കവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം

95

അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ഭാരതത്തിലെ പരമോന്നത സാഹത്യ പുരസ്കാരമായ ജ്ഞാനപീഠ പുരസ്കാരം. പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. മലയാളത്തിന്റെ ഏറ്റവും മുതിർന്ന കവിയാണ് അക്കിത്തം.

‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന് 61 വർഷങ്ങൾക്ക് മുമ്പേ എഴുതി വെച്ച് കവിതയിൽ ആർജ്ജവത്തിന്റെ വെള്ളിടിവെട്ടം തീർത്ത മഹാകവിയാണ് അക്കിത്തം. പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂർ അക്കിത്തത്ത് മനയിൽ 1926 മാർച്ച് 18ന് അക്കിത്തത്ത് വാസുദേവൻ നമ്പൂതിരിയുടേയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിന്റേയും മകനായി ജനനം.

ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അദ്ദേഹം 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരി യുടെ പ്രസാധകനായി. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കവിത, ചെറുകഥ, നാടകം, വിവർത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തിൽ 46ഓളം കൃതികളും മഹാകവി രചിച്ചിട്ടുണ്ട്. 2008 ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചു. 2017 ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.