ഐഎസ്എൽ: പ്ലേഓഫ് ഉറപ്പാക്കി മുംബൈ; തകർത്തത് അത്ലറ്റികോ കൊൽക്കത്തയെ

സെന​ഗലീസ് താരം മോദു സോ​ഗുവിന്റെ ഹാട്രിക്ക് മികവില്‍ എ.ടി.കെയെ തകര്‍ത്ത് മുംബൈ സിറ്റി ഐ.എസ്.എല്‍ പ്ലേഓഫ് ഉറപ്പിച്ചു. കൊല്‍ക്കത്തിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ​ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ ജയം. മത്സരത്തിന്റെ ആ​ദ്യ പകുതിയില്‍ തന്നെ രണ്ട്​ ​ഗോള്‍ നേടി മുംബൈ എ.ടി.കെയ്ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. 26-ാം മിനിറ്റിലായിരുന്നു സോ​ഗുവിന്റെ ആദ്യ ​ഗോള്‍ പ്രഞ്ജല്‍ ഭൂമിജാണ് ​ഗോളിന് വഴിയൊരുക്കിയത്. പതിനാറ് മിനിറ്റുകള്‍ക്ക് ശേഷം സോ​ഗു വീണ്ടും ​ഗോള്‍ നേടി. ഇക്കുറി ​ഗോളിന് വഴിയൊരുക്കിയത്, കോം​ഗോ താരം അര്‍നോള്‍ഡ് ഇസോക്കൊ.

രണ്ടാം പകുതി തുടങ്ങി പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം സോ​ഗു ഹാട്രിക്കും തികച്ചു. മൂന്നാം ​ഗോളിന് വഴിയൊരുക്കിയത് യുറു​ഗ്വെ താരം മത്യാസ് മിറാബ​ജെ. ഏഴ് മിനിറ്റുകള്‍ക്ക് ശേഷം എ.ടി.കെ ആശ്വാസ ​ഗോള്‍ നേടി. പ്രീതം കൊട്ടാല്‍ ഒരുക്കിയ വഴിയില്‍ ആന്ദ്രെ ബീകെയാണ് വലകുലുക്കിയത്.