കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് താരത്തെ തെരഞ്ഞെടുത്ത് ഐസിസി. ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രയാണ് 2024ലെ ഐസിസി ടെസ്റ്റ് ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ടത്. ഐസിസി ടെസ്റ്റ് ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ പേസറാണ് ജസ്പ്രീത് ബുമ്ര.
രാഹുല്‍ ദ്രാവിഡ്, ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, രവിചന്ദ്രന്‍ അശ്വിന്‍, വിരാട് കോലി എന്നിവരാണ് ബുമ്രക്ക് മുമ്പ് ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരങ്ങള്‍. കഴിഞ്ഞ വര്‍ഷം 13 ടെസ്റ്റില്‍ 71 വിക്കറ്റ് വീഴ്ത്തിയാണ് ബുമ്ര ഏറ്റവും മികച്ച ടെസ്റ്റ് താരമായത്.
കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ 357 ഓവറുകളെറിഞ്ഞ ബുമ്ര 2.96 ഇക്കോണമിയിലും 14.92 സ്ട്രൈക്ക് റേറ്റിലുമാണ് 71 വിക്കറ്റ് വീഴ്ത്തിയത്. ഒരു കലണ്ടര്‍ വര്‍ഷം 70ലേറെ വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ മാത്രം ഇന്ത്യൻ ബൗളറുമാണ് ബുമ്ര. അശ്വിന്‍, അനില്‍ കുബ്ലെ, കപില്‍ ദേവ് എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍.
ടെസ്റ്റ് ചരിത്രത്തില്‍ 17 ബൗളര്‍മാര്‍ മാത്രമാണ് ഒരു കലണ്ടര്‍ വര്‍ഷം 70ലേറെ വിക്കറ്റ് വീഴ്ത്തിയവര്‍. ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ 32 വിക്കറ്റ് വീഴ്ത്തി ബുമ്ര ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റുകളെന്ന നാവികക്കല്ലും പിന്നിട്ടിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 20ല്‍ താഴെ ബൗളിംഗ് ശരാശരിയില്‍(19.4) 200 വിക്കറ്റെടുക്കുന്ന ആദ്യ ബൗളറുമാണ് ജസ്പ്രീത് ബുമ്ര.