മുക്കത്ത് പീഢന ശ്രമത്തിനിടെ പെൺകുട്ടി താഴേക്ക് ചാടിയ സംഭവത്തിൽ ഒന്നാം പ്രതി ദേവദാസിനെതിരെ കൂടുതൽ തെളിവുകൾ. ദേവദാസിനെതിരെ പെൺകുട്ടി ഉയർത്തിയ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് പുറത്തുവന്ന തെളിവുകൾ. സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞ് ദേവദാസൻ പെൺകുട്ടിക്ക് വാട്സാപ്പിൽ ഫസ്റ്റ് ഡോസ് ഫോർ യു എന്ന ഭീഷണി സന്ദേശമയച്ചതിൻ്റെ സ്ക്രീൻ ഷോട്ട് ആണ് പുറത്തുവന്നത്. യുവതിയോട് പ്രതി മുൻപും മോശമായി പെരുമാറിയെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വാട്സ് ആപ്പ് സന്ദേശങ്ങൾ. രാജിവെയ്ക്കും എന്നു പറഞ്ഞ യുവതിയോട് ഇനി ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്നായിരുന്നു പ്രതിയുടെ മറുപടി.
നേരത്തെ, തനിക്കെതിരായ ആരോപണങ്ങൾ എല്ലാം പൊലീസിന് മുന്നിൽ പ്രതി നിഷേധിച്ചിരുന്നു. പിടിയിലായ ദേവദാസൻ, റിമാൻഡിൽ ആണ്. അതിനിടെ ഒന്നും രണ്ടും പ്രതികളായ റിയാസും സുരേഷും താമരശ്ശേരി കോടതിയിൽ എത്തി കീഴടങ്ങി. പ്രതികൾക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.