ലോകത്ത് 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം കോവിഡ് രോഗികൾ; അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതീവഗുരുതരം

18

കൊവിഡ് ബാധിതരുടെ എണ്ണം ലോകത്ത് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 ലക്ഷത്തിലധികം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആദ്യമായിട്ടാണ് ഒറ്റദിവസം രണ്ട് ലക്ഷത്തിൽ കൂടുതൽ ആളുകൾക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്.അതേസമയം, കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിർ മരുന്ന് അമേരിക്ക വാങ്ങിക്കൂട്ടുന്നുവെന്ന് റിപ്പോർട്ടുണ്ട്. മരുന്നിന്റെ അഞ്ച് ലക്ഷം ഡോസാണ് അമേരിക്ക വാങ്ങിക്കൂട്ടിയത്. പരീക്ഷണാടിസ്ഥാനത്തിൽ കമ്പനി പുറത്തിറക്കിയ ഒരു ലക്ഷത്തി നാൽപ്പതിനായിരം ഡോസ് മരുന്ന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം ഉപയോഗിച്ച് കഴിഞ്ഞിട്ടുണ്ട്. മരുന്നിന്റെ ഏറിയ പങ്കും അമേരിക്കയ്ക്കാണ് ലഭിച്ചിട്ടുള്ളതെന്ന് ലിവർപൂൾ സർവകലാശാലയിലെ ഗവേഷകൻ ഡോ.ആൻഡ്രൂ ഹിൽ വെളിപ്പെടുത്തി. അമേരിക്കയിലും ബ്രസീലിലുമാണ് സ്ഥിതി ഏറ്റവും ഗുരുതരം. അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അരലക്ഷത്തിലധികം പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ യു.എസിൽ ആകെ രോഗബാധിതരുടെ എണ്ണം 2,735,554 ആയി ഉയർന്നു. 1,28,684 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു.