അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ബെൽജിയം താരം അക്‌സൽ വിറ്റ്‌സെൽ; ക്ലബ്ബ് ഫുട്‌ബോളിൽ സജീവമായി തുടരും

2

ബെൽജിയം മിഡ്ഫീൽഡർ അക്‌സൽ വിറ്റ്‌സെൽ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. അക്‌സൽ വിറ്റ്‌സെൽ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ താൻ വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ’15 വർഷം രാജ്യത്തിന് വേണ്ടി പന്തുതട്ടാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ഇപ്പോൾ താൻ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആഗ്രഹിക്കുന്നു. ബെൽജിയം ഫുട്‌ബോളിന്റെ പുതിയ തലമുറയ്ക്ക് ആശംസകൾ. അവിശ്വസനീയമായ നിമിഷങ്ങൾ നിങ്ങൾ സമ്മാനിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’, വിറ്റ്‌സെൽ കുറിച്ചു. പതിനഞ്ച് വർഷം നീണ്ട ഫുട്‌ബോൾ കരിയറിനാണ് താരം വിരാമമിട്ടത്. ബെൽജിയത്തിന്റെ സുവർണ കാലഘട്ടമെന്ന് അറിയപ്പെടുന്ന തലമുറയിലെ ഏറ്റവും പുതിയ അംഗമായാണ് അക്‌സൽ വിറ്റ്‌സെലിനെ പരിഗണിക്കുന്നത്. അതേസമയം ലാലിഗയിൽ അത്‌ലറ്റികോ മാഡ്രിഡിനായി പന്ത് തട്ടുന്ന താരം ക്ലബ്ബ് ഫുട്‌ബോളിൽ സജീവമായി തുടരും.