ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് മോശം തുടക്കം. ഇന്ത്യയെ 250ന് പുറത്താക്കി ആദ്യ ഇന്നിങ്സ് ആരംഭിച്ച ഓസീസ് രണ്ടാംദിനം ലഞ്ചിന് പിരിയുമ്ബോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 57 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ച് (0), മാര്‍കസ് ഹാരിസ് (26) എന്നിവരേയാണ് ഓസീസിന് നഷ്ടമായായത്. ഇശാന്ത് ശര്‍മ, ആര്. അശ്വിന് എന്നിവര്‍ക്കാണ് വിക്കറ്റ്. ഉസ്മാന് ഖവാജ (21), ഷോണ്‍ മാര്‍ഷ് എന്നിവരാണ് ക്രീസില്‍. നേരത്തെ ഇന്ത്യ ആദ്യ ദിവസത്തെ സ്കോറിനോട് ഒരു റണ്‍പോലും ചേര്‍ക്കാനാവാതെ ആള് ഔട്ടായിരുന്നു.
ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ആതിഥേയര്‍ക്ക് ഫിഞ്ചിനെ നഷ്ടമായി. ഇശാന്ത് ശര്‍മയുടെ ഒരു മനോഹരമായ പന്ത് ബാറ്റിലും കാലിനുമിടയിലൂടെ സ്റ്റംപില്‍ പതിച്ചു. പിന്നീടെത്തിയ ഖവാജയും ഹാരിസും സ്കോര്‍ കെട്ടിപ്പടുക്കാനുള്ള ശ്രമം ആരംഭിച്ചു. ഇരുവരും 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അശ്വിന് പന്തെറിയാന്‍ എത്തിയതോടെ രണ്ടാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. അശ്വിന്റെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ സില്ലി മിഡ് ഓഫില്‍ മുരളി വിജയ്ക്ക് ക്യാച്ച് നല്കി മടങ്ങുകയായിരുന്നു.