ഹോക്കി ലോകകപ്പ്; വമ്പന്മാരുടെ ആധിപത്യം അവസാനിപ്പിക്കാൻ ഇന്ത്യ ഇറങ്ങുന്നു

പതിനാലാമത് ഹോക്കി ലോകകപ്പിന് ഒഡീഷയിലെ ഭുവനേശ്വറില്‍ ബുധനാഴ്ച തുടക്കമാവുകയാണ്. ലോകത്തെ വമ്ബന്‍ ടീമുകളെല്ലാം അണിനിരക്കുന്ന പോരാട്ടം ഡിസംബര്‍ 16വരെ നീളും. ഒരുകാലത്ത് ഹോക്കിയിലെ ലോക ശക്തികളായ ഇന്ത്യ യൂറോപ്പിന്റെയും ഓസ്‌ട്രേലിയയുടേയും വേഗത്തിനൊപ്പമെത്താന്‍ ഉന്നതമായ കളിനിലവാരംതന്നെ പുറത്തെടുക്കേണ്ടിവരും. കോമണ്‍വെല്‍ത്ത് ഗെയിംസിലും, ഏഷ്യന്‍ ഗെയിംസിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ലെങ്കിലും ഏഷ്യന്‍ ചാമ്ബ്യന്‍സ് ട്രോഫിയില്‍ ചാമ്ബ്യന്മാരായാണ് ലോകകപ്പിനായി ഇറങ്ങുന്നതെന്നത് കളിക്കാരുടെ ആത്മവിശ്വാസം ഉയര്‍ത്തും.

ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, ഇംഗ്ലണ്ട്, ബെല്‍ജിയം, അര്‍ജന്റീന തുടങ്ങിവരാണ് ഇന്ത്യയ്ക്ക് പ്രധാന വെല്ലുവിളികള്‍. ഏഷ്യന്‍ ശക്തികളായ മലേഷ്യയും പാക്കിസ്ഥാനും ഇന്ത്യയെ തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ളവര്‍തന്നെ. ഏഷ്യന്‍ ഗെയിംസ് സെമിയില്‍ മലേഷ്യയോട് തോല്‍ക്കേണ്ടിവന്നതിനാല്‍ ലോകകപ്പ് പരിശീലകന്‍ ഹരേന്ദ്ര സിങ്ങിനെ സംബന്ധിച്ചിടത്തോളവും നിര്‍ണായകമായിരിക്കും.