വീണ്ടും സമനിലക്കുരുക്കുമായി കേരള ബ്ലാസ്റ്റേഴ്‌സ്; ആരാധകർക്ക് നിരാശ

കേരളാ ബ്ലാസ‌്റ്റേഴ‌്സിന‌് നിരാശാജനകമായ മറ്റൊരു സമനിലകൂടി. സ്വന്തം മൈതാനത്ത‌് ജംഷഡ‌്പുര്‍ എഫ‌്സിയുമായി ഓരോ ഗോളടിച്ച‌് തുല്യതയില്‍ പിരിഞ്ഞു. കളിയില്‍ ആധിപത്യം പുലര്‍ത്തിയ ബ്ലാസ‌്റ്റേഴ‌്സ‌് അനവധി സുവര്‍ണാവസരങ്ങള്‍ സൃഷ‌്ടിച്ചു. എന്നാല്‍, പന്ത‌് വലയിലാക്കാനുള്ള മിടുക്ക‌് ആ നീക്കങ്ങള്‍ക്ക‌് ഇല്ലാതെപോയി. വിവാദ പെനല്‍റ്റിയില്‍നിന്ന‌് കാര്‍ലോസ‌് കാല്‍വോ ജംഷഡ‌്പുരിന‌് ലീഡ‌് നല്‍കി. സീമിന്‍ലെന്‍ ദുംഗല്‍ ബ്ലാസ‌്റ്റേഴ‌്സ‌ിനെ ഒപ്പമെത്തിച്ചു. ഇതോടെ പത്തു കളിയില്‍നിന്ന‌് ബ്ലാസ‌്റ്റേഴ‌്സിന‌് ഒമ്ബതു പോയിന്റായി. 11 മത്സരം പൂര്‍ത്തിയാക്കിയ ജംഷഡ‌്പുരിന‌് 16 പോയിന്റാണുള്ളത‌്.
ടീമിന്റെ ഹോം മത്സരങ്ങളില്‍ ഏറ്റവും കുറവ‌് കാണികളായിരുന്നു ചൊവ്വാഴ‌്ചത്തേത‌്. ആരാധകരുടെ ഇഷ‌്ടക്കേട‌് അകറ്റാനൊരു ജയം നേടാനാകാത്ത ബ്ലാസ‌്റ്റേഴ‌്സിന്റെ പ്ലേഓഫ‌് പ്രതീക്ഷ ഏറെക്കുറെ അവസാനിച്ചു. പതിവു ഫോമിലേക്ക‌് ഉയര്‍ന്നില്ലെങ്കിലും മികച്ച പ്രതിരോധം കാഴ‌്ചവച്ച ജംഷഡ‌്പുര്‍ എതിര്‍മൈതാനത്ത‌് വിലപ്പെട്ട ഒരു പോയിന്റ‌് നേടി.

പതിവുപോലെ ഡേവിഡ‌് ജെയിംസ‌ിന്റെ അന്തിമ ഇലവനില്‍ മാറ്റങ്ങള്‍ക്കു കുറവുണ്ടായില്ല. മറ്റേയ പോപ‌്‌ലാട‌്നിക്കും മുഹമ്മദ‌് റാക്കിപ്പും പുറത്തുപോയി. പകരം സന്ദേശ‌് ജിങ്കനും സീമിന്‍ലന്‍ ദുംഗലും വന്നു. പരിക്കേറ്റ നിക്കോള ക്രക‌്മറേവിച്ചിനു പകരം സ്ലാവിസ സ‌്റ്റോയാനോവിച്ച‌് നാലാം വിദേശ താരമായി. ജിങ്കന്‍ വലതു വിങ‌്ബാക്കായാണ‌് കളിച്ചത‌്. പ്രതിരോധമധ്യത്തില്‍ അനസ‌് എടത്തൊടികയും നെമാന്യ ലെസിച്ച‌് പെസിച്ചുമായിരുന്നു. ഇടതുപാര്‍ശ്വത്തില്‍ സിറില്‍ കാലിയും. മധ്യനിരയില്‍ സഹല്‍ അബ‌്ദുള്‍ സമദും സക്കീര്‍ മുണ്ടമ്ബാറയും ഹോളിചരണ്‍ നര്‍സാരിയും അണിനിരന്നു.