പ്രീ സീസൺ തയാറെടുപ്പുകൾക്കായി കേരളാ ബ്ലാസ്റ്റേഴ്‌സ് യു.എ.ഇയിൽ; ആവേശോജ്വല സ്വീകരണമൊരുക്കി ആരാധകർ

6

പ്രീ സീസൺ തയാറെടുപ്പുകൾക്കായി യു.എ.ഇയിൽ എത്തിയ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിന് ആരാധകരുടെ വക ​ഗംഭീര സ്വീകരണം. മഞ്ഞ റോസാപുഷ്പങ്ങളും വെൽക്കം കാർഡുമായി ആരവങ്ങളോടെയാണ് മഞ്ഞപ്പട ബ്ലാസ്‌റ്റേഴ്‌സിനെ വരവേറ്റത്. കോച്ച് ഇവാൻ വുകൊമനോവിക്, മിന്നും താരം അഡ്രിയാൻ ലൂണ തുടങ്ങിയ താരങ്ങൾ അടങ്ങിയ ടീം യു.എ.ഇയിലെ പ്രോ ലീഗ് ടീമുകളുമായി മൂന്ന് സന്നാഹമത്സരങ്ങളാണ് കളിക്കുക. കൊച്ചിയിൽ ടീമിന്​ ലഭിച്ച അതേ ആവേശവും പിന്തുണയും ഉറപ്പാക്കാനും മത്സരങ്ങൾ ആഘോഷമാക്കാനുമാണ് തീരുമാനമെന്ന്​ എന്ന് മഞ്ഞപ്പട ഭാരവാഹികൾ അറിയിച്ചു.

ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട ജീക്സൺ, രാഹുൽ, വിപിൻ തുടങ്ങിയവർ ടീമിൽ ഇല്ലെങ്കിലും പുത്തൻ താരങ്ങളായ ക്വമെ പെപ്ര, മിലോസ് ഡ്രിൻസിക്, പ്രീതം കോട്ടൽ ഉൾപ്പെടെ ശക്തമായ താരനിരയുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണ അറേബ്യൻ മണ്ണിലേക്കെത്തുന്നത്. കഴിഞ്ഞ വർഷവും ബ്ലാസ്റ്റേഴ്‌സ് പ്രീ സീസണായി യു.എ.ഇയിൽ എത്തിയിരുന്നെങ്കിലും ഫിഫ ബാൻ മൂലം മത്സരങ്ങൾ കളിക്കാനായിരുന്നില്ല. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് മുന്നോടിയായി ഈ വട്ടം മികച്ച മൂന്ന് പ്രോ ലീഗ് ടീമുകൾക്കെതിരെയുള്ള മത്സരങ്ങൾ കാണാനാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വഴിയൊരുങ്ങുക.