രഞ്ജി ട്രോഫി; കിരീടം നിലനിർത്തി വിദർഭ; ഫൈനലി തറപറ്റിച്ചത് സൗരാഷ്ട്രയെ

10

രഞ‌്ജ‌ി ട്രോഫി ക്രിക്കറ്റ‌് കിരീടം വിദര്‍ഭ നിലനിര്‍ത്തി. ഫൈനലില്‍ സൗരാഷ‌്ട്രയെ 78 റണ്ണിന‌് തോല്‍പ്പിച്ചു. രഞ‌്ജി ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന ആറാമത്തെ ടീമാണ‌് വിദര്‍ഭ. 206 റണ്‍ ലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ‌്ട്ര അഞ്ചാംദിനം രാവിലെതന്നെ പോരാട്ടം അവസാനിപ്പിച്ചു. 127 റണ്ണിനാണ‌് പുറത്തായത‌്. വിദര്‍ഭയ‌്ക്കായി ആദിത്യ സര്‍വാതെ രണ്ടാം ഇന്നിങ‌്സില്‍ ആറ‌് വിക്കറ്റെടുത്തു.

അഞ്ചി‌ന‌് 58 റണ്ണെന്ന നിലയിലാണ‌് അഞ്ചാംദിനം സൗരാഷ‌്ട്ര കളി ആരംഭിച്ചത‌്. വിശ്വരാജ‌് ജഡേജ മാത്രമേ ബാറ്റ‌്സ‌്മാന്‍മാരില്‍ അവശേഷിച്ചിരുന്നുള്ളൂ. വാലറ്റവുമായി ചേര്‍ന്ന‌് വിശ്വരാജ‌് പൊരുതിനോക്കി. എന്നാല്‍ സര്‍വാതെ തടഞ്ഞു. 52 റണ്ണെടുത്ത വിശ്വരാജിനെ സര്‍വാതെ വിക്കറ്റിന‌് മുന്നില്‍ കുരുക്കി. ഇതോടെ സൗരാഷ‌്ട്രയുടെ പ്രതീക്ഷ അവസാനിച്ചു. ആകെ 11 വിക്കറ്റ‌് വീഴ‌്ത്തിയ സര്‍വാതെയാണ‌് കളിയിലെ താരം. സ‌്കോര്‍: വിദര്‍ഭ 312, 200; സൗരാഷ‌്ട്ര 307, 127.