HomeANewsLatest Newsവീണ്ടും ഷമി മാജിക് ! ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ ഇന്ത്യക്ക് 150 റണ്‍സിന്റെ കൂറ്റന്‍ ജയം.

വീണ്ടും ഷമി മാജിക് ! ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ ഇന്ത്യക്ക് 150 റണ്‍സിന്റെ കൂറ്റന്‍ ജയം.

ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ ഇന്ത്യക്ക് 150 റണ്‍സിന്റെ കൂറ്റന്‍ ജയം. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 10.3 ഓവറില്‍ 97 റണ്‍സിന് എല്ലാവരും പുറത്തായി. മുൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമി, രണ്ട് വിക്കറ്റ് വീതം നേടിയ ശിവം ദുബെ, അഭിഷേക് ശര്‍മ, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 55 റണ്‍സ് നേടിയ ഫിലിപ്പ് സാള്‍ട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ അഭിഷേക് ശര്‍മയുടെ സെഞ്ചുറിയാണ് (54 പന്തില്‍ 135) കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സഞ്ജു സാംസണ്‍ (16), സൂര്യകുമാര്‍ യദാവ് (2) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. 30 റണ്‍സ് നേടിയ ശിവം ദുബെയാണ് ഇന്ത്യയുടെ അടുത്ത ടോപ് സ്‌കോറര്‍. ഒമ്പത് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ബ്രൈഡണ്‍ കാര്‍സെ ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഇന്ത്യ പരമ്പര 4-1ന് സ്വന്തമാക്കി.

സാള്‍ട്ടിന് പുറമെ ഇംഗ്ലണ്ട് നിരയില്‍ ജേക്കബ് ബേഥല്‍ (10) മാത്രമാണ് രണ്ടക്കം കണ്ടത്. ആദ്യ രണ്ട് ഓവറില്‍ ഇംഗ്ലണ്ട് 23 റണ്‍സ് നേടിയെങ്കിലും പിന്നീട് തകര്‍ച്ച നേരിട്ടു. ബെന്‍ ഡക്കറ്റ് (0) നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. ജോസ് ബട്‌ലര്‍ (7), ഹാരി ബ്രൂക്ക് (2), ലിയാം ലിവിംഗ്‌സ്റ്റണ്‍ (9), ബ്രൈഡണ്‍ കാര്‍സെ (3) എന്നിവര്‍ക്കാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. ജാമി ഓവര്‍ടണ്‍ (1), ആദില്‍ റഷീദ് (6), മാര്‍ക് വുഡ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജോഫ്ര ആര്‍ച്ചര്‍ (1) പുറത്താവാതെ നിന്നു.

നേരത്തെ, ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 16 റണ്‍സടിച്ചാണ് ഇന്ത്യ തുടങ്ങിയത്. ആര്‍ച്ചറുടെ ആ ഓവറില്‍ സഞ്ജു രണ്ട് സിക്‌സും മൂന്ന് ഫോറും നേടി. എന്നാല്‍ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ സഞ്ജു, വുഡിനെതിരെ പുള്‍ ഷോട്ടിന് ശ്രമിച്ച സ്‌ക്വയര്‍ ലെഗില്‍ ക്യാച്ച് നല്‍കി മടങ്ങി.

പിന്നാലെ ക്രീസിലെത്തിയ തിലക് വര്‍മ (15 പന്തില്‍ 24) അഭിഷേകിനൊപ്പം 115 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതില്‍ ഭൂരിഭാഗവും അഭിഷേകിന്റെ സംഭാവനയായിരുന്നു. ഒമ്പതാം ഓവറില്‍ തിലക്, കാര്‍സെയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. നാലാമനായി ക്രീസിലെത്തിയ സൂര്യക്ക് മൂന്ന് പന്ത് മാത്രമായിരുന്നു ആയുസ്. കാര്‍സെ തന്നെ ക്യാപ്റ്റനെ മടക്കി.

തുടര്‍ന്ന് ദുബെ – അഭിഷേക് സഖ്യം 37 റണ്‍സ് കൂട്ടിചേര്‍ത്തു. ദുബെ മടങ്ങുമ്പോള്‍ നാലിന് 182 റണ്‍സ് എന്ന നിലായിരുന്നു ഇന്ത്യ. ഹാര്‍ദിക് പാണ്ഡ്യ (9), റിങ്കു സിംഗ് (9) എന്നിവര്‍ നിരാശപ്പെടുത്തിയെങ്കിലും അഭിഷേക് ഒരറ്റത്ത് കൂറ്റനടികള്‍ തുടര്‍ന്നു. പതിനെട്ടാം ഓവറിലാണ് താരം മടങ്ങുന്നത്. 13 സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്‌സ്. ഇന്ത്യന്‍ ടി20 ചരിത്രത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് അഭിഷേക് നേടിയത്.

126 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിനെ താരം പിന്തള്ളി. ടി20യില്‍ ഇന്ത്യയുടെ വേഗമേറിയ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറി കൂടിയണ് അഭിഷേക് സ്വന്തമാക്കിയത്. അക്‌സര്‍ പട്ടേല്‍ (15) റണ്ണൗട്ടായി. രവി ബിഷ്‌ണോയിയാണ് (0) പുറത്തായ മറ്റൊരു താരം മുഹമ്മദ് ഷമി (0) പുറത്താവാതെ നിന്നു. കാര്‍സെയ്ക്ക് പുറമെ മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റെടുത്തു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments