വിക്കറ്റിന് പിറകില്‍ മാത്രമല്ല മുന്നിലും എങ്ങനെ നില്‍ക്കണമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു ധോണി; വെറുതെയല്ല കൂൾമാൻ എന്ന് ധോണിയെ വിളിക്കുന്നത്….

വിക്കറ്റിന് പിറകില്‍ മാത്രമല്ല മുന്നിലും എങ്ങനെ നില്‍ക്കണമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു ധോണി. പ്രായം കൂടുന്തോറും മെയ്‍വഴക്കത്തിന്റെ കാര്യത്തില്‍ ധോണി വിസ്‍മയിപ്പിക്കുകയാണ്. ആസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ധോണിയുടെ അഭ്യാസം ആരാധകരെ മാത്രമല്ല, ഓസീസ് താരങ്ങളുടെ വരെ കണ്ണുതള്ളിച്ചു.

സ്റ്റമ്ബിങില്‍ നിന്ന് രക്ഷപെടാന്‍ ഞൊടിയിടയില്‍ ഇരു കാലുകളും വശങ്ങളിലേക്ക് വിടര്‍ത്തി നിന്ന ധോണിയുടെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. പതിനൊന്നാം ഓവറില്‍ സ്‍പിന്നര്‍ ആദം സാംപയുടെ പന്തിലായിരുന്നു ധോണിയുടെ അഭ്യാസം. സാംപയെ കയറിയടിക്കാന്‍ ശ്രമിച്ച ധോണിയെ കബളിപ്പിച്ച്‌ പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്. എന്നാല്‍ പന്ത് ബാറ്റിനെ കടന്ന് പിന്നോട്ട് പോയ അതേ വേഗത്തില്‍ തന്നെ ധോണി ക്രീസിന് പുറത്തു നിന്ന് ഒരു കാല്‍ പിറകിലേക്ക് നീട്ടിവച്ചു. അപ്പോഴേക്കും കീപ്പര്‍ വിക്കറ്റുമിളക്കി. അനായാസ സ്റ്റമ്ബിങ് പ്രതീക്ഷിച്ച സാംപയെ ഞെട്ടിച്ച മെയ്‍വഴക്കം.

എന്തായാലും തീരുമാനം തേര്‍ഡ് അമ്ബയര്‍ക്ക് വിട്ടെങ്കിലും കാര്യങ്ങള്‍ ഓസീസിന് എതിരായിരുന്നു. റീപ്ലേയില്‍ ധോണിയുടെ മെയ്‍വഴക്കം കൂടുതല്‍ വ്യക്തവുമായി. ക്രീസിന് പുറത്തുനിന്ന് ധോണി ഇരുവശത്തേക്കും കാലുകള്‍ അകറ്റിയത് 2.14 മീറ്ററായിരുന്നു.