ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ 5 വിക്കറ്റ് വിജയം നേടി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഉയര്‍ത്തിയ 277 റണ്‍സ് വിജയലക്ഷ്യം 48.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 74 റണ്‍സ് എടുത്ത ശുഭ്മാന്‍ ഗില്ലും 71 റണ്‍സ് എടുത്ത ഋതുരാജ് ഗെയ്ക്വാദും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കം ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറ പാകി. ആദ്യ വിക്കറ്റില്‍ ഇരുവരും 142 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.
ഒരു ഘട്ടത്തിൽ ഇന്ത്യ 185 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച നായകന്‍ കെ.എല്‍.രാഹുലും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു.ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 250 കടത്തി. പിന്നാല സൂര്യകുമാര്‍ അര്‍ധസെഞ്ചുറി നേടി. 47 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകത്തിലെത്തിയത്. എന്നാല്‍ അര്‍ധശതകത്തിന് പിന്നാലെ താരം അനാവശ്യഷോട്ട് കളിച്ച് പുറത്തായി. സീന്‍ അബോട്ടാണ് 50 റണ്‍സെടുത്ത സൂര്യകുമാറിനെ പുറത്താക്കിയത്. പിന്നാലെ വന്ന ജഡേജയെ സാക്ഷിയാക്കി രാഹുല്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. തൊട്ടടുത്ത പന്തില്‍ സിക്‌സടിച്ച് താരം ഇന്ത്യയെ വിജയത്തിലെത്തിച്ചു.