ടി 20 ലോകകപ്പ്; നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലാന്‍ഡിന് വൻ വിജയം; തോൽവിയോടെ സെമി സാദ്ധ്യതകൾ മങ്ങി ഇന്ത്യ

62

ടി 20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലാന്‍ഡിന് തകർപ്പൻ ജയം. എട്ട് വിക്കറ്റിനാണ് കിവികള്‍ ഇന്ത്യയെ തോല്‍പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 111 എന്ന സ്കോർ ന്യൂസിലാന്‍ഡ് 14.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. തോല്‍വിയോടെ ഇന്ത്യയുടെ ലോകകപ്പിലെ ഭാവി തുലാസിലായി. ആദ്യ മത്സരത്തില്‍ പാകിസ്താനോടും ഇന്ത്യ തോറ്റിരുന്നു. ഇനി ഇന്ത്യക്ക് പ്രതീക്ഷക്ക് വകയുണ്ടെങ്കില്‍ അത് മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചിരിക്കും. ന്യൂസിലാന്‍ഡിനായി മാര്‍ട്ടിന്‍ ഗപ്റ്റില്‍(20) ഡാരിയേല്‍ മിച്ചല്‍(49), കെയിന്‍ വില്യംസണ്‍(33) എന്നിവര്‍ തിളങ്ങി. വിജയലകക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാന്‍ഡിന് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഗപ്റ്റില്‍ നല്‍കിയത്. 17 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളുടെ അകമ്ബടിയോടെ ഗപ്റ്റില്‍ 20 റണ്‍സ് നേടി. ആദ്യ വിക്കറ്റ് വീണപ്പോള്‍ ന്യൂസിലാന്‍ഡ് സ്‌കോര്‍ 24 എത്തിയിരുന്നു. അപ്പോള്‍ തന്നെ കാര്യങ്ങള്‍ വ്യക്തം. ഡാരിയല്‍ മിച്ചലും നായകന്‍ കെയിന്‍ വില്യംസണും ചേര്‍ന്ന് പരിക്കുകളില്ലാതെ ടീമിനെ വിജയത്തിലെത്തിക്കുതകയായിരുന്നു. അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ വെച്ച്‌ ഡാരിയല്‍ മിച്ചലിനെ ബുംറ മടക്കിയെങ്കിലും ഇന്ത്യ തോല്‍വി ഉറപ്പിച്ചിരുന്നു. ആദ്യ മത്സരത്തില്‍ പാകിസ്താനോട് തോറ്റതിനാല്‍ ന്യൂസിലാന്‍ഡിനും ഈ മത്സരം നിര്‍ണായകമായിരുന്നു.