അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒമ്പതു വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. സ്കോർ: വെസ്റ്റ് ഇന്‍ഡീസ് 44/10(13.2) ഇന്ത്യ 47/1. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിൻഡീസ് 13.2 ഓവറിൽ 44 റൺസിന് എല്ലാവരും കൂടാരം കയറി.
മത്സരത്തിലുട നീളം മിന്നും പ്രകടനം പുറത്തെടുത്ത മലയാളി താരം ജോഷിതയെ കളിയിലെ താരമായി തെരഞ്ഞെടുത്തു. കൂറ്റന്‍ ജയത്തോടെ ഗ്രൂപ്പ് എയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.
കെനിക കസാര്‍ (15), അസാബി കലണ്ടര്‍ (12) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നത്. മലയാളി താരം വി.ജെ.ജോഷിതയുടെ ഗംഭീര പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. ജോഷിത അഞ്ചു റൺസ് വിട്ടു കൊടുത്ത് രണ്ടു വിക്കറ്റ് നേടി. പരുണിക സിസോഡിയ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ഇന്ത്യ 4.2 ഓവറില്‍ ലക്ഷ്യം മറികടന്നു. ഗൊങ്കാദി തൃഷയുടെ (4) വിക്കറ്റ് ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായിരുന്നു. എന്നാല്‍ കമാലിനി ഗുണലന് (16), സനിക ചല്‍കെ (18) എന്നിവര്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.