം അവരെ കൈവിട്ടു.