ടീം ഇന്ത്യയുടെ ഫോമിന് ഒരു മാറ്റവുമില്ല. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര 4–1ന് സ്വന്തമാക്കിയത് വെറുതെയല്ലെന്ന് തെളിയിച്ച്, ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും തകർപ്പൻ വിജയവുമായി ടീം ഇന്ത്യ. നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിത്തിൽ നടന്ന മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും എന്നുവേണ്ട സമസ്ത മേഖലകളിലും ആധികാരികമായിത്തന്നെ ആധിപത്യം പുലർത്തിയാണ് ഇന്ത്യയുടെ വിജയക്കുതിപ്പ്.
ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ വിജയം നാലു വിക്കറ്റിന്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 47.4 ഓവറിൽ 248 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 11.2 ഓവറും നാലു വിക്കറ്റും ബാക്കിനിർത്തി വിജയത്തിലെത്തി. ക്ഷമയോടെ ക്രീസിൽനിന്ന് 96 പന്തിൽ 87 റൺസുമായി ഇന്ത്യൻ ബാറ്റിങ്ങിനെ താങ്ങിനിർത്തിയ ശുഭ്മൻ ഗില്ലാണ് കളിയിലെ കേമൻ.
ഇതോടെ, മൂന്നു മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. ചാംപ്യൻസ് ട്രോഫിക്കു മുന്നോടിയായി കളിക്കുന്ന അവസാന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ ഈ ആധികാരിക വിജയം, ഇന്ത്യയുടെ ആത്മവിശ്വാസം വാനോളം ഉയർത്തുന്നതാണ്. കാൽമുട്ടിനു പരുക്കേറ്റ സൂപ്പർതാരം വിരാട് കോലി ഈ മത്സരത്തിൽ കളിച്ചില്ല. പരമ്പരയിൽ ഇനി രണ്ടു മത്സരങ്ങൾ കൂടിയാണ് ശേഷിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിൽ നടക്കും. മൂന്നാം മത്സരം 12ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലും നടക്കും.